ന്യൂഡല്‍ഹി: വിമാനത്താവളങ്ങളിലേതുപോലുള്ള കര്‍ക്കശ സുരക്ഷാ സംവിധാനങ്ങള്‍ ആശുപത്രികള്‍ക്കും വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ആശുപത്രി കവാടത്തില്‍ ദേഹപരിശോധന നടത്തിയശേഷമേ രോഗികളെ കടത്തിവിടാവൂ, ആശുപത്രികളുടെ എല്ലാ മേഖലയിലും സിസിടിവി നിരീക്ഷണം വേണം, ഡോക്്ടര്‍മാരുടെ എണ്ണവും ആശുപത്രിയുടെ വലുപ്പവും അനുസരിച്ച് മതിയായ സുരക്ഷാ ജീവനക്കാരെ നിയമിക്കണം എന്നിവയാണ് ഐഎംഎ മുന്നോട്ടുവച്ചിട്ടുള്ളതെന്ന് അറിയുന്നു. ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം തടയാന്‍ കേന്ദ്ര നിയമം വേണമെന്നും ഐഎംഎ ദേശീയ പ്രസിഡണ്ട് ഡോ. ആര്.വി. അശോകന് സെക്രട്ടറി ജനറല്‍ അനില്‍കുമാര്‍ നായിക് എന്നിവര്‍ പ്രധാനമന്ത്രിക്കുള്ള കത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനകം തന്നെ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ക്കായി സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സുരക്ഷ ഉറപ്പാക്കാന്‍ വിവിധ തലങ്ങളില്‍ നടപ്പാക്കാവുന്ന നിര്‍ദ്ദേശങ്ങള്‍ നല്കാന് സമിതിയോട് ആവശ്യപ്പെടും. സംസ്ഥാനങ്ങളില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരുടെ സംഘടനകളില്‍ നിന്നും സമിതി അഭിപ്രായം തേടുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: