ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് .രാജ്യതലസ്ഥാനമായ ഡൽഹി സൈനിക കോട്ടയായി മാറിയിരിക്കുകയാണ്. ആൻ്റി ഡ്രോൺ സംവിധാനമാണ് രാജധാനിയിൽ ഒരുക്കിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് സുരക്ഷസന്നാഹങ്ങൾ ഒരുക്കിയിരിക്കുന്നത്. ചെങ്കോട്ടയിൽ 7 ലെയർ സുരക്ഷാ സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നത്.
22,000 ത്തോളം വരുന്ന അതിഥികളുടെ സുരക്ഷയ്ക്കായി ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിലെ എല്ലാ റോഡുകളിലും എല്ലാ മാർക്കറ്റുകളിലും സുരക്ഷാ ഏജൻസികൾ കർശന നിരീക്ഷണം നടത്തുന്നുണ്ട്. അനുവാദമില്ലാതെ ആർക്കും പ്രവേശിക്കാനാകാത്ത തരത്തിലാണ് ചെങ്കോട്ടയ്ക്ക് ചുറ്റും അഭേദ്യമായ സുരക്ഷാ വലയം ഒരുക്കിയിരിക്കുന്നത്. ഡൽഹി പോലീസിന് പുറമെ അർദ്ധസൈനിക വിഭാഗങ്ങളും സുരക്ഷാ ഏജൻസികളും ചെങ്കോട്ടയുടെ അകത്തും പുറത്തുമുള്ള എല്ലാ ഭാഗത്തും നിരീക്ഷണത്തിലാണ്.
ചെങ്കോട്ടയ്ക്കുള്ളിൽ ഏകദേശം 4 ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ട് . ചുറ്റുമുള്ള വിവിധ സ്ഥലങ്ങളിൽ എൻഎസ്ജി സംഘത്തെയും വിന്യസിച്ചു. ചാന്ദ്നി ചൗക്കിന്റെ 300 ഓളം മേൽക്കൂരകളിൽ സ്നൈപ്പർമാരുമുണ്ട്. ചെങ്കോട്ടയുടെ 5 കിലോമീറ്റർ ചുറ്റളവിൽ സിസിടിവി നിരീക്ഷണം ഏർപ്പെടുത്തി . വിവിഐപി റൂട്ടിൽ AI സാങ്കേതികവിദ്യ ഘടിപ്പിച്ച 500-ലധികം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് . എല്ലാ മെറ്റൽ ഡിറ്റക്ടറുകളിലും ഫെയ്സ് ഡിറ്റൻഷൻ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ഇൻ്റലിജൻസ് ഏജൻസികൾ, ഡൽഹി പൊലീസ് കമാൻഡോകൾ, പാരാ മിലിട്ടറി കമാൻഡോകൾ എന്നിവരും സദാ ജാഗരൂകരാണ്.ഇത്തവണയും തീവ്രവാദി ആക്രമണത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾ സൂചനകൾ നൽകിയിട്ടുണ്ട്. ചാവേർ ആക്രമണമോ ഡ്രോൺ ആക്രമണമോ ഉണ്ടായേക്കാമെന്നാണ് സൂചന
പ്രതികരിക്കാൻ ഇവിടെ എഴുതുക: