ഹരിപ്പാട്: ലക്ഷങ്ങള്‍ ചെലവഴിച്ച് ഒരു മാസത്തിലേറെയായി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന മുഖ്യധാര ക്ലബ്ബുകളിലേതുള്പ്പടെയുള്ള തുഴച്ചില്‍ താരങ്ങള്‍ പരിശീലനമുപേക്ഷിച്ച് തട്ടകത്തിലേക്ക് മടങ്ങി. ചുണ്ടന്‍വള്ളങ്ങള്‍ മാലിപ്പുരയിലേക്കും.
പുന്നമട കായലില്‍ നടക്കുന്ന നെഹ്റുട്രോഫി ജലോത്സവം വയനാട് ദുരന്തപശ്ചാത്തലത്തില്‍ മാറ്റിവെച്ചതോടെയാണ് തുഴച്ചില്‍ താരങ്ങള്‍ മടങ്ങിയത്. ഇതോടെ മത്സരത്തിനായി രജിസ്റ്റര്‍ ചെയ്യുകയും പരിശീലനത്തിനിറക്കിയ വള്ളങ്ങളെല്ലാം മാലിപ്പുരകളിലേക്ക് കയറ്റി തുടങ്ങി. ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍പെട്ട ജലരാജാക്കന്മാരെ മാസങ്ങള്‍ക്ക് മുമ്പ് തന്നെ മുഖ്യധാരാ ക്ലബ്ബുകള്‍ തങ്ങളുടെ പരിധിയിലാക്കിയിരുന്നു. 25 ലക്ഷം മുതല്‍ ഒരു കോടി രൂപയ്ക്ക് വരെയാണ് ചുണ്ടന്‍വള്ള സമിതികളുമായി ക്ലബ് ഭാരവാഹികളുമായി ഉടമ്പടി ഉണ്ടാക്കിയത്. 5 ലക്ഷം മുതല്‍ 40 ലക്ഷം വരെ വള്ള സമിതികള്‍ ക്ലബ്ബുകള്‍ക്ക് അഡ്വാന്‍സും നല്കി. നെഹ്രു ട്രോഫിയും തുടര്‍ന്ന് നടക്കുന്ന പന്ത്രണ്ട് ചാമ്പ്യന്‍സ് ബോട്ട് ലീഗ് കളികള്‍ക്കും വേണ്ടിയാണ് ഭീമമായ തുക നല്കി പരിശീലനം ആരംഭിച്ചത്.
വീയപുരം കാരിച്ചാല്‍, പായിപ്പാട്, ആയാപറമ്പ് വലിയ ദിവാന്‍ജി, തലവടി, നിരണം, നടുഭാഗം, ചമ്പക്കുളം തുടങ്ങിയ വള്ളങ്ങള്‍ വളരെ നേരത്തെ തന്നെ പരിശീലനത്തിനിറങ്ങി. ഓരോ ചുണ്ടന് വള്ളം സമിതി ഭാരവാഹികളും കരക്കാരില്‍ നിന്നും സഹകാരികളില്‍ നിന്നും പിരിച്ചെടുത്താണ് ക്ലബ്ബുകള്‍ക്ക് നല്കിയതെന്നിരിക്കെ നഷ്ടത്തിന്റെ വ്യാപ്തി വലുതാണ്. വരുംദിവസങ്ങളില്‍ മറ്റു വള്ളങ്ങളും വള്ളപ്പുരകളിലെത്തും. സര്‍ക്കാര്‍ പ്രഖ്യാപനത്തോടെ സീസണിലെ പ്രതീക്ഷകള്‍ അസ്തമിച്ച് മനോവീര്യവും തകര്‍ന്ന നിലയിലാണ് ചുണ്ടന്‍വള്ള സമിതികളും ക്ലബ് ഭാരവാഹികളും തുഴച്ചില്‍ താരങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: