തിരുവനന്തപുരം: 2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ‘ആടുജീവിത’ത്തിന് പുരസ്കാരം നല്‍കിയത് വിവാദത്തില്‍. 2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളാണ് ഇന്നലെ പ്രഖ്യാപിച്ചത്. എന്നാല്‍ 2024 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച ജനപ്രീതിയുള്ള ചിത്രത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചതാണ് വിവാദമായത്.
2023 ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ് അടക്കമാണ് ആടുജീവിതത്തിന് പുരസ്കാരങ്ങള്‍ കിട്ടിയത്. ജനപ്രീതി നേടിയ ചിത്രത്തിന് പുരസ്കാരം നല്‍കുന്നത് ആ വര്‍ഷം ജനങ്ങള്‍ കണ്ട് ഏറ്റവും കൂടുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം എന്ന നിലയ്ക്കാണ്. എന്നാല്‍ 2024 മാര്‍ച്ച് 28നാണ് ആടുജീവിതം റിലീസ് ചെയ്തത്. 2023 വര്‍ഷം അവസാനമാണ് സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. 2024 ല്‍ റിലീസായ ചിത്രത്തിന് 2023 ലെ ജനപ്രിയ ചിത്രത്തിനു പുരസ്കാരം നല്‍കിയതാണ് വിവാദമായത്.
തിയറ്ററുകളില്‍ ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പേ വിവാദത്തിലായിരുന്നു. സിനിമയില്‍ ഇസ്ലാമോഫോബിയ പരത്തുന്നുവെന്നതടക്കം പ്രചരണമുണ്ടായി. ഒരു വിഭാഗം യുക്തിവാദ ഗ്രൂപ്പകളില്‍ പോലും ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഉണ്ടായി. അഭിനയ കാലയളവില്‍ ജോര്‍ദാനിലെത്തിയ അണിയറ പ്രവര്‍ത്തകര്‍ കൊവിഡിനെ തുടര്‍ന്ന് അവിടെ പെട്ടുപോയ സാഹചര്യവുമുണ്ടായിരുന്നു. സിനിമയിലെ നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് സ്വീകരിക്കേണ്ടി വന്ന ശാരീരിക പരിവര്‍ത്തനവും ചര്‍ച്ചയായിരുന്നു.
അതേസമയം ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ ലഭിച്ചതും ആടു ജീവിതത്തിനാണ്. മികച്ച നടന്, മികച്ച സംവിധായകന്, മികച്ച ജനപ്രിയ ചിത്രം, മികച്ച അവലംബിത തിരക്കഥ, മികച്ച ഛായാഗ്രാഹകന്‍, മികച്ച മേക്കപ്പ്മാന്, ശബ്ദമിശ്രണം, പ്രത്യേക പരാമര്‍ശം തുടങ്ങിയ അവാര്‍ഡുകളാണ് ആടുജീവിതത്തിന് ലഭിച്ചത്. ആടുജീവിതത്തിന്റെ ഭാഗമായ ഒമ്പത് പേര്‍ക്ക് അവാര്‍ഡുകള്‍ ലഭിച്ചു. സംവിധായകന് ബ്ലെസ്സിക്കും നടന് പൃഥ്വിരാജിനും ഛായാഗ്രാഹകന്‍ സുനിലിനും പുരസ്കാരം ലഭിച്ചു. കൂടാതെ ചിത്രത്തിന്റെ മേക്കപ്പ്മാന് പുരസ്കാരത്തിന് രഞ്ജിത്ത് അമ്പാടിയും അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരത്തിന് ഗോകുലും ശബ്ദമിശ്രണത്തിന് റസൂല്‍ പൂക്കുട്ടിയും ശരത് മോഹനും അര്‍ഹനായി. ബെന്യാമിന് എഴുതിയ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസ്സിയാണ് ചിത്രം തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: