പ്രധാനമന്ത്രി ഷേഖ് ഹസീനയെ സ്ഥാനഭ്രഷ്ടയാക്കി പലായനം ചെയ്യിച്ച ബംഗ്ലാദേശിലെ സംവരണ വിരുദ്ധ കലാപത്തിന്റെയും സൈനിക അട്ടിമറിയുടെയും യഥാര്‍ത്ഥ മുഖം പുറത്തുവന്നിരിക്കുകയാണ്. പലരും തെറ്റിദ്ധരിക്കുകയും പ്രചരിപ്പിക്കുകയുമൊക്കെ ചെയ്തതുപോലെ ഇത് അഴിമതിക്കും ഏകാധിപത്യത്തിനുമെതിരായ ജനമുന്നേറ്റമല്ലെന്ന് പൂര്‍ണമായും വ്യക്തമായിരിക്കുന്നു. സംവരണ വിരുദ്ധ പ്രക്ഷോഭത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട കലാപം ഫലത്തില്‍ ഹിന്ദുവിരുദ്ധ വംശഹത്യയാണെന്ന് സംശയാതീതമായി തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ പുറംലോകം അറിഞ്ഞിരിക്കുകയാണ്. ഹസീന സര്‍ക്കാരിന്റെ പതനത്തോടെ ഹിന്ദുക്കള്‍ക്കെതിരെ സംഘടിതമായ നിരവധി അക്രമങ്ങളാണ് നടന്നത്. രാജ്യവ്യാപകമായി നിരവധി ഹിന്ദു ആരാധനാലയങ്ങള്‍ തകര്‍ത്തു. ഇതില്‍ ക്ഷേത്രങ്ങളും ബുദ്ധവിഹാരങ്ങളും സിഖ് ഗുരുദ്വാരകളും ഹൈന്ദവ മതസ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. വീടുകള്‍ അഗ്നിക്കിരയാക്കി നൂറുകണക്കിന് ഹിന്ദുക്കളെ അരുംകൊല ചെയ്തു. അറുതിയില്ലാത്ത അക്രമങ്ങളും തീവയ്പ്പുകളും നടത്തി ഇസ്ലാമിക മതമൗലികവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമി രാജ്യത്തിന്റെ നിയന്ത്രണം കയ്യിലെടുത്തു. തെരുവുകള്‍ തോറും അഴിഞ്ഞാടിയ ഈ അക്രമികള്‍ ഹിന്ദുക്കളെ ഭയവിഹ്വലരാക്കി ആട്ടിപ്പായിക്കുകയാണ്. രാംപൂര്‍ മുതല്‍ ധാക്ക വരെ ഹിന്ദുക്കള്‍ക്കെതിരെ സംഘടിത സ്വഭാവമുള്ള ആക്രമണങ്ങളാണ് നടന്നത്. ഇത് സ്വാഭാവികമായി നടന്നതല്ല. വളരെ ആസൂത്രിതമായി നടന്ന വംശീയ ഉന്മൂലനം തന്നെയാണിത്. ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റിട്ടും അക്രമം തുടരുകയാണ്. ആയിരക്കണക്കിന് ഹിന്ദുക്കള്‍ ഭാരതത്തിലേക്ക് അഭയാര്‍ത്ഥികളായെത്താന്‍ അതിര്‍ത്തികളിലേക്ക് വന്നുകൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അക്രമികളെ നിലയ്ക്കു നിര്‍ത്തുന്നതിലും ഇരകളെ സംരക്ഷിക്കുന്നതിലും ഇടക്കാല സര്‍ക്കാരും സൈന്യവും പരാജയപ്പെട്ടിരിക്കുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിനു പകരം ന്യൂനപക്ഷമായ ബുദ്ധമതക്കാരും സിഖുകാരുമൊക്കെയടങ്ങുന്ന ഹിന്ദുക്കള്‍ക്കെതിരായ ഹീനമായ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. അക്രമങ്ങള്‍ അവസാനിപ്പിക്കുമെന്നും, എല്ലാവരെയും സംരക്ഷിക്കുമെന്നുമൊക്കെയുള്ള ഇടക്കാല സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റിരിക്കുന്ന മുഹമ്മദ് യൂനുസിന്റെ പ്രസ്താവന ഗാലറിക്കുവേണ്ടിയുള്ളതാണ്. ബംഗ്ലാദേശിലെ ഹിന്ദു ഉന്മൂലനത്തിന്റെ ഗുണഭോക്താവാണ് ഒരര്‍ത്ഥത്തില്‍ യൂനുസ്. സൈന്യത്തിന്റെ സഹായത്തോടെയുള്ള ഇസ്ലാമിക മതമൗലികവാദികളുടെ അക്രമങ്ങള്‍ അരങ്ങേറുകയും, പ്രധാനമന്ത്രി ഹസീനക്ക് രാജിവച്ച് ഭാരതത്തിലേക്ക് ഓടിപ്പോരേണ്ടിവരികയും ചെയ്തപ്പോള്‍ യൂനുസ് ബംഗ്ലാദേശിലുണ്ടായിരുന്നില്ല. നേരത്തെ ആസൂത്രണം ചെയ്ത തിരക്കഥയിലെന്നപോലെ തല്‍പ്പരകക്ഷികള്‍ യൂനുസിനെ പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. ബംഗ്ലാദേശില്‍ അക്രമങ്ങള്‍ നടത്തുകയും, സര്‍ക്കാരിനെ അട്ടിമറിക്കുകയും ചെയ്തവരുടെ പിന്തുണയോടെ ചില വൈദേശിക ശക്തികള്‍ നൊബേല്‍ പുരസ്കാര ജേതാവായ യൂനുസിനെ പ്രധാനമന്ത്രിക്കസേരയില്ക്കൊണ്ടിരുത്തുകയാണ് ചെയ്തിരിക്കുന്നത്. ഇവരുടെ കയ്യിലെ ഒരു കളിപ്പാവ മാത്രമായിരിക്കും ഈ ഭരണാധികാരിയെന്ന കാര്യം വ്യക്തമാണ്. അക്രമങ്ങള്‍ അടിച്ചമര്‍ത്താനല്ല, തങ്ങളുടെ ഭാരത-ഹിന്ദുവിരുദ്ധ അജണ്ട പൂര്‍ത്തീകരിക്കാനായിരിക്കും വൈദേശിക ശക്തികള്‍ യൂനുസിനെ ഉപയോഗിക്കുക.
ഷേഖ് ഹസീന അധികാരത്തില്‍നിന്ന് പുറത്തായതിനെ വസന്തവിപ്ലവമായും ഏകാധിപത്യത്തിന്റെ അന്ത്യമായും ചിത്രീകരിക്കുന്നവര്‍ വലിയ തിന്മയാണ് അവിടുത്തെ മതന്യൂനപക്ഷമായ ഹിന്ദുക്കളോട് ചെയ്തത്. ഹിന്ദുക്കള്‍ എവിടെയായിരുന്നാലും ആക്രമിക്കപ്പെടേണ്ടവരാണെന്ന ചിന്താഗതിയാണ് ഇവര്‍ പുലര്‍ത്തുന്നത്. അതേസമയം തങ്ങള്‍ മതേതരത്വത്തിന്റെ അപ്പോസ്തലന്മാരാണെന്ന് ഇവര്‍ അവകാശപ്പെടുകയും ചെയ്യും. ബംഗ്ലാദേശിലേത് സര്‍ക്കാര്‍ വിരുദ്ധ സംവരണ പ്രക്ഷോഭമല്ലെന്നും, ഇസ്ലാമിക മതഭീകരതയുടെ അഴിഞ്ഞാട്ടമാണെന്നും തിരിച്ചറിഞ്ഞിട്ടും അത് സമര്‍ത്ഥമായി മൂടിവയ്ക്കുകയാണ് പല മാധ്യമങ്ങളും ചെയ്തത്. അക്രമങ്ങളുടെയും ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നിട്ടും അതേക്കുറിച്ച് നിശബ്ദത പാലിക്കുകയും, ബംഗ്ലാദേശിലെപ്പോലെ ഭാരതത്തിലും നടന്നുകാണാന്‍ ആഗ്രഹിക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാക്കളെ ഇനിയും തിരിച്ചറിയാതിരിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. ബംഗ്ലാദേശില്‍ കൊലചെയ്യപ്പെടുന്നത് അവിടുത്തെ മതന്യൂനപക്ഷമായ ഹിന്ദുക്കളാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറയരുതായിരുന്നു എന്നു ചിന്തിക്കുന്നവരെ കരുതിയിരിക്കണം. അവര്‍ കറുത്ത ആടുകളാണ്. ഇത്തരം ഹിന്ദുനാമധാരികള് പാര്‍ലമെന്റിലെത്താതിരിക്കാന്‍ ഹിന്ദുക്കള്‍ ജാഗ്രത പാലിക്കണം. ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യയ്ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ യഥാര്‍ത്ഥ മതവിശ്വാസികള്‍ക്കും മതേതരവാദികള്‍ക്കും ഉത്തരവാദിത്വമുണ്ട്. അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ ഹിന്ദുക്കളെ മാത്രമായിട്ട് മതേതരത്വം പഠിപ്പിക്കാന്‍ ആരും വരരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: