പത്തനംതിട്ട: ആഗസ്ത് 17ന് ശനിയാഴ്ച മലയാളക്കരയുടെ തനതു കലണ്ടറായ കൊല്ലവര്ഷത്തില് പുതിയ നൂറ്റാണ്ട് (പതിമൂന്നാം നൂറ്റാണ്ട്) പിറക്കുകയാണ്. ലോകമെമ്പാടും രണ്ടു രീതിയിലുള്ള കലണ്ടര്‍ സമ്പ്രദായങ്ങളാണ് നിലവിലുള്ളത്. ഒന്ന് സൂര്യാസ്പദമായ സൗരവര്‍ഷവും രണ്ട് ചാന്ദ്ര മാസങ്ങളെ ആസ്പദമാക്കിയും. എന്നാല്‍ കേരളത്തിന്റെ തനതു കലണ്ടറായ കൊല്ലവര്‍ഷമാകട്ടെ ഒരേ സമയം സൗരവും ചാന്ദ്രവുമാണ്. സൗര-ചാന്ദ്രാധിഷ്ഠിതമായി തയ്യാറാക്കപ്പെടുന്ന മറ്റേതെങ്കിലും കലണ്ടര്‍ നിലവിലുണ്ടോ എന്നത് സംശയമാണ്.
സൗര കലണ്ടറിലേതു പോലെ പന്ത്രണ്ടു മാസങ്ങളും ഞായര്‍ മുതല്‍ ശനി വരെ ഏഴു ദിവസങ്ങളുള്ള ആഴ്ചയും തന്നെയാണ് കൊല്ലവര്‍ഷത്തിലും. സൂര്യന് സഞ്ചരിക്കുന്ന 12 രാശികളായ ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കടകം എന്നിങ്ങനെയാണ് കൊല്ലവര്‍ഷത്തിലെ 12 മാസങ്ങള്‍ക്ക് പേരുകള്‍. 28 മുതല്‍ 32 ദിവസം വരെ മാസ ദൈര്‍ഘ്യം വ്യത്യാസപ്പെടുമെന്നതാണ് കൊല്ലവര്‍ഷത്തെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം.
ഉത്തര ഭാരതത്തില്‍ (വിശിഷ്യാ കശ്മീരില്‍) നിലനിന്നിരുന്ന സപ്തര്‍ഷി വര്‍ഷത്തില്‍ നിന്നാണ് കൊല്ലവര്‍ഷത്തിന്റെ തുടക്കമെന്ന പ്രൊഫ. സുന്ദരംപിള്ളയുടെ വാദത്തിനാണ് ഇതു സംബന്ധിച്ച സിദ്ധാന്തങ്ങളില്‍ കൂടുതല്‍ സാധുതയുള്ളത്. ഓരോ പത്തു നൂറ്റാണ്ടു കഴിയുമ്പോഴും (ആയിരം വര്‍ഷം കൂടുമ്പോള്‍) ഒന്നില്‍ നിന്നു വര്‍ഷം വീണ്ടും ആവര്‍ത്തിക്കുന്നതാണ് സപ്തര്‍ഷി വര്‍ഷത്തിന്റെ പൊതുരീതി. അങ്ങനെയെങ്കില്‍ സപ്തര്‍ഷി വര്‍ഷം സഹസ്രാബ്ദം തികഞ്ഞ എഡി 825ലെ ചൈത്ര മാസത്തില്‍ കൊല്ലവര്‍ഷം തുടങ്ങി എന്നു കരുതാം. ഇടയ്ക്കെപ്പോഴോ വര്‍ഷാരംഭം കേരളീയമായ രീതിയില്‍ ചിങ്ങം ഒന്നിനു പുനഃക്രമീകരിക്കപ്പെട്ടതാകാനാണ് സാധ്യത. കൊല്ലം എന്ന പദം സ്ഥല നാമം എന്നതുപോലെ തന്നെ വര്‍ഷം എന്ന അര്‍ത്ഥത്തില്‍ സര്‍വ സാധാരണമായി ഉപയോഗിക്കാറുണ്ടെന്നതും പരിഗണിക്കണം. ദിവസങ്ങളെ 27 നക്ഷത്രങ്ങളുമായും കൊല്ലവര്ഷത്തില് ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ പിറന്നാള്‍, ഉത്സവം, ശ്രാദ്ധം തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ക്കെല്ലാം ഇപ്പോഴും വിശ്വാസികള്‍ ആധാരമാക്കുന്നത് കൊല്ലവര്‍ഷം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: