ഹൈദരാബാദ്: തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരാകാന്‍ പോവുന്നതിന് മുന്‍പ് ഒരു ജ്യോത്സ്യന് നടത്തിയ പ്രവചനം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. മറ്റൊരു സ്ത്രീ കാരണം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മില്‍ പിരിയുമെന്നായിരുന്നു ഈ ജ്യോത്സ്യന് നടത്തിയ പ്രവചനം. ഇതോടെ സമൂഹമാധ്യമങ്ങളില്‍ ജ്യോത്സ്യനെതിരെ കടുത്ത വിമര്‍ശനം ഉയരുകയാണ്.
ആഗസ്ത് എട്ടിനാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഇതിന് പിന്നാലെയാണ് വേണു സ്വാമി എന്ന ജ്യോത്സ്യന് തന്റെ സമൂഹമാധ്യമപേജ് വഴി നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹബന്ധം എങ്ങിനെയാവും എന്ന് വിശകലനം ചെയ്തത്. ഇരുവരുടെയും ബന്ധം മറ്റൊരു സ്ത്രീ കാരണം പിരിയും എന്നാണ് ജ്യോത്സ്യന് വേണുസ്വാമി പ്രവചിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ഇയാളിട്ട വീഡിയോ വാര്‍ത്തയായി വന്നതോടെ വലിയ വിവാദത്തിനാണ് തുടക്കമായത്.പൊതുവേ ജാതകത്തിലും ജ്യോത്സ്യത്തിലും ഏറെ വിശ്വാസമുള്ളവരാണ് നാഗചൈതന്യയുടെ അച്ഛനായ നാഗാര്‍ജുനയുടെ കുടുംബം.
ഇപ്പോള്‍ വേണു സ്വാമിയ്ക്കെതിരെ തെലുങ്ക് ഫിലിം ജേര്‍ണലിസ്റ്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറി വൈജെ രാംബാബു പൊലീസില്‍ പരാതി നല്കി. താരങ്ങളെ അപമാനിക്കുന്നതാണ് ഇയാളുടെ പ്രസ്താവനകള്‍ എന്നും നടപടിവേണമെന്നുമാണ് അവശ്യം.
നേരത്തെയും ജനശ്രദ്ധ കിട്ടാന്‍ വേണ്ടി പ്രവചനം നടത്തുന്ന വ്യക്തിയാണ് ജ്യോത്സ്യന് വേണു സ്വാമി. ജഗന് മോഹന്‍ റെഡ്ഡി ആന്ധ്ര തെരഞ്ഞെടുപ്പില്‍ വിജയിക്കും, സണ്‍റൈസ് ഹൈദരബാദ് ഐപിഎല്‍ കിരീടം നേടും തുടങ്ങിയ ഇദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ എട്ടു നിലയില്‍ പൊട്ടിയിരുന്നു.
മൂന്ന് വര്‍ഷം നീണ്ട ഡേറ്റിംഗിന് ശേഷമാണ് നാഗ ചൈതന്യയും ശോഭിതയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. മനസ്സുകള്‍ തമ്മിലുള്ള പൊരുത്തമാണ് ഇരുവരുടെയും കൈമുതല്‍. നടി സാമന്തയുമായുള്ള വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് നാഗചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. ഇവരുടെ വിവാഹ വാര്‍ത്ത ലോകത്തെ അറിയിച്ചത് നാഗചൈതന്യയുടെ അച്ഛനും നടനുമായ നാഗര്‍ജുനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: