ന്യൂദല്‍ഹി: ജമ്മു കാശ്മീര്‍, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജമ്മു കശ്മീരിൽ മൂന്ന് ഘട്ടങ്ങളിലായും ഹരിയാനയിൽ ഒറ്റ ഘട്ടത്തിലും തെരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരിൽ ആദ്യഘട്ടം വോട്ടെടുപ്പ് സെപ്റ്റംബർ 18ന് നടക്കും. രണ്ടാം ഘട്ടം സെപ്റ്റംബർ 25നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനും നടക്കും.
രണ്ട് സംസ്ഥാനങ്ങളിലും 90 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരിൽ ജനവിധി നടക്കുന്നത്. ഒക്ടോബർ നാലിന് വോട്ടെണ്ണൽ നടക്കും. മഹാരാഷ്‌ട്ര, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചില്ല. കൂടാതെ, വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
ഹരിയാന നിയമസഭയുടെ കാലാവധി നവംബര്‍ മൂന്നിനും മഹാരാഷ്‌ട്ര നിയമസഭയുടെ കാലാവധി നവംബര്‍ 26 നും അവസാനിക്കും. ജാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധിയും ഡിസംബറോടെയും അവസാനിക്കും. ഇതോടൊപ്പം ജമ്മു കാശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പും നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ, ജമ്മുകാഷ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പ് സെപ്റ്റംബറിനകം നടത്താന്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
രാഹുല്‍ ഗാന്ധിയുടെ രാജിയെ തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകുന്നത്. നേരത്തെ റായ്ബറേലിയില്‍ നിന്നും അദ്ദേഹം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചേലക്കര എംഎല്‍എ ആയിരുന്ന സിപിഎമ്മിന്റെ കെ.രാധാകൃഷ്ണന്‍ ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും വിജയിച്ചിരുന്നു.പാലക്കാട് എംഎല്‍എ ആയിരുന്ന കോണ്‍ഗ്രസിന്റെ ഷാഫി പറമ്പില്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും വിജയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചേലക്കരയിലും പാലക്കാടും നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: