ന്യൂദല്‍ഹി: ഹിന്ദു, ബൗദ്ധ ന്യൂനപക്ഷ സമൂഹത്തെ കൂട്ടക്കൊല ചെയ്യുന്ന ബംഗ്ലാദേശില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് എക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന് (യുഎന്‍എച്ച്ആര്‍സി) പൗരപ്രമുഖരും അക്കാദമിക പണ്ഡിതരും കത്ത് അയച്ചു. പ്രജ്ഞ പ്രവാഹിന്റെയും ഗ്രൂപ്പ് ഓഫ് അക്കാദമിഷ്യന്‍സ് ആന്‍ഡ് ഇന്റലക്ച്വല്സിന്റെയും (ജിഐഎ) നേതൃത്വത്തില്‍ തയാറാക്കിയ കത്തില്‍ വിവിധ മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ ഒപ്പുവച്ചു.
സൈനിക അട്ടിമറിയെ തുടര്‍ന്നുള്ള രാഷ്ട്രീയ അസ്ഥിരത, ബംഗ്ലാദേശില്‍ നിലവിലുള്ള വിവേചനം വര്‍ധിപ്പിക്കുകയും രാജ്യത്തുടനീളം വ്യാപകമായ അരാജകത്വത്തിനും അക്രമത്തിനും കാരണമാവുകയും ചെയ്തുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അട്ടിമറിയെ തുടര്‍ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടി വന്നു. അട്ടിമറിക്ക് മുന്നോടിയായി തെരുവില്‍ അരങ്ങേറിയ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ പിന്നീട് വലിയ അശാന്തിയുടെ വേലിയേറ്റമാണ് സൃഷ്ടിച്ചത്. ഈ രാഷ്ട്രീയ ശൂന്യത പ്രതിപക്ഷത്തെയും ന്യൂനപക്ഷത്തെയും വേട്ടയാടുന്നതിലാണ് എത്തിയതെന്ന് കത്ത് സൂചിപ്പിക്കുന്നു.
സ്ത്രീകളും കുട്ടികളും ക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ കീഴ്പെടാനോ കുടിയേറ്റത്തിനോ നിര്‍ബന്ധിക്കുക എന്ന ലക്ഷ്യത്തോടെ ഹിന്ദു സ്ത്രീകള്‍ വ്യാപകമായി അക്രമങ്ങള്‍ക്ക് വിധേയരായി. പുരുഷന്മാരും സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം 1.5 ദശലക്ഷത്തിലധികം ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷ അഭയാര്‍ത്ഥികളും ഭാരതത്തില്‍ അഭയം തേടാന്‍ ശ്രമിക്കുന്നതായാണ് വിവരം.
ബംഗ്ലാദേശിലെ ജനസംഖ്യാപരമായ മാറ്റങ്ങളും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2022 ലെ ദേശീയ സെന്‍സസ് അനുസരിച്ച്, മുസ്ലീങ്ങള്‍ ജനസംഖ്യയുടെ 91 ശതമാനമാണ്, ഹിന്ദുക്കള്‍ ഏകദേശം 8 ശതമാനവും മറ്റ് ന്യൂനപക്ഷങ്ങള്‍ വെറും ഒരു ശതമാനവുമാണ്. ഇതെല്ലാം പരിഗണിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ഇരകളുടെ അഭിപ്രായം അറിയുന്നതിനും മനുഷ്യാവകാശ ലംഘനങ്ങള്‍ രേഖപ്പെടുത്തുന്നതിനും ബംഗ്ലാദേശിലേക്ക് ഒരു വസ്തുതാന്വേഷണ ദൗത്യ സംഘത്തെ അയയ്ക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും അന്തസും സംരക്ഷിക്കാന്‍ അടിയന്തരവും ഫലപ്രദവുമായ നടപടികള്‍ കൈക്കൊള്ളാന്‍ ബംഗ്ലാദേശ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം.
അഭയം തേടുന്നവര്‍ക്ക് സുരക്ഷിതമായ യാത്ര ഒരുക്കാനും മാനുഷിക സഹായം നല്‍കാനും ഐക്യരാഷ്ട്ര സഭ തയാറാകണം. അടിയന്തര സഹായത്തിനപ്പുറം, ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ഉറപ്പാക്കാനുള്ള ദീര്‍ഘകാല നിലപാടുകള്‍ ആവശ്യമാണ്. നിയമപരിഷ്കാരങ്ങള്‍, മെച്ചപ്പെട്ട സുരക്ഷാ നടപടികള്‍, ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവരുടെ പുനരധിവാസം തുടങ്ങിയവയില്‍ യുഎന്‍എച്ച്ആര്‍സിയുടെ അടിയന്തര നടപടി അനിവാര്യമാണെന്നും കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: