ചെന്നൈ: 24 കോച്ചുള്ള വന്ദേ ഭാരതിന്റെ സ്ലീപ്പര്‍ കോച്ചുകള്‍ 2026 ആഗസ്തില്‍ പുറത്തിറങ്ങും. സ്ലീപ്പര്‍ വണ്ടികളുടെ നിര്‍മാണം ആരംഭിച്ചതായി ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) ജനറല്‍ മാനേജര്‍ സുബ്ബറാവു അറിയിച്ചു. 16 കോച്ചടങ്ങിയ 10 വന്ദേഭാരത് സ്ലീപ്പര്‍ വണ്ടികളുടെ നിര്‍മാണം നടക്കുകയാണ്. ഇതില്‍ ആദ്യ ട്രെയിന്‍ ഉടനെ പുറത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
ചെയര്‍കാര്‍ കോച്ചുകളടങ്ങിയ 75 വന്ദേഭാരത് ട്രെയിനുകളാണ് കഴിഞ്ഞ ജൂലൈ വരെ ഐസിഎഫില്‍ നിര്‍മിച്ചത്. 12 കോച്ചടങ്ങിയ വന്ദേമെട്രോ തീവണ്ടിയുടെ പരീക്ഷണയോട്ടം പൂര്‍ത്തിയാക്കി വെസ്റ്റേണ്‍ റെയില്‍വേക്ക് കൈമാറിക്കഴിഞ്ഞു.
ആധുനിക സൗകര്യങ്ങളോടുകൂടിയ 22 സ്ലീപ്പര്‍ കോച്ചടങ്ങിയ ആദ്യ അമൃത് ഭാരത് ട്രെയിന്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പുറത്തിറങ്ങിയിരുന്നു. യാത്രക്കാര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഇതില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ വിഭാഗത്തിലുമായി നടപ്പു സാമ്പത്തികവര്‍ഷം 3457 കോച്ച് നിര്‍മിക്കാനാണ് ലക്ഷ്യമെന്നും സുബ്ബറാവു കൂട്ടിച്ചേര്‍ത്തു.
ഐസിഎഫാണ് വന്ദേഭാരതിന് രൂപം നല്കി നിര്‍മിച്ചത്. നിരവധി രാജ്യങ്ങള്‍ വന്ദേഭാരത് ട്രെയിനിനായി ഇതിനോടകം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ വിലയടക്കമുള്ള സവിശേഷതകളാണ് വിദേശ രാജ്യങ്ങളെ ആകര്‍ഷിക്കാനുള്ള പ്രധാന കാരണം. തുടര്‍ന്ന് ട്രെയിനിന്റെ കയറ്റുമതി സാധ്യതകളും പരിശോധിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: