മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരത്തില്‍ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഫുള്‍ഹാമിനെതിരെ വിജയം. മത്സരം അവസാനിക്കാന്‍ മൂന്ന് മിനിറ്റുള്ളപ്പോള്‍ ടീമിനായി അരങ്ങേറ്റം കുറിച്ച ഡച്ച് സ്ട്രൈക്കര്‍ ജോഷ്വ സിര്‍ക്സീ നേടിയ ഏകപക്ഷീയമായ ഒരു ഗോളിലാണ് യുണൈറ്റഡ് ഒരുവിധത്തില്‍ ജയിച്ചത്.
മത്സരത്തിന്റെ 87-ാം മിനിറ്റില്‍ വീണ ഈ ഗോളിന് മുമ്പ് വരെ നിരവധി അവസരങ്ങളാണ് യുണൈറ്റഡ് താരങ്ങള്‍ക്ക് ലഭിച്ചത്. പക്ഷെ ഒന്നുപോലും ഗോളാക്കിമാറ്റാന്‍ സാധിച്ചില്ല. മത്സരത്തിനൊടുവില്‍ ഇതിന്റെ നീരസം ടീം അംഗങ്ങളോട് കോച്ച് എറിക് ടെന്‍ഹാഗ് പ്രകടിപ്പിച്ചു. മത്സരം ഇന്‍ജുറി ടൈമിലേക്ക് കടക്കുമ്പോഴും ഗോളെന്ന് എല്ലാവരും ഉറപ്പിച്ചൊരു ചാന്‍സ് കൂടി പാഴാകുന്ന കാഴ്ച്ചയ്ക്ക് യുണൈറ്റഡിന്റെ തട്ടകം ഓള്‍ഡ് ട്രാഫഡ് സ്റ്റേഡിയം സാക്ഷിയായി. വമ്പന്‍ യുണൈറ്റഡിന്റെ വിജയം 1-0ല്‍ ചുരുങ്ങയതിന് പിന്നില്‍ ഫുള്‍ഹാം ഗോളി ബെണ്‍ഡ് ലെനോയ്ക്ക് കൂടി മാര്‍ക്കിടണം. ഗോള്‍ വലയ്ക്ക് മുന്നില്‍ ലെനോ തീര്‍ത്ത പ്രതിസന്ധിയും യുണൈറ്റഡിന് വിനയായി. ഇതിനെയും മറികടന്നായിരുന്നു വളരെ തന്ത്രപൂര്‍വ്വം സിര്‍ക്സീ ഗോള്‍ നേടിയത്.
മത്സരത്തിന് 61 മിനിറ്റെത്തിയപ്പോള്‍ സെന്റര്‍ സ്ട്രൈക്കര്‍ ജേസന്‍ മൗണ്ടിനെ പിന്‍വലിച്ചാണ് സിര്ക്സീയെ പകരക്കാരനായി കളത്തിലിറക്കിയത്. ഇതിന്റെ ഫലം 87-ാം മിനിറ്റില്‍ കാണുകയും ചെയ്തു. അതുവരെ അത്യുഗ്രന്‍ മുന്നേറ്റങ്ങളുമായി നിറഞ്ഞാടിയ യുണൈറ്റഡ് താരങ്ങള്‍ക്ക് എങ്ങിനെയായിരിക്കണം മികച്ച ഫിനിഷിങ് എന്ന് സിര്‍ക്സീ കാട്ടിക്കൊടുത്തു. തകര്‍പ്പന്‍ മുന്നേറ്റത്തിനൊടുവില്‍ ചടുലവേഗത്തില്‍ അനായാസമായാണ് സിര്‍ക്സീ പന്ത് ഗോളിലേക്ക് തിരിച്ചുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: