കൊല്‍ക്കത്ത: ആര്‍ ജി കാര്‍ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ ആശുപത്രിയിലെ ഏതാനും സഹപാഠികളെയും ഡോക്ടര്‍മാരെയും സംശയമുണ്ടെന്ന് മാതാപിതാക്കള്‍ സിബിഐയ്‌ക്ക് മൊഴി നല്‍കിയതായി അറിയുന്നു. ഇതേത്തുടര്‍ന്ന് കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് ഒപ്പം തലേന്ന് രാത്രി ഭക്ഷണം കഴിച്ച് രണ്ട് സഹപാഠികളെ ചോദ്യം ചെയ്തു. മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയത് ഒരാള്‍ തനിച്ചല്ലെന്ന നിലപാടിലാണ് ഡോക്ടറുടെ സുഹൃത്തുക്കള്‍ . മൂന്നു പേരെങ്കിലും കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടാകാമെന്നാണ് അവരുടെ നിഗമനം. അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം മെഡിക്കല്‍ കോളേജിലെ സെമിനാര്‍ ഹാളിലും മറ്റും വിശദമായ പരിശോധന നടത്തി.
അതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ ചിലര്‍ രാത്രി ആശുപത്രിക്കു നേരെ ആക്രമണം നടത്തി. ആക്രമണം നടത്തിയവരില്‍ ഡിവൈഎഫ്‌ഐയുടെ പതാക കണ്ടതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. അതേസമയം ആക്രമണത്തിന് പിടിയിലായവര്‍ തങ്ങള്‍ സ്വന്തം നിലയ്‌ക്കാണ് പ്രകടനം നടത്തിയതെന്നും രാഷ്‌ട്രീയ ബന്ധമില്ലെന്നും മൊഴി നല്‍കിയതായി പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: