കൊല്‍ക്കൊത്ത: കൊല്‍ക്കത്തയില്‍ സര്‍ക്കാര്‍ നടത്തുന്ന ആര്‍ജി കര്‍ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്ന ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ഇത് ബലാത്സംഗമല്ല ആത്മഹത്യയാണെന്ന് പ്രഖ്യാപിച്ച പ്രിന്‍സിപ്പല്‍ ഡോ സന്ദീപ് ഘോഷിനെ വിമര്‍ശിച്ച് കല്‍ക്കത്ത ഹൈക്കോടതി. ഈ കേസില്‍ ആദ്യം ചോദ്യം ചെയ്യേണ്ടത് ഡോ. സന്ദീപ് ഘോഷിനെയാണെന്നും കല്‍ക്കത്ത ഹൈക്കോടതി പ്രസ്താവിച്ചതോടെ ഡോ. സന്ദീപ് ഘോഷിനെതിരെ പ്രതിഷേധം വ്യാപകമായി.
തൃണമൂല്‍ സര്‍ക്കാരും മുഖ്യമന്ത്രി മമത ബാനര്‍ജിയും വില്ലനായ ഈ പ്രിന്‍സിപ്പലിനെ ആദ്യം മുതലേ സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിജി ഡോക്ടറായ പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയാക്കാനായിരുന്നു ആര്‍ജി കര്‍ കോളെജ് പ്രിന്‍സിപ്പലായ ഡോ. സന്ദീപ് ഘോഷ് ആദ്യം ശ്രമിച്ചത്. പിന്നീട് സംഭവം ക്രൂരമായ ബലാത്സംഗമാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഡോ. സന്ദീപ്‍ ഘോഷിന്റെ രാജിയ്‌ക്കായി മുറവിളി ഉയര്‍ന്നു. സമ്മര്‍ദ്ദം ഏറിയതിനെ തുടര്‍ന്ന് അദ്ദേഹം രാജിവെച്ചെങ്കിലും മുഖ്യമന്ത്രി മമത ബാനര്‍ജി അദ്ദേഹത്തെ രക്ഷിയ്‌ക്കുകയായിരുന്നു. ഡോ. സന്ദീപ് ഘോഷിനെ അടുത്ത ദിവസം തന്നെ നാഷണല്‍ മെഡിക്കല്‍ കോളെജില്‍ പ്രിന്‍സിപ്പലായി മമത സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു. ഇതോടെ പ്രതിഷേധം വ്യാപകമായി. എന്തിനാണ് ഡോ. സന്ദീപ് ഘോഷിനെ മമത സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.
വിവിധ പൊതുതാല്‍പര്യ ഹര്‍ജികളില്‍ വാദം കേട്ട കല്‍ക്കത്ത ഹൈക്കോടതി എന്തിനാണ് ഡോ.സന്ദീപ് ഘോഷിനെ മറ്റൊരു കോളെജില്‍ പ്രിന്‍സിപ്പലായി നിയമിച്ചതെന്ന ചോദ്യം മമത സര്‍ക്കാരിനായി ഹാജരായ അഭിഭാഷകനോട് ചോദിച്ചു. ഇതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ അഭിഭാഷകന് കഴിഞ്ഞില്ല. “എന്തിനാണ് നിങ്ങള്‍ ഇദ്ദേഹത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്? അദ്ദേഹത്തിന്റെ പ്രസ്താവന റെക്കോഡ് ചെയ്യൂ. അദ്ദേഹത്തിന് ഈ സംഭവത്തെക്കുറിച്ച് അറിയാവുന്നതെല്ലാം പറയട്ടെ”- കേസില്‍ വാദം കേട്ട ഹൈക്കോടതി ബെഞ്ച് നിര്‍ദേശിച്ചു.
“ഈ ബലാത്സംഗവും കൊലപാതകവും അതിക്രൂരമാണ്. മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാന്‍ ഞങ്ങള്‍ക്കാവില്ല. എന്ത് ഉറപ്പാണ് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്? അവരുടെ വികാരം പ്രകടിപ്പിക്കുന്ന ഡോക്ടര്‍മാരെ കുറ്റപ്പെടുത്താനാവില്ല. “- കോടതി പറഞ്ഞു.
ചൊവ്വാഴ്ച മുതല്‍ നാഷണല്‍ മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാരായ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പില്‍ ഡോ. സന്ദീപ് ഘോഷിനെതിരെ സമരത്തിലാണ്. ഡോ. സന്ദീപ് ഘോഷിനും അദ്ദേഹത്തെ സംരക്ഷിക്കുന്ന എംഎല്‍എമാര്‍ക്കും എതിരെയാണ് സമരം.
ജൂനിയര്‍ ഡോക്ടറുടേത് അതിക്രൂരമായ ബലാത്സംഗവും കൊലപാതകവും
ബംഗാളിൽ ആർജികാർ മെഡിക്കൽ കോളേജിൽ വനിത ഡോക്‌ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. വനിതാ ഡോക്ടർ നേരിട്ടത് ക്രൂരപീഡനമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതി സഞ്ജയ് റോയ് ക്രൂരമായി ഡോക്‌ടറെ മർദിച്ചു. മർദനത്തിൽ വനിതാ ഡോക്ടറുടെ കണ്ണട പൊട്ടി ചില്ലുകൾ കണ്ണിൽ തുളച്ച് കയറിയെന്നും കണ്ണിൽ നിന്നും ചോര ഒലിച്ചെന്നും റിപ്പോർട്ടിലുണ്ട്.
രണ്ടു കണ്ണിലും വായിലും രക്തസ്രാവമുണ്ടായി. മുഖത്ത് നിറയെ മുറിവുകളുമുണ്ട്. ഇരയുടെ സ്വകാര്യ ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകളുണ്ട്. വലിയ തോതിൽ രക്തസ്രാവമുണ്ടായി. വയറ്റിലും ഇടതു കാലിലും കഴുത്തിലും വലതു കയ്യിലും മോതിരവിരലിലും ചുണ്ടിലും മുറിവുകളുണ്ടെന്ന് പോസ്‌റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതിക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.
കൊല്ലപ്പെട്ട ജൂനിയര്‍ ഡോക്ടറുടെ സ്വകാര്യ ഭാഗത്ത് നിന്നും 150 ഗ്രാം പുരുഷ ശുക്ലം പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. സാധാരണഗതിയില്‍ ഒരു പുരുഷന്‍ ഒരു സ്ത്രീയുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടാല്‍ പരമാവധി പുറന്തള്ളുക 150 ഗ്രാം ശുക്ലം മാത്രമാണ്. അതിനര്‍ത്ഥം ഒരാളല്ല, നിരവധി പേര്‍ ഈ ജൂനിയര്‍ ഡോക്ടറെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് തെളിയുന്നത്.
ബലപ്രയോഗത്തിനിടെ പ്രതി യുവതിയുടെ തല ചുമരിൽ ഇടിച്ചു. ശബ്ദമുണ്ടാക്കാതിരിക്കാൻ വാ പൊത്തിപ്പിടിച്ചു. എതിർക്കുന്തോറും മർദ്ദനം തുടർന്നു കൊണ്ടേയിരുന്നു.
വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്‌ടറെ ശനിയാഴ്ച പുലർച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാംവർഷ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. അർധനഗ്നമായ നിലയിലായിരുന്നു മൃതദേഹം കണ്ടത്.
ശനിയാഴ്ചയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല വിഡിയോയ്‌ക്ക് അടിമയായ സഞ്ജയ് കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി രക്തക്കറയുള്ള വസ്ത്രം അലക്കിയെന്നും പോലീസ് പരിശോധനയിൽ കണ്ടത്തിയിരുന്നു. പോലീസ് മുൻ വോളന്‍റിയറായ ഇയാൾ, 4 തവണ വിവാഹം ചെയ്തെന്നും പലപ്പോഴും ഭാര്യമാരെ ഉപദ്രവിച്ചിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക