തിരുവനന്തപുരം: മങ്കിപോക്‌സ് പകർച്ചവ്യാധി ലോകത്തെ 116 രാജ്യങ്ങളിൽ കേരളവും ജാഗ്രതയിൽ. ഒട്ടേറെ രാജ്യാന്തര യാത്രക്കാർ എത്തുന്നതു കണക്കിലെടുത്താണ് ജാഗ്രത പുലർത്തുന്നത്. യാത്ര ചെയ്യുന്നവരും അവരുമായി സമ്പർക്കത്തിലുള്ളവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചു.
ഇന്ത്യയിൽ ആദ്യമായി 2022 ജൂലൈ 14 ന് കേരളത്തിലും മങ്കി പോക്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. യുഎഇയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസ്സുകാരനാണ് രോഗലക്ഷണം കണ്ടെത്തിയത്. ചികിത്സയെ തുടർന്ന് ഇയാൾ രോഗമുക്തി നേടിയിരുന്നു. മുമ്പ് കെനിയയിൽ കണ്ടെത്തിയ മങ്കിപോക്‌സിന്റെ ക്ലേഡ്2ബി ലകഭേദം ഭീതി വിതച്ചിരുന്നു. അതിനേക്കാൾ തീവ്രവും വ്യാപനശേഷി ഏറിയതുമാണ് നിലവിൽ പടരുന്ന ക്ലേഡ് 1 വകഭേദം.
ലോകത്ത് ഇതിനോടകം ഒരു ലക്ഷത്തോളം പേർക്ക് രോഗം ബാധിച്ചതായാണ് റിപ്പോർട്ടുകൾ. കുരങ്ങു പോലുള്ള മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗമാണ് മങ്കി പോക്‌സ്. ആഫ്രിക്കയിലാണ് കൂടുതലായും രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. 1958 ലാണ് ഗവേഷകര്‍ കുരങ്ങുകളില്‍ മങ്കി പോക്സ് വൈറസ് സ്വാധീനം കണ്ടെത്തിയത്. 1970-ൽ മനുഷ്യനില്‍ ആദ്യമായി രോഗം കണ്ടത്തി. കോംഗോയിലെ 9 വയസുകാരനിലായിരുന്നു അന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്.
വസൂരിയുടെ അതേ കുടുംബത്തില്‍ പെട്ടതാണ് ഈ രോഗവും. എന്നാല്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമേ പ്രകടമാകൂ. മിക്ക രോഗികള്‍ക്കും പനി, ശരീര വേദന, വിറയല്‍, ക്ഷീണം എന്നിങ്ങനെയാകും ലക്ഷണങ്ങള്‍. മറ്റു ഗുരുതര രോഗമുള്ളവര്‍ക്ക് മുഖത്തും കൈകളിലും കുമിള പോലെ പൊങ്ങിവന്നേക്കാം. ഇത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാനിടയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: