കിളിമാനൂര്‍: യുട്യൂബ് വഴി കൊറിയന്‍ ഭാഷ പഠിച്ച ഓട്ടോ ഡ്രൈവറുടെ മകള്‍ ഉപരിപഠനത്തിനായി കൊറിയയിലേക്ക്. മടവൂര്‍ പടിഞ്ഞാറ്റേല അമ്പാടിയില്‍ അജിത് കുമാര്‍-സിനി ദമ്പതികളുടെ മകളായ ആര്യ എ.എസ്. ആണ് ഉപരി പഠനത്തിനായി ദക്ഷിണ കൊറിയയിലേക്ക് പോകുന്നത്. യൂട്യൂബ് വഴി കൊറിയന്‍ ഭാഷ പഠിച്ച് അഭിമുഖത്തില്‍ പങ്കെടുത്ത ശേഷമാണ് ഈ മിടുക്കി പ്രവേശനത്തിന് അര്‍ഹത നേടിയത്.
ദക്ഷിണ കൊറിയയിലെ പായ് ചായ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ജികെ (ഗ്ലോബല്‍ കൊറിയ) സ്കോളര്‍ഷിപ്പോടെയാണ് എംബിഎയ്ക്ക് ആര്യ അര്‍ഹത നേടിയത്. അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക്ക് ബിരുദങ്ങള്‍ക്കായി കൊറിയയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനുള്ള അവസരങ്ങള്‍ നല്‍കുന്നതിനാണ് ജികെ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കണിയാപുരം എംജിഎമ്മില്‍ നിന്നും ബികോം പാസായ ശേഷം അധ്യാപകനില്‍ നിന്നും ലഭിച്ച മാര്‍ഗനിര്‍ദേശത്തെ തുടര്‍ന്നാണ് അപേക്ഷ സമര്‍പ്പിച്ചതും പായ് ചായ് യൂണിവേഴ്സിറ്റിയില്‍ അര്‍ഹത നേടിയതും. കൊറിയന്‍ ഭാഷ വശമുള്ളവര്‍ക്ക് പ്രവേശനം ഉറപ്പാണെന്ന് മനസിലാക്കിയ ആര്യ യൂട്യൂബ് വഴി ഭാഷ പഠിക്കുകയും അഭിമുഖത്തില്‍ പങ്കെടുത്ത് വിജയിക്കുകയുമായിരുന്നു.
മൂന്നു വര്‍ഷത്തെ പഠനമാണ് കൊറിയയില്‍. ഒരു വര്‍ഷം ഭാഷാപഠനവും രണ്ട് വര്‍ഷം സിലബസും. 27 ന് ആര്യ കൊറിയയിലേക്ക് പറക്കും. മടവൂര്‍ സ്റ്റാന്റിലെ ബിഎംഎസ് ഓട്ടോ തൊഴിലാളിയാണ് അജിത്കുമാര്‍. എസി മെക്കാനിക്കില്‍ ഐടി കഴിഞ്ഞ അഭിന്‍ സഹോദരനാണ്. മടവൂര്‍ പഞ്ചായത്ത് മെമ്പര്‍ മോഹനദാസും പ്രവര്‍ത്തകരും ആര്യയുടെ വീട്ടിലെത്തി അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: