കൊല്‍ക്കത്ത: പിജി വിദ്യാര്‍ത്ഥിയായ വനിതാ ഡോക്ടര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആര്‍ജി കര് മെഡിക്കല്‍ കോളജില്‍ മയക്കുമരുന്ന് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ഡോക്ടറുടെ സഹപ്രവര്‍ത്തകരാണ് ഇതില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ച് പലതവണ മാനേജ്മെന്റിനെ അറിയിച്ചിരുന്നുവെന്നും ഇതാണ് സഹപ്രവര്‍ത്തകയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയമുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
അറസ്റ്റിലായ സഞ്ജയ് റോയ് റാക്കറ്റിലെ ചെറിയ കണ്ണിമാത്രമാണ്. അല്ലെങ്കില്‍ അയാള്‍ ബലിയാടായതാകാം. യഥാര്‍ത്ഥ പ്രതികളെ ഇനിയും പിടികൂടാനുണ്ട്. ഇത് ബലാത്സംഗ കൊലപാതകമായി എഴുതി തള്ളേണ്ട കേസല്ല. അവളെ ഇതിന് മുമ്പ് തന്നെ ടാര്‍ഗറ്റ് ചെയ്തിരുന്നു. ആ സമയം അവള് സെമിനാര്‍ ഹാളില്‍ തനിച്ചാണെന്ന് സഞ്ജയ് റോയ് എങ്ങനെ അറിഞ്ഞു. വലിയ ഗൂഢാലോചനയാണ് നടന്നത്, അവര്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ആയതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി യുവഡോക്ടര്‍ കാമ്പസില്‍ സജീവമായിരുന്നു. കാണാന്‍ പാടില്ലാത്ത പലതും ഇക്കാലയളവില്‍ കണ്ടതായി ഡോക്ടര്‍ സൂചിപ്പിച്ചിരുന്നതായും, അവര്‍ വ്യക്തമാക്കി. കടുത്ത സമ്മര്‍ദത്തിലാണെന്നും കഴിഞ്ഞ കുറച്ച് ആഴ്ചകളായി കഠിനമായ ജോലി ചെയ്യിപ്പിക്കുന്നതായും കൊല്ലപ്പെട്ട ഡോക്ടര്‍ തന്റെ ഡയറിയില്‍ കുറിച്ചിരുന്നു.
ഡയറി രക്ഷിതാക്കള്‍ അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. ഡയറി കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മെഡിക്കല്‍ കോളജിലെ ചില കാര്യങ്ങളില്‍ മകള്‍ക്ക് അതൃപ്തി ഉണ്ടായിരുന്നെന്നും അവിടേക്ക് പോകാന്‍ അവള്‍ക്ക് താല്പര്യം ഉണ്ടായിരുന്നില്ലെന്നും മാതാപിതാക്കള്‍ മാധ്യമങ്ങളോടും അന്വേഷണ സംഘത്തോടും നേരത്തേ പറഞ്ഞിരുന്നു.
ഡോക്ടറുടെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള സഞ്ജയ് റോയിയെ മനഃശാസ്ത്ര വിദഗ്ധര്‍ പരിശോധിച്ചു. കൊല്ക്കത്തിയെത്തിയാണ് സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുള്ള വിദഗ്ധര്‍ പ്രതിയെ നേരില്‍ കണ്ടത്. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: