കൊച്ചി: ഫോര്‍ട്ട്‌കൊച്ചിയില്‍ പാലസ്തീന്‍ അനുകൂല ബാനറുകള്‍ നശിപ്പിച്ച കേസില്‍ ഓസ്‌ട്രേലിയന്‍ യുവതി സാറ മിഷേല്‍ ഷിലാന്‍സ്‌കിക്കെതിരായ തുടര്‍ കോടതി നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷിലാന്‍സ്‌കി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഇടക്കാല ഉത്തരവ്. ആഗസ്ത് 23 ന് കേസില്‍ കൂടുതല്‍ വാദം കേള്‍ക്കാന്‍ കോടതി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
പലസ്തീനിനെതിരായ ഇസ്രായേല്‍ നടപടികളില്‍ പ്രതിഷേധിച്ച് ജങ്കാര്‍ ജെട്ടിക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ബാനര്‍ രണ്ട് വിദേശ വിനോദസഞ്ചാരികള്‍ നശിപ്പിച്ചുവെന്നാരോപിച്ച് സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്ഐഒ) ഏരിയ സെക്രട്ടറി മുഹമ്മദ് അസീം നല്‍കിയ പരാതിയിലാണ് കേസ്. ബാനറുകള്‍ നശിപ്പിച്ചയാളാണ് ഷിലാന്‍സ്‌കിയെന്ന് കാണിച്ച് ഫോര്‍ട്ട്കൊച്ചി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഏപ്രില്‍ 18-ന് അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അന്വേഷണം പൂര്‍ത്തിയാക്കി മട്ടാഞ്ചേരിയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഷിലാന്‍സ്‌കിക്കെതിരെ കുറ്റം ചുമത്തി പോലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രദേശത്ത് കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബാനറുകള്‍ നശിപ്പിച്ചതെന്നായിരുന്നു ആരോപണം.
തുടര്‍ന്ന് റിപ്പോര്‍ട്ട് റദ്ദാക്കാനും കേസിലെ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കാനും ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: