കെട്ടിയിട്ട് കൊള്ളയടിക്കുക എന്ന് കേട്ടിട്ടേയുള്ളു. അത് എപ്രകാരമെന്ന് വൈദ്യുതി ബോര്‍ഡ് നമുക്ക് കാണിച്ചു തരുന്നു. പറയുന്നത് ഈ പ്രാവശ്യത്തെ വൈദ്യുതി ബില്ലിനെക്കുറിച്ചാണ്. അയല്‍ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിരക്കു വര്‍ധനവില്‍ കുപ്രസിദ്ധി നേടിയ ബോര്‍ഡ് ഇത്തവണ സര്‍വ്വകാല റെക്കോര്‍ഡുകളും ഭേദിച്ചിരിക്കുന്നു. അഡീഷണല്‍ കാഷ് ഡെപ്പോസിറ്റ് (എസിഡി) എന്ന പേരില്‍ വന്‍ തുകയാണ് ഈ പ്രാവശ്യത്തെ ബില്ലില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. വൈദ്യുതി ഉപഭോഗത്തിന്റെ തോതനുസരിച്ച് ഡെപ്പോസിറ്റ് തുക താഴേ തലത്തില്‍ നിന്ന് ആയിരങ്ങളിലേക്കുയരുന്നു. സൂക്ഷ്മമായി പരിശോധിച്ചാല്‍ ഉപഭോക്താവ് ന്യായമായി അടയ്ക്കേണ്ട വൈദ്യുതി ചാര്‍ജ്ജ് ഇപ്രാവശ്യം ഇരട്ടിയായി വര്‍ധിച്ചിരിക്കുന്നു.
ആന്വല്‍ കാഷ് ഡെപ്പോസിറ്റ് സ്കീം ആരുടെ അംഗീകാരത്തോടെയാണ് നിലവില്‍ വന്നതെന്ന് ഉപഭോക്താക്കള്‍ക്കറിയില്ല. അധികൃതര്‍ ഇതുവരെ അറിയിച്ചിട്ടുമില്ല . ആവശ്യപ്പെട്ട തുക അടയ്ക്കുക. അല്ലെങ്കില്‍ ഇരുട്ടിലാവും. വരിക്കാര്‍ക്ക് മറ്റു മാര്‍ഗമൊന്നുമില്ല. വൈദ്യുതിക്കരമായാലും വെള്ളക്കരമായാലും ഉപഭോക്താക്കള്‍ ഇവിടെ എന്നും ബന്ദികളാണ്. ആന്വല്‍ കാഷ് ഡെപ്പോസിറ്റെന്നാണ് ബോര്‍ഡ് പറയുന്നത്. എന്നുവച്ചാല്‍ പിടിച്ചുപറി ഇതു കൊണ്ടു തീരുന്നില്ല. വര്‍ഷംതോറും തുടരുമെന്ന് ചുരുക്കം. വൈദ്യുതി കണക്ഷന് അനുവദിക്കുമ്പോള്‍ത്തന്നെ ഉപഭോക്താക്കളില്‍ നിന്ന് കെഎസ്ഇബി ഡെപ്പോസിറ്റ് ഈടാക്കുന്നുണ്ട്. പരാതി പറഞ്ഞാല്‍ തിരിഞ്ഞു നോക്കാത്തവര്‍ ബില്ലടയ്ക്കാന്‍ ഒരു ദിവസം വൈകിയാല്‍ ഫ്യൂസ് ഊരും. എങ്കില്‍പ്പിന്നെ എന്തിനാണ് ഈ ഡെപ്പോസിറ്റ്. ഒരു ലക്ഷത്തി മുപ്പതിനായിരം വരിക്കാരില്‍ നിന്ന് ഈടാക്കിയ ഡെപ്പോസിറ്റും അതിന്റെ പലിശയും നിലനില്‍ക്കുമ്പോഴാണ് അഡീഷണല്‍ ഡെപ്പോസിറ്റ് അടിച്ചേല്‍പ്പിക്കുന്നത്. ഇതിനെല്ലാം പുറമെയാണ് കാലാകാലമായി ഈടാക്കിക്കൊണ്ടിരിക്കുന്ന ഫിക്സഡ് ഡെപ്പോസിറ്റ്. ഉപയോഗിച്ച വൈദ്യുതിക്ക് നല്കുന്ന തുകയുടെ 10 ശതമാനം ഡ്യൂട്ടിയും യൂണിറ്റിന് 9 പൈസ നിരക്കില്‍ ഫ്യൂവല്‍ ചാര്‍ജും കണക്ഷന് കിട്ടുമ്പോള്‍ നമ്മള് പണം കൊടുത്തു വാങ്ങിയ മീറ്ററിന് 12 രൂപ നിരക്കില്‍ വാടകയും അതിന്റെ ജിഎസ്ടിയും സെസ്സും എല്ലാം പിഴിഞ്ഞെടുക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ലക്ഷണമൊത്ത കൊള്ളസംഘം. ചോദിക്കാനും പറയാനും ആരുമില്ല. ഷോക്കടിപ്പിക്കുന്ന ഈ ബില്ലിനെക്കുറിച്ച് നിയമസഭയില്‍ ഒരു ചോദ്യം പോലുമുയര്‍ന്നില്ല. പാര്‍ട്ടിക്കകത്തെ മൂപ്പിളമ തര്‍ക്കം തീര്‍ന്നിട്ട് പ്രതിപക്ഷ നേതാവിന് സമയവുമില്ല.
വൈദ്യുതി ബോര്‍ഡില്‍ നടക്കുന്ന പകല്‍ കൊള്ളയുടെ ആഴവും പരപ്പുമേറെയാണ്. സ്ലാബ് സിസ്റ്റം മാത്രമെടുക്കാം. അതൊരു ബര്‍മുഡാ ട്രയാങ്കിളാണ്. 50 യൂണിറ്റാണ് ഒരു സ്ലാബ്. ഒന്നു മുതല്‍ 50 യൂണിറ്റ് വരെ വരുന്ന ഒന്നാം സ്ലാബില്‍ ഒരു യൂണിറ്റ് വൈദ്യുതിയുടെ വില 3.15 രൂപയെങ്കില്‍ മൂന്നാം സ്ലാബില്‍ വില 4. 80 ഉം അഞ്ചാം സ്ലാബില്‍ അത് 7.60 ആയും ഉയരുന്നു. ഒരു യൂണിറ്റ് വൈദ്യുതിയുടെ വിലയായ അടിസ്ഥാന നിരക്ക് സ്ലാബ് ഉയരുമ്പോള്‍ വര്‍ധിക്കുന്നതിന്റെ യുക്തിയെന്താണ്? മാത്രമല്ല, ഒരു സ്ലാബ് കഴിഞ്ഞ് അടുത്ത സ്ലാബിലേക്ക് കടന്ന് ഒരു യൂണിറ്റ് മാത്രം ഉപയോഗിച്ചാല്‍ സ്ലാബ് യൂണിറ്റ് തുക പൂര്‍ണമായും നല്‍കണം. ഉപയോഗിച്ച വൈദ്യുതിയുടെ വില അടച്ചാല്‍ പോരെ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. പത്തു ശതമാനം തീരുവ, ഫിക്സഡ് ചാര്‍ജ്ജ് , മീറ്റര്‍ വാടക , മീറ്റര്‍ വാടകയുടെ ജിഎസ്ടി, അതിന്റെ സെസ്സ് തുടങ്ങിയവ പുറകെ വരുന്നുണ്ട്. അശാസ്ത്രീയവും അന്യായവുമായ ഈ സ്ലാബ് സമ്പ്രദായം അവസാനിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ട് കാലമേറെയായി. അംഗീകരിക്കാന്‍ തയ്യാറല്ല. ഉപഭോക്താവിന്റെ കഴുത്തറക്കാനുള്ള ഇരുതല മൂര്‍ച്ചയുള്ള ഈ ആയുധം ബോര്‍ഡ് കൈവിടില്ല. കമ്പ്യൂട്ടറും ട്രാക്ടറും പോലെ പുതിയ സാങ്കേതിക വിദ്യയിലേക്ക് കടക്കാന്‍ വരട്ടുതത്വവാദികള്‍ക്ക് താല്പര്യമില്ല.
ജനങ്ങളെ കൊള്ളയടിക്കാന്‍ പഴഞ്ചന്‍ സമ്പ്രദായം തുടരുന്നതാണ് നല്ലതെന്ന് ഇക്കൂട്ടര്‍ക്കറിയാം. ഉപയോഗിച്ച വൈദ്യുതിയുടെ അളവ് അറിയാനും ആവശ്യമെങ്കില്‍ നിയന്ത്രിക്കാനും ബില്ലടയ്ക്കാനും മൊബൈല്‍ ഫോണ്‍ വഴി സംവിധാനങ്ങളുണ്ട്. അതുവഴി ജീവനക്കാരുടെ എണ്ണം കുറച്ച് ബോര്‍ഡ് ലാഭത്തിലാക്കി ഉപഭോക്താക്കളുടെ നികുതിഭാരം കുറക്കാം. കമ്മീഷനില്‍ കണ്ണുനട്ടിരിക്കുന്ന ഭരണാധികാരികള്‍ക്ക് ഇതിനൊന്നും നേരമില്ലല്ലൊ.
വൈദ്യുതി മേഖലയുടെ നവീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച ടോട്ടക്സ് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തള്ളിക്കളഞ്ഞത് പ്രശ്നം കൂടുതല്‍ ഗുരുതരമാക്കും. ഇതിനന്നായി ദേശീയ തലത്തില്‍ കേന്ദ്രം 3 .5 ലക്ഷം കോടിയാണ് ബജറ്റില്‍ മാറ്റിവച്ചത് . അതനുസരിച്ച് കേരളത്തിന്റെ വൈദ്യുതി വിതരണ മേഖലയുടെ നവീകരണത്തിനും സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനുമായി അനുവദിച്ച തുകയില്‍ ഗ്രാന്റായ 9500 ( 2500 + 7000) കോടി കേരളം തിരിച്ചടക്കേണ്ടതില്ല. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രം മുന്നോട്ടുവച്ച ഈ പദ്ധതി തള്ളിക്കളയുകയാണുണ്ടായത് . ഭരണ പ്രതിപക്ഷ വ്യത്യാസം കൂടാതെ ഭാരതത്തിലെ മുഴുവന്‍ സംസ്ഥാനങ്ങളും പദ്ധതി അംഗീകരിച്ചപ്പോള്‍ കേരളം മാത്രമാണ് ഇടം തിരിഞ്ഞു നിന്നത്. സിഐടിയുവിന്റെയും പോളിറ്റ് ബ്യൂറോവിന്റെയും എതിര്‍പ്പാണ് ചൂണ്ടിക്കാട്ടിയ പ്രധാന കാരണം. എങ്കില്‍ എന്തിനാണ് ഇവിടെ ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍. പതിവു പോലെ സ്വന്തക്കാരെ ഏല്‍പ്പിച്ച് കോടികള്‍ തട്ടാനാണ് നീക്കമെന്ന് മുന്നണിക്കിടയില്‍ വരെ ചര്‍ച്ച വന്നു. കേന്ദ്രത്തിന്റെ തീരുമാനം മറികടന്ന് കേരളം ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടു പോയാല്‍ കേന്ദ്രം ഗ്രാന്റായി നല്കുന്ന 9500 കോടി നഷ്ടപ്പെടുമെന്നും അത് ഉപഭോക്താക്കളുടെ തലയില്‍ വന്നു വീഴുമെന്നും വകുപ്പുമന്ത്രി കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോട് തുറന്നു പറഞ്ഞതാണ്. പിണറായി കണ്ണുരുട്ടിയപ്പോള്‍ നിശ്ശബ്ദനായി എന്നു മാത്രം. പദ്ധതികള്‍ എങ്ങനെ ഫലപ്രദമായി നടത്താം എന്നല്ല അതിന്റെ പേരില്‍ എത്ര കോടികള്‍ അടിച്ചു മാറ്റാമെന്നാണ് ഭരിക്കുന്നവരുടെ നോട്ടം.
അറിഞ്ഞിടത്തോളം ഈ പദ്ധതിയുടെ വ്യാപ്തി വളരെ വലുതാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കി കൈമാറാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനു സാങ്കേതിക മികവും പരിചയ സമ്പത്തും തുടര്‍സേവന സൗകര്യങ്ങളുമുള്ള സ്ഥാപനങ്ങളുടെ ഒരു പാനല്‍ സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. ഏതു സ്ഥാപനത്തിന്റെ സേവനം വേണമെന്ന് സംസ്ഥാന സര്‍ക്കാരിനു തീരുമാനിക്കാം. അതാണ് സംസ്ഥാന സര്‍ക്കാര്‍ വേണ്ടന്നു വച്ചിരിക്കുന്നത്. പതിവുപോലെ ടെന്‍ഡര്‍ പ്രഹസനം നടത്തി തട്ടിക്കൂട്ടിയ സ്ഥാപനങ്ങള്‍ക്കാണ് കരാര്‍ നല്കുന്നതെങ്കില് ജനങ്ങള്‍ വലിയ വില നല്‍കേണ്ടിവരും. ഡെപ്പോസിറ്റും ഫിക്സഡ് ഡെപ്പോസിറ്റും അഡീഷണല്‍ വാര്‍ഷിക ഡെപ്പോസിറ്റുമായി. ഇനി എന്തെല്ലാമാണ് വന്നു പതിക്കാന്‍ പോവുന്നത് എന്ന് കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: