ന്യൂദൽഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി കേന്ദ്ര നേതൃത്വം വെള്ളിയാഴ്ച ദൽഹിയിൽ ഉന്നതതല യോഗം ചേർന്നു. ഉത്തരേന്ത്യൻ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ തന്ത്രങ്ങളാണ് യോഗം ചർച്ച ചെയ്തത്.
ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഹരിയാനയിൽ ബിജെപി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുന്നത് സംബന്ധിച്ച് മുതിർന്ന പാർട്ടി നേതാക്കളുമായി പ്രധാനമന്ത്രി മോദി വിശദമായ ചർച്ചകളിൽ ഏർപ്പെട്ടു.
കഴിഞ്ഞയാഴ്ച, ഹരിയാനയിൽ പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിച്ചുകൊണ്ട് പാർട്ടി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ സൂചന നൽകിയിരുന്നു. കഴിഞ്ഞ രണ്ട് തവണയായി ഹരിയാനയിൽ ബിജെപിയാണ് അധികാരത്തിലുള്ളത്. ഏതാനും ആഴ്ചകളായി ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനെ കേന്ദ്രീകരിച്ച് ബിജെപിയുടെ കേന്ദ്രനേതൃത്വം തുടർച്ചയായി യോഗങ്ങൾ നടത്തുന്നുണ്ട്.
കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ നേരത്തെ ഹരിയാനയുടെ തിരഞ്ഞെടുപ്പ് ചുമതലക്കാരനായി നിയമിക്കപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയെയും തിരഞ്ഞെടുപ്പ് മാനേജ്മെൻ്റ് കമ്മിറ്റിയെയും പ്രഖ്യാപിച്ചിരുന്നു. ഒറ്റഘട്ടമായി 90 സീറ്റുകളിലേക്ക് മത്സരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ വെള്ളിയാഴ്ച ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു.
ഒക്ടോബർ ഒന്നിന് 90 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും, ഫലം ഒക്ടോബർ നാലിന് പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: