ന്യൂദല്‍ഹി: ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ നിര്‍ദേശിക്കാന്‍ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊല്‍ക്കത്ത ആര്‍ജി കര് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റസിഡന്റ് ഡോക്ടറുടെ ക്രൂരമായ കൊലപാതകത്തെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ വിവിധ സംഘടനാ പ്രതിനിധികള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സംഘത്തിനാണ് ആരോഗ്യ പരിപാലന വിദഗ്ധരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും നിര്‍ദ്ദേശിക്കാന്‍ ഒരു സമിതി രൂപീകരിക്കുമെന്ന് മന്ത്രാലയം ഉറപ്പ് നല്‍കിയത്.
സംസ്ഥാന സര്‍ക്കാരുകള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവരില്‍ നിന്നും സമിതി നിര്‍ദ്ദേശങ്ങള്‍ തേടുമെന്നും മന്ത്രാലയം അറിയിച്ചു. ഡെങ്കിപ്പനി, മലേറിയ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുതാല്പര്യം കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
ജോലിസ്ഥലത്തെ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയെക്കുറിച്ചുള്ള ഉത്കണ്ഠ അസോസിയേഷനുകള്‍ മന്ത്രാലയവുമായി പങ്കുവെച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി 26 സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ നിയമനിര്‍മാണം നടത്തിയതായി മന്ത്രാലയം നിരീക്ഷിച്ചു.
ഫോര്‍ഡ, ഐഎംഎ, ദല്‍ഹിയിലെ ഗവ. മെഡിക്കല്‍ കോളേജുകളിലെയും ആശുപത്രികളിലെയും റസിഡന്റ് ഡോക്ടര്‍മാരുടെ അസോസിയേഷനുകളുടെ പ്രതിനിധികള്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍ ഡ്യൂട്ടിക്കിടയില്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടായാല്‍ ആറ് മണിക്കൂറിനുളളില്‍ സ്ഥാപന മേധാവികള്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിര്‍ദേശിച്ചു.
ബംഗാളിലെ ആര്‍ജി കാര്‍ മെഡി. കോളജില്‍ വനിതാ ട്രെയിനി ഡോക്ടര്‍ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ മൃഗീയമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രഇടപെടല്‍. സംഭവത്തില്‍ പോലീസിനും ആശുപത്രി അധികൃതര്‍ക്കും വീഴ്ച സംഭവിച്ചതായി ആദ്യം മുതല്ക്കേ വിമര്‍ശനം ഉയര്‍ന്നിരുന്നു.
സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ സാധാരണയായിക്കഴിഞ്ഞുവെന്ന് നിരീക്ഷിച്ചാണ് നടപടിയെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഡ്യൂട്ടിക്കിടയില്‍ ഇത്തരം ശാരീരിക അക്രമങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങളും വര്‍ദ്ധിച്ചുവരികയാണ്. ആരോഗ്യപ്രവര്‍ത്തകരെ ഇല്ലാതാക്കുമെന്ന തരത്തില്‍ വാക്കുകള്‍ കൊണ്ടുളള ഭീഷണികളും പതിവാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: