ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജന്മഭൂമിയില് വന്ന വാര്‍ത്ത വളരെ ഉത്തേജകമായി എനിക്ക് അനുഭവപ്പെട്ടു. സംഘത്തിന്റെ പ്രചാരകനായും പിന്നീട് വിദ്യാര്‍ത്ഥി പരിഷത്തിന്റെ ദേശീയ അദ്ധ്യക്ഷനായും അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രയോക്താവായുമൊക്കെ പ്രവര്‍ത്തിച്ച ദത്താത്രയ ദേവീദാസ് ഡിഡോള്‍ക്കറുടെ ജന്മശതാബ്ദിയാഘോഷിച്ച നാഗ്പൂരിലെ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തി സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞ കാര്യങ്ങളായിരുന്നു ഉത്തേജിപ്പിച്ചത്. ദത്താജിയെപ്പറ്റി ഈ പംക്തികളില്‍ പലതവണ പരാമര്‍ശിച്ചത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. 1964 വരെ അദ്ദേഹം കേരളം കൂടി ഉള്‍പ്പെട്ടിരുന്ന മുന്‍ മദിരാശി പ്രാന്തത്തിന്റെ പ്രചാരകനായിരുന്നു. അതിനുശേഷം അദ്ദേഹം അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ചുമതലയേറ്റെടുത്തു.
ഞാന്‍ തിരുവനന്തപുരത്തു വിദ്യാര്‍ത്ഥിയായിരുന്ന 1951-55 കാലത്ത് അദ്ദേഹം രണ്ടുവര്‍ഷക്കാലം അവിടെ പ്രചാരകനായിരുന്നു. പക്ഷേ അതിനും വളരെ മുന്‍പുതന്നെ തൃശ്ശിവപേരൂരില്‍ ദത്താജി വിസ്താരകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1942 ല്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ക്വിറ്റിന്ത്യാ പ്രക്ഷോഭം കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചപ്പോള്‍ രാജ്യമെങ്ങും നിയന്ത്രണാതീതമായ അരാജകത്വം നടമാടുമെന്നും, അതു ഭാവിയില്‍ രാജ്യത്തിനു ദോഷം ചെയ്യുമെന്നും ശ്രീ ഗുരുജി ആശങ്കിച്ചു. ആ വര്‍ഷം പൂനെയിലെ സംഘശിക്ഷാവര്‍ഗില്‍ അദ്ദേഹം ചെയ്ത ആഹ്വാനത്തില്‍ വിദ്യാഭ്യാസം കഴിഞ്ഞുനില്ക്കുന്ന യുവാക്കള്‍ എന്തെങ്കിലും ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് രണ്ടുവര്‍ഷമെങ്കിലും സംഘപ്രവര്‍ത്തനത്തിനു ഉഴിഞ്ഞുവച്ച് രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് പ്രവര്‍ത്തിക്കാന്‍ പോകണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ആയിരക്കണക്കിനു സ്വയംസേവകര്‍ ആഹ്വാനം ചെവികൊണ്ട് രാജ്യത്തെ വിദൂരസ്ഥലങ്ങളില്‍ പോയി സംഘാടന പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. പിന്നീട് കേരള പ്രാന്തപ്രചാരകനായ ഭാസ്കര്‍ റാവുവും, മലബാര്‍ പ്രചാരകനായ ശങ്കര്‍ ശാസ്ത്രിയും മറ്റും അക്കൂട്ടത്തില്‍ പെടുന്നു.
ആ വര്‍ഷം ഇന്റര്‍മീഡിയറ്റ് പരീക്ഷയെഴുതിയ ശേഷം തുടര്പഠനത്തിനിടയ്ക്കു ലഭിക്കുന്ന രണ്ടുമാസത്തെ സമയം വിസ്താരകനായി പോകാന്‍ സന്നദ്ധതകാട്ടിയ യുവാവാവായിരുന്നു ദത്താത്രയ ദേവീദാസ് ഡിഡോള്‍ക്കര്‍. ശ്രീഗുരുജി അദ്ദേഹത്തെ അയച്ചത് തൃശ്ശിരപേരൂരിലേക്കായിരുന്നു. അവിടെ സീതാറാം മില്ലിലെ ഉയര്‍ന്ന ചുമതല വഹിച്ചിരുന്ന ദീക്ഷിത് എന്ന മുതിര്‍ന്ന സ്വയംസേവകന് ശ്രീഗുരുജി എഴുതിയ പരിചയ പത്രമായി ഡിഡോള്‍ക്കര്‍ തൃശ്ശിവപേരൂരിലെത്തി. അവധിക്കാലത്തു അവിടെ വിസ്താരകനായി പ്രവര്‍ത്തിച്ചു. ദീക്ഷിതിന്റെ പുത്രന് കേശവ ദീക്ഷിത് പിന്നീട് പ്രചാരകനായി കല്‍ക്കത്തയിലേക്ക് പോയി. അവിടെ പൂര്‍വമേഖലാ (ക്ഷേത്രീയ)പ്രചാരകനായി പ്രവര്‍ത്തിച്ചു. ബംഗാളിലെ സംഘപ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിച്ച് പ്രശസ്തനായ അദ്ദേഹം ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അന്തരിച്ചത്.
ദത്താജി തുടര്‍പഠനത്തിന് നാഗ്പൂരേക്കു മടങ്ങി. ബിരുദാനന്തര പഠനം പ്രശസ്തമായി പൂര്‍ത്തിയാക്കിയശേഷം പ്രചാരകനായി തുടര്‍ന്നു. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്തിരുന്നതിനാല്‍ ദക്ഷിണ ഭാരതത്തിലേക്ക് നിയോഗിക്കപ്പെട്ടു. 1947 ല്‍ അദ്ദേഹം ശങ്കര്‍ ശാസ്ത്രിയുടെ സഹായിയായി കോഴിക്കോട്ടേക്കാണ് വന്നത്. സ്വാതന്ത്ര്യ ലബ്ധിക്കാലത്തു കോഴിക്കോട്ട് ടി.എന്‍. ഭരതന്, മാര്‍ത്താണ്ഡവര്‍മ്മ, പി. മാധവന്, സി.എന്‍. സുബ്രഹ്മണ്യന് മാസ്റ്റര്‍, എം.കുമാരന് തുടങ്ങിയ ഊര്‍ജസ്വലരായ പ്രവര്‍ത്തകര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്നാണ് കഴിഞ്ഞത്. ദത്താജി മലയാളം പഠിക്കാന്‍ ആരംഭിച്ചതും അക്കാലത്തായിരുന്നു. കുപ്രസിദ്ധമായ രാമസിംഹന് കുടുംബത്തിന്റെ കൊലപാതകം അക്കാലത്തായിരുന്നു. അതിലെ അന്തര്നാടകങ്ങളെപ്പറ്റിയും അദ്ദേഹത്തിനു ശരിയായ വിവരം ഉണ്ടായിരുന്നു.
1948 ലെ സംഘനിരോധനത്തെ തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി മദിരാശി സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന് പ്രവര്‍ത്തിച്ചിരുന്ന പ്രചാരകന്മാരെയൊക്കെ ബലംപ്രയോഗിച്ചു സര്‍ക്കാര്‍ നടപടികളിലൂടെ തിരിച്ചയച്ചു. ദത്താജിക്കും ശങ്കര്ശാസ്ത്രിക്കും അങ്ങനെ തിരിച്ചുപോകേണ്ടിവന്നു. എന്നാല്‍ പ്രചാരകനായിരുന്ന ഭാസ്കര്‍ റാവു തന്റെ കുടുംബ മേല്‍വിലാസമായി നല്‍കിയത് പൂര്‍വീക ഭവനം നിലനിന്നിരുന്ന ദക്ഷിണ കര്‍ണാടകത്തിലെ ഗ്രാമത്തിന്റെതായിരുന്നതിനാല്, മദിരാശി സംസ്ഥാനത്തിനു പുറത്തുപോകേണ്ടിവന്നില്ല.
1953 ല്‍ ദത്താജി വീണ്ടും മദിരാശിയിലെത്തി ഇക്കുറി അദ്ദേഹം തിരുവനന്തുപുരത്തേക്കാണയയ്ക്കപ്പെട്ടത്. അവിടത്തെ സംഘപ്രവര്‍ത്തനം ഏറ്റവും ദുര്‍ബലമായ കാലമായിരുന്നു അത്. അവിടെ കാര്യാലയം പോലുമുണ്ടായിരുന്നില്ല. പുത്തന്‍ ചന്ത ശാഖാ മുഖ്യശിക്ഷകനും എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിയും ചേര്ത്തലക്കാരനുമായിരുന്ന ദിവാകര്‍ കമ്മത്ത് താമസിച്ച, നരസിംഹ വിലാസിലെ മുറിയില്‍ തന്നെ ദത്താജിയും കൂടി. അക്കാലത്ത് പട്ടം, കോട്ടയ്ക്കകം, പാച്ചല്ലൂര്‍, വെഞ്ഞാറമൂട് എന്നിവിടങ്ങളില്‍ ശാഖകളുണ്ടായിരുന്നു.
മന്നത്തു പത്മനാഭനെയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി മക്കപ്പുഴ വാസുദേവന്‍ പിള്ളയെയും ദത്താജി പരിചയപ്പെട്ടു. ഫിസിക്സില്‍ ഓണേഴ്സ് ബിരുദമുള്ള ദത്താജിയെ മഹാത്മാഗാന്ധി കോളജില്‍ അധ്യാപകനാകാന്‍ പിള്ള നിര്‍ബന്ധിച്ചു. നിര്‍ബന്ധത്തിനും പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ ദത്താജി അദ്ദേഹത്തിന്റെ കൂടുതല്‍ ആദരവു നേടി. മക്കപ്പുഴ അക്കാലത്തെ ദേവസ്വം ബോര്‍ഡംഗം കൂടിയായിരുന്നു. വലിയ ഉത്സവങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായി ഹിന്ദുമത കണ്വെന്ഷന് ഏര്‍പ്പാടു ചെയ്യുന്ന പതിവ് അക്കാലത്തു ദേവസ്വം ബോര്‍ഡിനുണ്ടായിരുന്നു. തെക്കന്‍ തിരുവിതാംകൂറിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് മണ്ടയ്ക്കാട് ദേവിയുടെത്. കന്യാകുമാരിക്കടുത്ത് കടപ്പുറത്ത് സ്ഥിതി ചെയ്യുന്ന അവിടുത്തെ അമ്മന്കൊടയില്, ആലപ്പുഴ മുതല്‍ തെക്കോട്ടുള്ള ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുക്കുമായിരുന്നു. ആ അവസരത്തില്‍ ക്ഷേത്ര പരിസരത്ത് ധാര്‍മികോദ്ബോധനം നടത്താന്‍ ഉത്തരഭാരതത്തില്നിന്നും പണ്ഡിതന്മാരെ ക്ഷണിക്കുന്ന പതിവുണ്ടായിരുന്നു. മക്കപ്പുഴയുടെ ആവശ്യപ്രാകരം ദത്താജി ദിനദയാല്‍ ഉപാധ്യായയെ അതിന് ഏര്‍പ്പാടു ചെയ്തു. ആയിടെ മാത്രം രൂപീകരിക്കപ്പെട്ട ഭാരതീയ ജനസംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു ദീനദയാല്‍ജി. അദ്ദേഹം പുത്തന്‍ചന്ത ശാഖയിലും സംസാരിച്ചു. മണ്ടയ്ക്കാട്ടേയ്ക്കു ദത്താജി തന്നെ അദ്ദേഹത്തെയും എസ്.എസ്. ആപ്തേയെയും കൊണ്ടുപോയി. നാഗര്‍കോവില്‍, കോട്ടാര്‍, കുഴിത്തുറ, പത്മനാഭപുരം ശാഖകളിലെ സ്വയംസേവകരും മണ്ടയ്ക്കാട്ട് വേണ്ടതായ ഏര്‍പ്പാടുകള്‍ ചെയ്തു. നാഗര്‍കോവില്‍, കോട്ടാര്‍, കുഴിത്തറ, പത്മനാഭപുരം ശാഖകളിലെ സ്വയംസേവകരും മണ്ടയ്ക്കാട്ട് വേണ്ടതായ ഏര്‍പ്പാടുകള്‍ക്കായി പോയിരുന്നു.
1954 ല്‍ തിരുകൊച്ചി നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ജനസംഘം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന നിര്‍ദ്ദേശം വന്നു. പാര്‍ട്ടിയുടെ പേര് ജനങ്ങള്‍ അറിയാന്‍ അതു സഹായിക്കുമെന്നായിരുന്നു ദീനദയാല്‍ജി പറഞ്ഞ ന്യായം. മുഖ്യമന്ത്രി എ.ജെ. ജോണ്‍ മത്സരിച്ച പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനായിരുന്നു ഒരു നിര്‍ദ്ദേശം. ജനസംഘത്തിന്റെയോ സംഘത്തിന്റെയോ ഒരാള്‍ പോലുമില്ലാത്ത പൂഞ്ഞാര്‍ പരിഗണിക്കാന്‍ തന്നെ ആരും തയാറായില്ല. ഒടുവില്‍ തിരുവനന്തപുരം മൂന്നാം മണ്ഡലം തെരഞ്ഞെടുക്കപ്പെട്ടു. അറയ്ക്കല്‍ നാരായണ പിള്ള എന്ന അഭിഭാഷകനെയാണ് സ്ഥാനാര്‍ത്ഥിയായി കണ്ടെത്തിയത്. തിരുവനന്തപുരത്തെ ബഡാ രാമചന്ദ്രന് എന്ന സ്വയംസേവകന്റെ അച്ഛന്, തിരക്കേറിയ അഭിഭാഷകനായിരുന്നു. ഞങ്ങളെല്ലാം പ്രചാരണത്തിനിറങ്ങി. കടലില്‍ കായം കലക്കുന്നതുപോലെയേ ആ പ്രചാരണത്തിനു ഫലമുണ്ടാക്കാന്‍ കഴിഞ്ഞുള്ളൂ. ആര്‍എസ്പിയുടെ കെ. ബാലകൃഷ്ണന് വിജയിച്ചു. തെരഞ്ഞെടുപ്പു സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ ദത്താജിക്കും വലിയ പിടിപാടുണ്ടായിരുന്നില്ല. പ്രവര്ത്തനത്തിനിറങ്ങിയവരുടെ മനോവീര്യം നിലനിര്ത്താനദ്ദേഹത്തിനു കഴിഞ്ഞു.
1954 ല്‍ ദത്താജി മദിരാശി പ്രാന്തപ്രചാരകനായി നിയോഗിക്കപ്പെട്ടു. സംഘത്തിന്റെ സംസ്ഥാനതല മുതിര്‍ന്ന പ്രചാരകന്മാരുടെ ബൈഠക് നാഗ്പൂരിനടുത്ത് സിന്ദിയെന്ന സ്ഥലത്ത് ചേര്‍ന്ന്, സംഘടനാപരമായ ഒട്ടേറെ തീരുമാനങ്ങളെടുത്തിരുന്നു. അഖിലഭാരതീയ ഗോരക്ഷാ മഹാഭിയാന്‍ സമിതിയുടെ പ്രവര്‍ത്തനത്തോട് സജീവമായി സഹകരിക്കുകയെന്നതായിരുന്നു അതിലൊന്ന്. അതിനായി രാജ്യവ്യാപകമായ ഒപ്പുശേഖരണം നടത്തപ്പെട്ടു. അത് രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിനു സമര്‍പ്പിക്കപ്പെട്ടു. ഈ ഒപ്പുശേഖരത്തിലും മറ്റും സജീവമായി സഹകരിച്ച പയ്യോളിയിലെ കണ്ണന് ഗുമസ്തനെ മുസ്ലിം ഗുണ്ടകള്‍ വീട്ടില്‍ കയറി കൊലപ്പെടുത്തിയതും അതിന് മൂസ്സ, പക്കു എന്നിവര്‍ വധശിക്ഷയ്ക്കു വിധേയരാക്കപ്പെട്ടതും മറക്കാനാവില്ല.
ദത്താജിയുടെ ഉത്സാഹത്തില്‍ തിരുവനന്തപുരത്തെ ശൈവപ്രകാശം ഹാളില്‍ ഗോരക്ഷാ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. ഭാരതത്തിലെ ഗോധനത്തെപ്പറ്റിയുള്ള സമഗ്രമായ സ്ഥിതിവിവരങ്ങള്‍, ചിത്രങ്ങളുടെയും പട്ടികകളുടെയും വിവരണങ്ങളോടെ അത്യന്തം കലാസുഭഗമായി അവിടെ അവതരിപ്പിക്കപ്പെട്ടിരുന്നു. ചിത്രകാരന്മാരും കോളജ് വിദ്യാര്‍ത്ഥികളുമായിരുന്ന വാസു, രവി എന്നിവരായിരുന്നു പ്രദര്‍ശന വസ്തുക്കള്‍ ഒരുക്കിയത്. അതിലെ രവി വരച്ച വേലുത്തമ്പി ദളവയുടെ ചിത്രമാണ് പിന്നീട് ഹജൂര്‍ കച്ചേരി വളപ്പില്‍ സ്ഥാപിതമായ ദളവായുടെ പ്രതിമയ്ക്കു മാതൃകയായത്. ഈ കലാകാരന്മാര്ക്കു പ്രചോദനവും പ്രോത്സാഹനവും നല്കാന് ദത്താജിക്ക് കഴിഞ്ഞു.
1954 ല്‍ ദത്താജിയുടെയും കേന്ദ്രം മധുരയായി. എന്നാലും കേരളം തമിഴ്നാട് പ്രാന്തത്തിന്റെ ഭാഗമായി തുടര്‍ന്നതിനാല്‍ അദ്ദേഹം വീണ്ടും കേരളത്തില്‍ വരാറുണ്ടായിരുന്നു. 1962 ല്‍ കേരളം പ്രത്യേക പ്രാന്തമായി ശ്രീഗുരുജി കോയമ്പത്തൂരിലെ മണി ഹൈസ്കൂളില്‍ നടത്തപ്പെട്ട സംഘശിബിരത്തില്‍ പ്രഖ്യാപിച്ചു. ശിബിരം അവസാനിക്കും മുന്‍പുതന്നെ ദത്താജി നാഗ്പൂരിലേക്കു മടങ്ങി.
അവിടെ അദ്ദേഹം, ഉന്നതവിദ്യാഭ്യാസത്തിന്റെ അനൗപചാരിക രംഗം തുറന്നു. കേരളത്തിലും തമിഴ്നാട്ടിലും പ്രവര്‍ത്തിച്ചുവന്ന പാരലല്‍ കോളജുകളുടെ രീതിയിലുള്ള സ്ഥാപനമായായിരുന്നു തുടക്കം. അതു വളരെ വേഗം പ്രചാരം നേടി. മറ്റു നഗരങ്ങളിലേക്കും അതു വ്യാപിച്ചു.
വിദ്യാര്‍ഥി പരിഷത്തിന്റെ അധ്യക്ഷ സ്ഥാനത്തേക്കു അദ്ദേഹം നിയുക്തനായി. 1968 ല്‍ തിരുവനന്തപുരത്തു ചേര്‍ന്ന പരിഷത്തിന്റെ ദേശീയ സമ്മേളനത്തില്‍ അദ്ദേഹം സ്ഥാനമേറ്റെടുത്തു. പരിഷത്തിനു കേരളത്തില്‍ ഏറ്റവും സ്വാധീനം നേടാന്‍ കഴിഞ്ഞതക്കാലത്തായിരുന്നു.
നാഗ്പൂരില്‍ സംസ്കാരഭാരതിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട സാഹിത്യകാര സമ്മേളനത്തിനു പോയ മഹാകവി അക്കിത്തമടക്കമുള്ള മലയാള പ്രതിനിധികള്‍ക്കു ദത്താജി ആതിഥേയനായതും, അദ്ദേഹത്തിന്റെ മലയാള ജ്ഞാനം അവരെ അത്ഭുതപ്പെടുത്തിയതും മുന്‍പ് എഴുതിയിരുന്നത് പലരും ഓര്‍ക്കുന്നുണ്ടാവും.
ആ അവിസ്മരണീയ വ്യക്തിയുടെ ജന്മശതാബ്ദിക്കു മലയാള സംഘമാധ്യമങ്ങള് കുറച്ചുകൂടി പ്രാധാന്യം നല്‍കേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: