മലയാളിക്ക് ചിങ്ങമാസം പൊന്നിന് ചിങ്ങമാണ്. കര്‍ക്കിടകത്തിലെ മൂടിക്കെട്ടിയ ആകാശവും തോരാമഴയും മാറി മാനം തെളിഞ്ഞ്, കൊയ്ത്തും വിളവെടുപ്പും നടത്തി, കതിര്‍കറ്റകള്‍ ദേശദേവതകള്ക്ക് സമര്‍പ്പിച്ച് ഓണത്തെ വരവേല്‍ക്കാന്‍ നാട്ടാരും പൂത്തുലഞ്ഞ് പൂച്ചെടികളും തേനുണ്ണാന്‍ പാറിപ്പറക്കുന്ന പൂമ്പാറ്റകളും എന്നുവേണ്ട എങ്ങും ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷയാണ് പൊന്നിന് ചിങ്ങത്തിലുള്ളത്. ഹൈന്ദവാഘോഷങ്ങളില്‍ ഏറെ പ്രധാനപ്പെട്ട മൂന്ന് ദിനങ്ങള്‍ വാമനജയന്തി(തിരുവോണം), ശ്രീകൃഷ്ണജയന്തി(അഷ്ടമിരോഹിണി), ഗണേശോത്സവം (വിനായക ചതുര്‍ത്ഥി) ഇവയും ചിങ്ങത്തിലാണ്.
ഈ പുലരിയോടെ 13-ാം നൂറ്റാണ്ടിന്റെ തുടക്കമാവുകയാണ്. ഇംഗ്ലീഷ് ഭരണത്തോടെ ആണ്ടുമാസതീയതികളെല്ലാം ഇംഗ്ലീഷുകാരെ പിന്തുടര്ന്നായി. മലയാളമാസത്തിന്റെ പ്രസക്തി മങ്ങിയെങ്കിലും ആണ്ടുപിറവിയും ഒന്നാം തീയതിയും പിറന്നാളും നോക്കാന്‍ മലയാളമാസവും തിഥികളും വേണം. ക്ഷേത്രവിശേഷ ദിവസങ്ങള്‍ക്കൊക്കെയും ആശ്രയം ഇന്നും മലയാള കണക്കുതന്നെ.
കൊല്ലവര്‍ഷം പുതിയ നൂറ്റാണ്ടിലേക്ക് കടക്കുമ്പോള്‍ ഈ നാടിന്റെ ഒരു നീണ്ട ചരിത്രം അതിലടങ്ങിയിട്ടുണ്ട്. ശ്രീകൃഷ്ണന്റെ സ്വര്‍ഗ്ഗാരോഹണത്തോടെ പുതിയ (കലി)യുഗം പിറന്നു. യേശുക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ടതാണ് ക്രിസ്തുവര്‍ഷം. എന്നാല്‍ മലയാളവര്‍ഷാരംഭം കുറിക്കുന്ന ചരിത്ര രേഖകളൊന്നും തന്നെ ലഭ്യമല്ല. പല ചരിത്രകാരന്മാരും പല നിഗമനങ്ങളിലെത്തി നില്‍ക്കുന്നത്.
കൊല്ലവര്ഷാരംഭത്തെക്കുറിച്ച് ദക്ഷിണ കേരളത്തില്‍ ഏറെ പ്രചരിച്ചിട്ടുള്ളത് ശങ്കുണ്ണി മേനോന്റെ തിരുവിതാംകൂര്‍ ചരിത്രമാണ്. തിരുവിതാംകോട് ഭരിച്ചിരുന്ന ഉദയ മാര്‍ത്താണ്ഡ വര്‍മ്മ കലിവര്‍ഷം 3926-ല്‍ പണ്ഡിത സഭ വിളിച്ചുകൂട്ടി എ.ഡി. 825 ആഗസ്റ്റ് 15ന് ചിങ്ങം ഒന്നുമുതല്‍ ഒരു പുതിയ അബ്ദം ആരംഭിച്ചുവെന്നാണ്. അതിന് തെളിവായി കാട്ടുന്നത് കൊല്ലവര്‍ഷം ഒന്നാം നൂറ്റാണ്ട് ചിങ്ങം 5ന് തിരുവിതാംകോട് രാജവംശത്തിലെ അംഗങ്ങളും ബന്ധപ്പെട്ടവരും ഒത്തുകൂടി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിത്യപൂജയ്ക്കും ഉത്സവങ്ങള്‍ക്കും വ്യവസ്ഥകളുണ്ടാക്കിയതായാണ്. എന്നാല്‍ ഈ കാലയളവില്‍ ഈ പ്രദേശം ചേരരാജാക്കന്മാരുടെയും അവരുടെ കീഴിലുണ്ടായിരുന്ന നാടുവാഴികളുടെയും അധീനതയിലായിരുന്നുവെന്ന് മറ്റു ചില രേഖകളിലൂടെ സമര്‍ത്ഥിക്കപ്പെടുന്നു.
രാമദേവന് എന്ന ചേര ചക്രവര്‍ത്തിയാണ് കൊല്ലവര്‍ഷം സമാരംഭിച്ചതെന്നാണ് കേരള സാഹിത്യചിത്രത്തില് ഉള്ളൂര്‍ അവകാശപ്പെടുന്നത്. മഹോദയപുരം (ഇന്നത്തെ കൊടുങ്ങല്ലൂര്‍) ആയിരുന്നു തലസ്ഥാനം. എ.ഡി. ഒമ്പതുമുതല്‍ 12 വരെയുള്ള നൂറ്റാണ്ടുകളില്‍ ഭരിച്ചിരുന്ന ചേര രാജാക്കന്മാരുടെ രാജ്യവിസ്തൃതി തെക്ക് കൊല്ലം മുതല്‍ വടക്ക് കോഴിക്കോട് വരെ വിസ്തൃതമായിരുന്നത്രേ.
കൊല്ലവര്‍ഷവുമായി ബന്ധപ്പെട്ട രണ്ട് ശാസനകള്‍ കണ്ടെത്തിയിട്ടുള്ളതില്‍ ‘കൊല്ലം തൊന്റി’ എന്ന പദപ്രയോഗവുമുണ്ട്. കൊല്ലവര്‍ഷം 149ല്‍ കൊല്ലത്തുനിന്ന് പുറപ്പെടുവിച്ച മാമ്പള്ളി ശാസനത്തില്‍ ‘കൊല്ലം തൊന്റി’ എന്നുള്ളത് കൊല്ലം പട്ടണത്തെ സൂചിപ്പിക്കുന്നതാണെന്ന വാദത്തിലും ചരിത്രകാരന്മാര്ക്ക് വിയോജിപ്പുണ്ട്.
വടക്കന്‍ കേരളത്തില്‍ ബ്രാഹ്മണരുടെ ഇടയില്‍ ‘പരശുരാമാബ്ദ’മെന്ന കാലഗണന നിലനിന്നിരുന്നു. അതിന്‍പ്രകാരം ഓരോ ആയിരം വര്‍ഷം കൂടുമ്പോഴും പുതിയ അബ്ദം ആരംഭിക്കും .എന്നാല്‍ മൂന്നാം പരശുരാമാബ്ദത്തിന്റെ അവസാനത്തില്‍ എ.ഡി 824ല്‍ സഹസ്രാബ്ദത്തിലവസാനിക്കാതെ തുടരുന്ന രീതിയില്‍ കോലത്തുനാട്ടിലെ പ്രസിദ്ധമായ തുറമുഖമായിരുന്ന പന്തലായിനി കൊല്ലത്തുവച്ച് കേലത്തിരികളുടെ ഭരണത്തില്‍ കോലാബ്ദം ആരംഭിച്ചെന്നും പിന്നീടത് ഭാഷാവ്യതിയാനത്തിലൂടെ കൊല്ലവര്‍ഷമായെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.
ചരിത്രകാരന്മാരുടെ നിഗമനങ്ങളെന്തായാലും കൊല്ലം നഗരവുമായും അവിടെ നടത്തിയ ശിവക്ഷേത്ര പ്രതിഷ്ഠയുമായും കൊല്ലവര്‍ഷം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന വാദവുമുണ്ട്. പഴയ കൊല്ലം നഗരത്തിന്റെ ചരിത്രപ്രാധാന്യം ഒട്ടും കുറച്ചു കാണാന്‍ വയ്യ. കൊല്ലത്തിന്റെ മനോഹാരിത കണ്ടിട്ട് ‘കൊല്ലം കണ്ടാലില്ലംവേണ്ട’ എന്ന ചൊല്ലും
‘കൊല്ലം കണ്ടാലൊരുവനിവിടെത്തന്നെ
പാര്‍ക്കാന്‍ കൊതിച്ചിട്ടില്ലം വേണ്ടെന്നുവയ്ക്കു’മെന്ന്
മയൂരസന്ദേശത്തിലും പറയുന്നത് തന്നെ തെളിവ്.
(ക്ഷേത്രശക്തി മുന്‍ എഡിറ്ററാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: