വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആറ് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം മുഖവിലയ്ക്കെടുക്കാന്‍ മുന്നനുഭവങ്ങള്‍ ജനങ്ങളെ അനുവദിക്കുന്നില്ല. സംസ്ഥാന ദുരിതാശ്വാസനിധിയില്‍നിന്ന് നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ട് ലക്ഷം രൂപയുമാണത്രേ അനുവദിക്കുക. ഇതിനു പുറമെ 60 ശതമാനവും 40 ശതമാനവും അംഗവൈകല്യം സംഭവിച്ചവര്‍ക്ക് യഥാക്രമം 75,000 രൂപയും 50,000 രൂപയും നല്‍കുമെന്നും പറയുന്നുണ്ട്. വാടകവീടുകളിലേക്ക് മാറിത്താമസിക്കേണ്ടി വന്നവര്‍ക്കും, ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കുന്നവര്‍ക്കും പ്രതിമാസം 6000 രൂപ വീതം നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. ദുരന്തത്തില്‍പ്പെട്ട് കാണാതായവരുടെ ആശ്രിതര്‍ക്കും സഹായം നല്കുമത്രേ. എന്നാല്‍ ഈ ധനസഹായങ്ങള്‍ എന്നാണ് വിതരണം ചെയ്യുകയെന്നുമാത്രം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍നിന്ന് വ്യക്തമല്ല. അവിടെയാണ് സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത സംശയിക്കേണ്ടി വരുന്നത്. എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ക്കായി ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്ക് പ്രതിദിനം നല്കുമെന്നു പറഞ്ഞ 300 രൂപയും, ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി നല്കുമെന്നു പറഞ്ഞ 10,000 രൂപയും ഇതുവരെയും കൊടുക്കാത്ത ഭരണസംവിധാനമാണിത്. അതിനാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ധനസഹായം എത്രയും വേഗം കൊടുക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പില്‍ ആര്‍ക്കും വിശ്വാസമില്ല.
ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് നാമമാത്രമായ തുകപോലും നല്കാന് കഴിയാത്ത സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ധനസഹായ വിതരണത്തിന് പ്രത്യേക സബ്കമ്മിറ്റി രൂപീകരിക്കാനും, അക്കൗണ്ടില്ലാത്തവര്‍ക്ക് സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങാനും തീരുമാനിച്ചിരിക്കുന്നത്. കൊടിയ ദുരന്തത്തില്‍പ്പെട്ട മനുഷ്യരോടുപോലും എത്ര നിര്‍ദ്ദയമായാണ് ഈ സര്‍ക്കാര്‍ പെരുമാറുന്നതെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇത്തരം പ്രഖ്യാപനങ്ങള്‍ ഭരണപരാജയം മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ്. ഇത് ഒറ്റപ്പെട്ട സംഭവവുമല്ല. ഇതിനു മുന്‍പ് ഉരുള്‍പൊട്ടലുണ്ടായ ഇടങ്ങളില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് യഥാസമയം സഹായമെത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. ഇവിടങ്ങളിലെ പുനരധിവാസ പദ്ധതികള്‍ പൂര്‍ത്തിയായതുമില്ല. ഇതിന്റെ ദുരിതമനുഭവിക്കുന്നവര്‍ ഇപ്പോഴും ഏറെയാണ്. ദുരന്തബാധിതര്‍ക്ക് നിര്‍മിച്ചു നല്കിയ വീടുകള്‍ നിലവാരമില്ലാത്തും വാസയോഗ്യമല്ലാത്തവയുമാണ്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ജന്മഭൂമി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടും സര്‍ക്കാരിന് അനങ്ങാപ്പാറ നയമാണ്. അതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങളല്ലേ എന്ന മനോഭാവമാണ് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമുള്ളത്. പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച ‘റീ ബില്‍ഡ് കേരള’ ജലരേഖയായി മാറുകയായിരുന്നു. ഇതിന് എന്തുപറ്റിയെന്ന് സര്‍ക്കാര്‍ പറയുന്നില്ല. ഇതിനൊക്കെ വേണ്ടി സ്വരൂപിക്കുകയും നീക്കിവച്ചതുമായ പണം ഏതുവഴിക്ക് ഒഴുകിപ്പോയെന്നും ആര്‍ക്കുമറിയില്ല.
കഷ്ടപ്പെടുന്നവരെ സഹായിക്കുകയെന്നതും അവരുടെ കണ്ണീരൊപ്പുകയെന്നതും ഇടതുമുന്നണി സര്‍ക്കാരിന്റെ നയമല്ല. ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിക്കണമെങ്കില്‍ സ്വന്തം പാര്‍ട്ടിക്കാരായിരിക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള പണം ദുര്‍വിനിയോഗം ചെയ്തതിനെതിരായ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണല്ലോ. വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ ഭീകരത ജനങ്ങളുടെ കണ്ണില്‍നിന്ന് മായാതിരിക്കുമ്പോഴും സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ലക്ഷങ്ങളുടെ പരസ്യം നല്‍കാനുള്ള തീരുമാനം ദുരിതാശ്വാസനിധി ദുര്‍വ്യയം ചെയ്തതിന്റെ തുടര്‍ച്ചയാണ്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന ഒന്നരമിനിറ്റുള്ള വീഡിയോ പരസ്യം കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ദല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ 100 സിനിമാ തീയേറ്ററുകളില്‍ നല്‍കാനാണ് തീരുമാനം. എന്തൊരു ധൂര്‍ത്താണിത്! പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിച്ചപ്പോള്‍ കോടിക്കണക്കിന് രൂപ മുടക്കി ദേശീയ പത്രങ്ങളില്‍ പരസ്യം നല്‍കിയത് ആരും മറന്നിട്ടില്ല. അനധികൃത കയ്യേറ്റവും നിയമവിരുദ്ധ പാറഖനനവുമാണ് വയനാട്ടിലും മറ്റും ഉരുള്‍പൊട്ടലിനിടയാക്കിയതെന്ന ശാസ്ത്രീയമായ വിലയിരുത്തലിനെ പിണറായി സര്‍ക്കാര്‍ നിരാകരിക്കുകയാണ്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ പത്തനംതിട്ടയിലെ ക്വാറി വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മും സിഐടിയുവും സമരത്തിനിറങ്ങിയിട്ടുള്ളത് ഇതിനു തെളിവാണ്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ ഈ നാട് നശിപ്പിച്ചിട്ടേ ഇറങ്ങിപ്പോകൂവെന്നാണ് ഇതില്‍നിന്നൊക്കെ മനസ്സിലാക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: