തിരുവനന്തപുരം: കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കേരളത്തിലും ഡോക്ടർമാർ സമരത്തിൽ. കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്‍ (കെ.എം.പി.ജി.എ) ആണ് സമരം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ പിജി റസിഡൻ്റ് ഡോക്ടർമാരും ഹൗസ് സർജൻമാരും സമരത്തിൽ പങ്കുചേരും.
ഒ.പിയും വാർഡ് ഡ്യൂട്ടിയും പൂർണമായി ബഹിഷ്കരിക്കും. അത്യാഹിത വിഭാഗത്തെയും പ്രസവരോഗ വിഭാഗത്തെയും സമരത്തിൽ നിന്ന് ഒഴിവാക്കിതായി കെജിഎംഒഎ അറിയിച്ചു. സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിനും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും കെജിഎംഒഎ ഈ മാസം 18 മുതൽ 31വരെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും സുരക്ഷാ ക്യാമ്പയിൻ നടത്തും.
രാജ്യവ്യാപകമായി പണിമുടക്കുമെന്ന് ഐ.എം.എ നേരത്തെ അറിയിച്ചിരുന്നു. രാവിലെ ആറ് മുതൽ ശനിയാഴ്ച രാവിലെ ആറ് വരെ 24 മണിക്കൂറാണ് പ്രതിഷേധം. ഓള്‍ ഇന്‍ഡ്യ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ ( AIFGDA) ദേശീയ തലത്തില്‍ കരിദിനം ആചരിക്കും. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആർ.ജി. കർ മെഡിക്കൽ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തിൽ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്.
കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർധനഗ്‌നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തിൽ വൻ പ്രതിഷേധമാണുയർന്നത്. ഇതിനുപിന്നാലെ പ്രതിയായ പോലീസിന്റെ സിവിക് വൊളണ്ടിയർ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായി.
സംഭവത്തിൽ ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരെയും, അഞ്ച് ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്തു. ബലാത്സംഗ കൊലയിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് സിബിഐ. അതിനിടെ, ആർജി കർ മെഡിക്കൽ കോളേജിലെ സമരത്തിന് പിന്തുണയുമായി സിനിമ ടിവി താരങ്ങളും രംഗത്തെത്തി. ആലിയ ഭട്ട്, ഋത്വിക് റോഷൻ, സാറ അലി ഖാൻ, കരീന കപൂർ തുടങ്ങിയവർ ഇരക്ക് നീതി വേണമെന്നു ആവശ്യപ്പെട്ടു. ദില്ലിയിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാരും ജീവനക്കാരും ഒരുമിച്ച് ഉച്ചയ്‌ക്ക് രണ്ടിന് പ്രതിഷേധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക