ശ്രീനഗർ: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി, ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി . കഴിഞ്ഞ ദിവസങ്ങളിൽ സൈന്യത്തിന് നേരെയുണ്ടായ ആക്രമണങ്ങളെ മുൻ നിർത്തിയാണിത് .
ശ്രീനഗറിലെയും ജമ്മുവിലെയും സ്വാതന്ത്ര്യദിന ചടങ്ങുകളുടെ വേദികളിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നടപടികളുടെ ഭാഗമായി സൈന്യം പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു . പൊതുജനങ്ങൾ പരേഡിന്റെ പരിസരത്ത് പ്രവേശിക്കുന്നത് വിലക്കിയിട്ടുമുണ്ട് .
ശ്രീനഗറിൽ സുരക്ഷാസേന പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. റോഡ് ബ്ലോക്കുകളും ചെക്ക്‌പോസ്റ്റുകളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തിന്റെ ഭാഗമായി ശ്രീനഗറിലും മറ്റ് സെൻസിറ്റീവ് ഏരിയകളിലും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
പ്രധാന സ്വാതന്ത്ര്യദിന ചടങ്ങ് നടക്കുന്ന ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ, വാഹനങ്ങൾ പരിശോധിച്ച്, സുരക്ഷാ കാർഡുകൾ കൈവശമുള്ള ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്റ്റേഡിയം ഒന്നിലധികം തവണ സുരക്ഷാ പരിശോധനയ്‌ക്ക് വിധേയമാക്കി. ബക്ഷി സ്റ്റേഡിയത്തിൽ നടക്കുന്ന പ്രധാന സ്വാതന്ത്ര്യദിന ചടങ്ങിൽ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ അധ്യക്ഷനാകും.
പ്രാന്തപ്രദേശങ്ങളിലും അതീവ ജാഗ്രത ആവശ്യമുള്ള സ്ഥലങ്ങളിലും പോലീസിന്റെയും അർദ്ധസൈനിക വിഭാഗത്തിന്റെയും സാന്നിധ്യം അധികൃതർ വർദ്ധിപ്പിച്ചിട്ടുണ്ട്. വ്യോമ നിരീക്ഷണത്തിനായി ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ട്.കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടയിലും ആഘോഷത്തിന്റെ ആവേശം നിവാസികൾക്കിടയിൽ പ്രകടമാണ്. സ്‌കൂളുകളും സർക്കാർ ഓഫീസുകളും ത്രിവർണ പതാകയാൽ അലങ്കരിച്ചിരിക്കുകയാണ് . സാംസ്‌കാരിക പരിപാടികളുടെ റിഹേഴ്‌സലുകളും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: