കൊച്ചി: രാജ്യത്തെ എസ്യുവി മേഖലയെ മാറ്റിമറിക്കാന്‍ ഒരുങ്ങിക്കൊണ്ട് മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഥാര്‍ റോക്സ് അവതരിപ്പിച്ചു. 12.99 ലക്ഷം രൂപ മുതലാണ് വില. മികച്ച ഡ്രൈവിങ് അനുഭവവും ശക്തവും സുരക്ഷിതവുമായ പ്രകടനവും നല്‍കുന്ന റോക്സ് ആഡംബരപൂര്‍ണമായ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.
മഹീന്ദ്രയുടെ പുത്തന്‍ പുതിയ എം ഗ്ലൈഡ് പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ഥാര്‍ റോക്സ് സുഗമമായ റൈഡും ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സവിശേഷതകളുമാണ് ലഭ്യമാക്കുന്നത്. താര്‍ മരുഭൂമിയിലെ 50 ഡിഗ്രിയിലേറെ ചൂടും ലേയിലെ ഉയര്‍ന്ന ഭൂപ്രകൃതിയും കൂര്‍ഗിലെ ചെളി നിറഞ്ഞ പ്രതലവും കാസയിലെ -20 ഡിഗ്രി തണുപ്പും അടക്കമുള്ള വിഭിന്നങ്ങളായ ഭൂപ്രകൃതികളിലെ കഠിനമായ പരീക്ഷണങ്ങള്‍ മറികടന്നാണ് റോക്സ് എത്തുന്നത്. ഹൃദയത്തില്‍ ഇന്ത്യക്കാരായിരിക്കുകയും ആഗോള മനോഭാവത്തോടെ തുടരുകയും ചെയ്യുന്നവര്‍ക്ക് വിശ്വസനീയമായ തെരഞ്ഞെടുപ്പായി മാറും വിധമാണ് ഇവയെല്ലാം വര്‍ത്തിക്കുക.
തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്ന ഡിസൈനും പരിഷ്ക്കരിച്ച ഡ്രൈവും ശക്തമായ പ്രകടനവും അതീവ മേന്‍മയുള്ള ഓഫ് റോഡ് ശേഷിയും അതീവ സുരക്ഷയും ആഡംബരവും ആധുനിക സാങ്കേതികവിദ്യയുമെല്ലാമായി ദി എസ്യുവി എന്ന ഥാര്‍ റോക്സ് സ്വാതന്ത്ര്യത്തെ പ്രതിഫലിപ്പിക്കുകയും സമൂഹത്തിന് ശക്തമായ അനുഭൂതി നല്‍കുകയും ചെയ്യുകായാണെന്ന് മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷന്‍ പ്രസിഡന്‍റ് വീജയ് നക്ര പറഞ്ഞു. എസ്യുവി അനുഭവങ്ങളെ മെച്ചപ്പെടുത്തുക മാത്രമല്ല, വരുന്ന 3-5 വര്‍ഷങ്ങളില്‍ 12.5 ലക്ഷത്തിനു മുകളില്‍ വിലയുള്ള സെഗ്മന്‍റിലെ ഒന്നാമത്തെ എസ്യുവി ആക്കി ഥാര്‍ ബ്രാന്‍ഡിനെ മാറ്റുന്നതിനു കൂടി ലക്ഷ്യമിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ പുതിയ എം ഗ്ലൈഡ് പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ഥാര്‍ റോക്സ് പരിഷ്ക്കരിച്ച ബോഡി ഓണ്‍ ഫ്രെയിം എസ്യുവികളുടെ പുതിയ യുഗത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഓട്ടോമോട്ടീവ് ടെക്നോളജി ആന്‍റ് പ്രൊഡക്ട് ഡെവലപ്മെന്‍റ് പ്രസിഡന്‍റ് ആര്‍ വേലുസാമി പറഞ്ഞു. പനോരമിക് സ്കൈറൂഫ്, ആധുനിക ലെവല്‍ 2 അഡാസ്, ഹര്‍മന്‍ കാര്‍ഡണ്‍ ബ്രാന്‍ഡഡ് ഓഡിയോ തുടങ്ങിയവയുമായി ആഡംബരത്തിന്‍റേയും സുരക്ഷയുടേയും കാര്യത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിക്കുന്ന ഥാര്‍ റോക്സ് ഉടമസ്ഥാനുഭവത്തിനു പുതിയ നിര്‍വചനങ്ങള്‍ നല്‍കുന്ന വാഹനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റോക്സിന്റെ വിവിധ വേരിയന്‍റുകള്‍ 12.99 ലക്ഷം രൂപ മുതല്‍ 20.49 ലക്ഷം രൂപ വരെയുള്ള വിലയിലാണ് (എക്സ്-ഷോറൂം) അവതരിപ്പിച്ചിട്ടുള്ളത്. പെട്രോളില്‍ പുതിയ 2.0 ലിറ്റര്‍ എം സ്റ്റാലിയോണ്‍ ടിജിഡിഐ എഞ്ചിന്‍ 5000 ആര്‍പിഎമ്മില്‍ 130 കിലോവാട്ട് വരെ പവര്‍ ലഭ്യമാക്കും. 1750-3000 ആര്‍പിഎമ്മില്‍ 380 എന്‍എം ടോര്‍ക്കും ലഭിക്കും. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളാണുള്ളത്. ഡീസലില്‍ 2.2 ലിറ്റര്‍ എംഹോക്ക് എഞ്ചിനാണ് അവതരിപ്പിക്കുന്നത്. 3500 ആര്‍പിഎമ്മില്‍ 128.6 കിലോവാട്ട് വരെ പവര്‍ ലഭിക്കും. 1500-3000 ആര്‍പിഎമ്മില്‍ 370 എന്‍എം പരമാവധി ടോര്‍ക്കും ലഭിക്കും. ഇതിനും 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ ലഭ്യമാണ്.
ഥാര്‍ റോക്സിന്റെ ബുക്കിംഗുകള്‍ 2024 ഒക്ടോബര്‍ 03 മുതല്‍ ഓണ്‍ലൈനിലും മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലും ആരംഭിക്കും. കൂടാതെ ടെസ്റ്റ് ഡ്രൈവുകള്‍ 2024 സെപ്തംബര്‍ 14 മുതല്‍ ആരംഭിക്കും. ഈ ദസറയ്‌ക്ക് ഡെലിവറികള്‍ തുടങ്ങും.
നിലവിൽ പുറത്തുവന്ന വില വിവരങ്ങൾ പരിഗണിക്കുമ്പോൾ റോക്സ് മോഡലിന്റെ പ്രാരംഭ വില, 3 ഡോർ പതിപ്പിനേക്കാൾ ഏകദേശം 1.64 ലക്ഷം കൂടുതലാണ്. എന്നാൽ 5 ഡോർ പതിപ്പ് വാഗ്ദാനം ചെയ്യുന്ന കാര്യങ്ങൾ പരിഗണിക്കുമ്പോൾ ഈ വില വർധന ഉപയോക്താക്കളെ നിരുത്സാഹപ്പെടുത്തില്ലെന്നാണു കമ്പനിയുടെ പ്രതീക്ഷ. വാഹനത്തിന്റെ ചിത്രങ്ങളും മറ്റും ഇതോടകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
എൽഇഡി ലൈറ്റുകളും, ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ പോലുള്ള ആവേശകരമായ പുതിയ സവിശേഷതകളാൽ റോക്‌സ് ശ്രദ്ധ ആകർഷിക്കുന്നു. അടിസ്ഥാന മോഡലുകളിൽ തന്നെ ഇത്തരം മിനുക്ക് പണികൾ ഉപയോക്താക്കൾക്കു കാണാൻ സാധിക്കും. 18 ഇഞ്ച് സ്റ്റീൽ ചക്രങ്ങളാണ് റോക്‌സിന് കമ്പനി നൽകിയിട്ടുള്ളത്. 10.25 ഇഞ്ച് ടച്ച്സ്‌ക്രീൻ, പുഷ് ബട്ടൺ സ്റ്റാർട്ട്, ഡ്രൈവർ സീറ്റ് ഉയരം ക്രമീകരിക്കൽ, 60:40 സ്പ്ലിറ്റ് ഫോൾഡിംഗ് റിയർ ബെഞ്ച് സീറ്റുകൾ, റിയർ എസി വെന്റുകൾ, പിൻ യുഎസ്ബി സി പോർട്ട് എന്നിവ എടുത്തുപറയേണ്ട പ്രത്യേകതകൾ തന്നെ.
സുരക്ഷയുടെ കാര്യത്തിലും റോക്‌സ് ഒരുപടി മുന്നിലാണ്. എംഎക്‌സ് 1 വേരിയന്റിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം, കൂടാതെ എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റുകൾ എന്നിവ ഉറപ്പാക്കുന്നു. ഈ ബേസ് വേരിയന്റിൽ 162 എച്ച്പി പവറും, 330 എൻഎം ടോർക്കും നൽകുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഗിയർ ബോക്‌സ് മാനുവൽ ആണ്. 2.2 ലിറ്റർ ഡീസൽ എൻജിൻ 152 എച്ച്പി പവറും, 330 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. ഗിയർ ബോകസ് മാനുവൽ തന്നെ.
ഇന്ത്യയില്‍ അഞ്ച് ഡോര്‍ മാരുതി സുസുക്കി ജിംനി, ഫോഴ്സ് ഗൂര്‍ഖ എന്നിവയുമായി പുത്തന്‍ ഥാര്‍ റോക്‌സ് മത്സരിക്കേണ്ടി വരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക