Kerala

ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കോച്ചിനെതിരെ കുറ്റപത്രം

മനു ജൂനിയര്‍ തലത്തിലുള്ള പെണ്‍കുട്ടികള്‍ക്കാണ് പരിശീലനം നല്‍കിയിരുന്നത്

Published by

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനം നടത്താനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകന്‍ എം മനുവിനെതിരെ പൊലീസ് കുറ്റപത്രം നല്‍കി. നാല് കേസുകളിലാണ് കുറ്റപത്രം നല്‍കിയത്.

പോക്‌സോ കേസിലെ ഇരയെ പ്രായപൂര്‍ത്തിയായ ശേഷം കഴിഞ്ഞ ഏപ്രിലിലും പീഡിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി. ഈ കേസ് തെങ്കാശി പൊലീസിന് കൈമാറി.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ തിരുവനന്തപുരത്തുളള അക്കാദമിയില്‍ പരിശീലകനായിരുന്ന എം മനു ജൂനിയര്‍ തലത്തിലുള്ള പെണ്‍കുട്ടികള്‍ക്കാണ് പരിശീലനം നല്‍കിയിരുന്നത്. 2018 മുതല്‍ 2021 വരെ കാലയളവില്‍ അക്കാദമിയില്‍ പരിശീലനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന വിവരം അടുത്തിടെയാണ് പുറത്തുവന്നത്.

രണ്ട് വര്‍ഷം മുമ്പ് ഇയാളുടെ പീഡനത്തിനിരയായ ഒരു പെണ്‍കുട്ടി നാല് മാസം മുമ്പ് ഒരു മത്സരത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ വീണ്ടും മനുവിനെ കണ്ടു.ഇതോടെ ഭയന്ന പെണ്‍കുട്ടി പൊലീസിനെ അറിയിച്ചതോടെയാണ് പീഡന വിവരങ്ങള്‍ വെളിച്ചത്തായത്.

പിന്നാലെ അഞ്ച് പെണ്‍കുട്ടികള്‍ കൂടി പൊലീസിനെ പീഡനവിവരങ്ങള്‍ അറിയിച്ചു.ക്രിക്കറ്റ് അക്കാദമിയിലെ വിശ്രമ മുറിയിലും ശൗചാലയത്തിലും വച്ചായിരുന്നു ആദ്യം പീഡിപ്പിച്ചത്. പിന്നീട് പെണ്‍കുട്ടികളെ തെങ്കാശിയില്‍ ടൂര്‍ണമെന്റുകളില്‍ മത്സരിപ്പിക്കാന്‍ കൊണ്ടുപോയി അവിടെവെച്ചും പീഡിപ്പിച്ചു. അേേസാസിയേഷന്‍ അറിയാതെയാണ് പെണ്‍കുട്ടികളെ കൊണ്ടുപോയത്.

ആറ് പോക്‌സോ കേസുകളില്‍ നാലെണ്ണത്തിലാണ് ഇപ്പോള്‍ കണ്‍ന്റോണ്‍മെന്റ് പൊലീസ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക