ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള – ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍പെട്ട അര്‍ജുനെ കാണാതായിട്ട് ഒരു മാസം. ജൂലൈ 16നായിരുന്നു പാതയില്‍ മണ്ണിടിച്ചിലുണ്ടായത്. ആദ്യ ദിവസങ്ങളില്‍ ഏഴ് പേര് മാത്രമാണ് അപകടത്തില്‍ പെട്ടതെന്ന വിവരമാണ് പുറത്തുവന്നത്. ഇവരില്‍ അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ മണ്ണിടിച്ചില്‍ നടന്ന നാലാം ദിവസമാണ് കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതായ വിവരം പുറംലോകമറിയുന്നത്. ഈ സമയവും അര്ജുന് മണ്ണിടിച്ചിലില്‍ പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിനു ആശങ്കയുണ്ടായിരുന്നു.
അഞ്ചാം നാളത്തെ തെരച്ചിലില്‍ തിരിച്ചറിയാത്ത രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവര്‍ ഏഴായി. കാലാവസ്ഥയെ പഴിച്ച് ജില്ലാ ഭരണകൂടം തെരച്ചിലില്‍ കാര്യമായ ഗൗരവം കൊടുക്കാതിരുന്നതോടെ അര്‍ജുന്റെ കുടുംബം കര്‍ണാടക സര്‍ക്കാരിനെതിരെയും ജില്ലാ ഭരണകൂടത്തിനെതിരെയും രംഗത്തെത്തി. ജിപിഎസ് വഴി പരിശോധിച്ചപ്പോള്‍ അര്ജുന് സംഭവസ്ഥലത്ത് ഉണ്ടായതായി വ്യക്തമായിരുന്നു. എന്നാല്‍ കുടുംബം ഇക്കാര്യം പറഞ്ഞിട്ടും ജില്ലാ ഭരണകൂടം കാര്യമായ നടപടി സ്വീകരിച്ചില്ല.
ഫോണ്‍ ഇടയ്ക്കിടെ റിങ് ചെയ്യുന്നത് കുടുംബത്തിന് പ്രതീക്ഷയായി. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് ഭാര്യ കൃഷ്ണപ്രിയ, സഹോദരി അഞ്ജു എന്നിവര്‍ ആവശ്യപ്പെട്ടു.
കര്‍ണാടക സര്‍ക്കാര്‍ കേരളത്തോട് വിദ്വേഷപൂര്‍ണമായ നിലപാട് സ്വീകരിച്ചത് ഇതില്‍ നിന്നും വ്യക്തമായിരുന്നു. മണ്ണിനടിയില്‍പ്പെട്ടുപോയ വാഹനത്തെയും അതില്‍പ്പെട്ടുപോയവരെയും സംരക്ഷിക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് ആവര്‍ത്തിച്ചിട്ടും അവര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് വന്‍ വീഴ്ചയാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.
കുടുംബം നോക്കണം, മകനെ മൂകാംബികയില്‍ എഴുത്തിനിരുത്തണം എന്നിങ്ങനെ ഒരുപാട് സ്വപ്നങ്ങളുമായാണ് അര്ജുന് അവസാനമായി വീട്ടില്‍ നിന്നും ഇറങ്ങിയത്. കുടുംബം പോറ്റാന്‍ 20-ാമത്തെ വയസില്‍ വളയം പിടിച്ച് വീടിന്റെ നെടുംതൂണായ മകനില്ലാതെ ഇത്രയും ദിവസം തള്ളി നീക്കിയത് എങ്ങനെയെന്ന് പോലും ഈ കുടുംബത്തിന് പറയാന്‍ വയ്യ. കേരളത്തിലെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതോടെയാണ് അര്ജുന് വേണ്ടിയുള്ള ഇഴഞ്ഞു നീങ്ങിയ തെരിച്ചില്‍ വേഗത്തിലായത്.
വിഷയം ആളിക്കത്തിയതോടെ സിദ്ധരാമയ്യ സര്‍ക്കാര്‍ ഇടപെട്ടു. അര്ജുന് വേണ്ടി തെരച്ചില്‍ നടത്താന്‍ നേവി, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ, പോ
ലീസ് എന്നിവര്‍ സംയുക്തമായി രംഗത്ത് വന്നു. എന്നാല്‍ ഇത്തവണ വെല്ലുവിളിയായത് ഗംഗാവലി നദിയിലെ അടിയൊഴുക്ക് ആയിരുന്നു. രക്ഷാദൗത്യത്തിനിടെ കയര്‍ പൊട്ടി ഈശ്വര്‍ മാല്‍പെ നദിയില്‍ വീണ സാഹചര്യവും ഉണ്ടായി. പിന്നീട് പ്രദേശത്ത് പെയ്ത കനത്ത മഴയും തെരച്ചിലിന് വെല്ലുവിളിയായി. ഒടുവില്‍ പതിനാലാം ദിവസം തെരച്ചില്‍ നിര്‍ത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രതികൂല കാലാവസ്ഥയായിരുന്നു കാരണം. മഴ കുറഞ്ഞതോടെ കഴിഞ്ഞ ദിവസം വീണ്ടും രക്ഷാദൗത്യം ആരംഭിച്ചു. ഇപ്പോള്‍ ദൗത്യം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നാണ് അര്‍ജുന്റെ കുടുംബത്തിന്റെയും പ്രതികരണം. അര്ജുന് പുറമെ ഉത്തര കന്നട സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരെയും കണ്ടെത്താനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: