തിരുവനന്തപുരം: 2023 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വെള്ളിയാഴ്ച പ്രഖ്യാപിക്കും.വേറിട്ട പ്രമേയവും വ്യത്യസ്ത ശൈലികൊണ്ടും ഒരുപിടി നല്ല സിനികമകൾ പിറന്ന വർഷമായിരുന്നതിനാൽ പുരസ്‌കാര നിർണയത്തിന്റെ അവസാന റൗണ്ടിൽ വരെ കടുത്ത മത്സരമാണ് നടക്കുന്നത്. ആത്മസംഘർഷത്തിന്റെ കഥ പറഞ്ഞ കാതലും ഉള്ളൊഴുക്കും മുതൽ അതിജീവനത്തിന്റെ കഥ പറഞ്ഞ ആടുജീവിതം വരെ മത്സരരംഗത്തുണ്ട്. 2018 ഉം ഫാലിമിയും കണ്ണൂർ സ്‌ക്വാഡും അടക്കം നാൽപതോളം ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളത്.
മികച്ച നടനുള്ള പുരസ്‌കാരത്തിന് മമ്മുട്ടി,പൃഥിരാജ്, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ് എന്നിവർ രംഗത്തുണ്ട്. കണ്ണൂർ സ്‌ക്വാഡ്, കാതൽ എന്നി സിനിമകളിലെ അഭിനയത്തിനാണ് മമ്മുട്ടിയെ പരിഗണിക്കുന്നത്. പൃഥിരാജാകാട്ടെ ആടുജീവിതത്തിലെ പ്രകടനത്തിനും. മികച്ച നടിക്കുള്ള പുരസ്‌കാരത്തിലും കടുത്ത മത്സരമാണ്. ഉള്ളൊഴുക്കിലെ ലീലാമ്മയായി വേഷമിട്ട ഉർവശിയെയും അഞ്ജുവായെത്തിയ പാർവതി തിരുവോത്തിനെയും മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഒരേ സിനിമയിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ മികച്ച നടിക്കായുള്ള മത്സരം നടക്കുന്നുവെന്ന് പ്രത്യേകതയും ഇത്തവണയുണ്ട്. നേരിലെ പ്രകടനത്തിലൂടെ അനശ്വര രാജനും ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദർശനും മത്സരത്തിനുണ്ട്.
ജിയോ ബേബിയോ, ബ്ലെസിയോ, ക്രിസ്റ്റോ ടോമിയോ, ജൂഡ് ആന്റെണി തുടങ്ങിയവർ മികച്ച സംവിധായകനാകാൻ മത്സരിക്കുന്നു.ആടുജീവിത്തതിലൂടെ എ ആർ റഹ്മാനാകുമോ മികച്ച സംഗീതസംവിധായകൻ, അതോ സുഷിൻ ശ്യാമിനെ തേടിയെത്തുമോ പുരസ്‌കാരമെന്നതും കണ്ടറിയണം.
160 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. പ്രിയനന്ദനൻ, അഴകപ്പൻ എന്നിവർ അധ്യക്ഷൻമാരായ പ്രാഥമിക ജൂറിയുടെ വിലയിരുത്തലിൽ എഴുപത് ശതമാനം ചിത്രങ്ങളും ഒഴിവായി. അവസാന റൗണ്ടിലെത്തിയത് നാൽപ്പത് ചിത്രങ്ങളാണ് ഇത്തവണ മത്സരരംഗത്ത് എത്തിയ സിനിമകളിൽ 84 എണ്ണവും നവാഗത സംവിധായകരുടേതാണ്. തിയേറ്ററിൽ റിലീസാകാത്ത, എന്നാൽ രാജ്യാന്തര മേളകളിൽ അടക്കം ശ്രദ്ധ നേടിയ ചിത്രങ്ങളും നിരവധിയുണ്ട്. സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് അവാർഡ് നിശ്ചയിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12 മണിക്ക് മന്ത്രി സജി ചെറിയാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: