കോഴിക്കോട്: വയനാട് ദുരന്തത്തിന്റെ പേരില്‍ സര്‍ക്കാര്‍ തലത്തില്‍ ഓണാഘോഷം ഒഴിവാക്കിയാല്‍ വലിയ സാമ്പത്തിക ദുരന്തം ഉണ്ടാകുമെന്ന് കെടിജിഎ സംസ്ഥാന പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു. കേരള ടെക്‌സ്‌റ്റൈല്‍സ് ഗാര്‍മെന്റസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയനാട്ടിലേക്ക് ഇനിയും സഹായം നല്കാന്‍ ഓണക്കച്ചവടം ഉണ്ടാകണം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. വിശേഷ ദിവസങ്ങള്‍ക്ക് മുന്‍പായി നഗരത്തില്‍ താത്കാലിക കടയ്‌ക്ക് നികുതി ഈടാക്കാനും ഓണ്‍ലൈന്‍ വ്യാപാരത്തിന് സെസ് ഏര്‍പ്പെടുത്താനും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും പട്ടാഭിരാമന്‍ കൂട്ടിച്ചേര്‍ത്തു.
കെടിജിഎ ജില്ലാ പ്രസിഡന്റ് ജോഹര്‍ ടാംട്ടണ്‍ അധ്യക്ഷനായി. തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായിുന്നു. കെടിജിഎ ജില്ലാ വനിത വിങ് ഉദ്ഘാടനം ബീനാ കണ്ണന്‍ നിര്‍വഹിച്ചു.കെടിജിഎയുടെ വയനാട് ദുരിതാശ്വാസ നിധി പദ്ധതിയായ തുണികൊണ്ട് ഒരു തണല്‍ പദ്ധതിയിലേക്ക് ജില്ലാ കമ്മിറ്റിയുടെ വിഹിതമായ ഏഴ് ലക്ഷം രൂപ പട്ടാഭിരാമന് ജോഹര്‍ ടാംട്ടന്‍ കൈമാറി. രക്ഷാപ്രവര്‍ത്തനം നടത്തിയ വയനാട് ജില്ലാ പ്രസിഡന്റ് അജിത്ത് കുമാറിനെ ആദരിച്ചു. ഉരുള്‍ പൊട്ടലില്‍ കട നഷ്ടപ്പെട്ട ഹംസയ്‌ക്കുള്ള സഹായം ജില്ലാ സെക്രട്ടറി പി.എസ്.സിറാജ് നല്കി.












