കോട്ടയം: ഡോക്ടര്‍മാരുടെ കുറുപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പ് വഴി മരുന്നു വില്പനയില്‍ ആയിരത്തിലധികം കോടിയുടെ കുറവ് ഉണ്ടായതായി ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മൂലം രോഗാണു പ്രതിരോധം കൂടുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് അടിയന്തിരമല്ലാത്ത ഉപയോഗം നിയന്ത്രിക്കാന്‍ ഒരു വര്‍ഷം മുമ്പ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. രോഗം ബാധിച്ചാല്‍ സ്വന്തം നിലയ്‌ക്ക് ആന്റിബയോട്ടിക് വാങ്ങി കഴിക്കുന്ന ശീലം മലയാളികള്‍ക്ക് ഉണ്ടെന്ന് കണ്ടതോടെയാണ് ഇക്കാര്യത്തില്‍ കര്‍ക്കശ നിര്‍ദേശം പുറപ്പെടുവിച്ചത്. കേരളത്തില്‍ പ്രതിവര്‍ഷം വിറ്റഴിക്കുന്ന മരുന്നുകളില്‍ മൂന്നിലൊന്ന് ആന്റിബയോട്ടിക്കുകളാണ്. ആന്റിബയോട്ടിക്കുകളുടെ അധിക ഉപയോഗംമൂലം രോഗാണുക്കള്‍ അധിക പ്രതിരോധശേഷി കൈവരിക്കുകയും രോഗം മൂര്‍ച്ഛിക്കുന്ന നിലയിലെത്തുകയും ചെയ്യാമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.സംഭവത്തിന്റെ ഗൗരവാവസ്ഥ ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്ന് അത്യാവശ്യമില്ലാത്ത ഘട്ടങ്ങളില്‍ ആന്റിബയോട്ടിക്കുകള്‍ കുറിക്കുന്നത് ഡോക്ടര്‍മാരും ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇത്തരമൊരു ഇടിവ് ആന്റിബയോട്ടിക് വില്പനയില്‍ ഉണ്ടായത്.ഡോക്ടറുടെ കുറിപ്പടിയില്ലാതെ എത്തുന്നവര്‍ക്ക് ആന്റിബയോട്ടിക്ക് വില്‍ക്കുന്ന ഫാര്‍മസികളുടെ വിവരം പൊതുജനങ്ങള്‍ക്ക് ആരോഗ്യവകുപ്പിനെ അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പറും (18004253182 )ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: