വൈദേശിക ശക്തികളുടെ ഭരണത്തിൽ നിന്നും മോചനം നേടായി ജീവൻ പോലും നൽകിയവരുടെ ജീവിതത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ സ്വാതന്ത്ര്യ ദിനവും.ഇന്ത്യയുടെ നിരന്തരമായ പോരാട്ടത്തിൽ അഹോരാത്രം പ്രയ്ത്നിച്ച് ഒടുവിൽ മരണം ഏറ്റുവാങ്ങിവരുണ്ട് . ചരിത്രത്തിൽ ആരാലും അറിയപ്പെടാതെ പോയവർ.
റമ്പാ കലാപത്തിലെ വീരനായകൻ എന്ന പേരിലാണ് അല്ലൂരി സീതാരാമ രാജു അറിയപ്പെടുന്നത് .ഇന്ത്യൻ വനവിഭവങ്ങളുടെ വൈദേശിക ചൂഷണത്തിന് നിയമം കൊണ്ടുവന്ന് ആദിവാസികളെ അവരുടെ മണ്ണിൽ തന്നെ അന്യരാക്കിയത് ബ്രിട്ടീഷുകാരാണ്. ഇതിനെതിരെ ഇന്ത്യയുടെ വിവിധയിടങ്ങളിൽ ആദിവാസികൾ നടത്തിയ പോരാട്ടങ്ങൾ ഐതിഹാസികമാണ്. അവയിൽ പ്രമുഖമാണ് അല്ലൂരി സീതാരാമ രാജു നയിച്ച റമ്പാ കലാപം.
ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും ഒരു നാടോടി നായകൻ എന്നതിലുപരി കാടിന്റെ നായകൻ എന്നർത്ഥം വരുന്ന മന്യം വീരുടു എന്നദേഹം അറിയപ്പെട്ടു. ചെറുപ്പത്തിൽ തന്നെ വിദ്യാഭ്യാസം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച അല്ലൂരി വനമേഖലയിൽ താമസമുറപ്പിച്ചു. കിഴക്കൻ ഗോദാവരിയിലെ വനമേഖലയിൽ അല്ലൂരി ബ്രിട്ടീഷ് വനനിയമങ്ങൾ ആദിവാസികളിൽ വിതച്ച നാശം നേരിൽ കണ്ടു. ആദിവാസികളെ സംഘടിപ്പിച്ച് ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ അല്ലൂരി നേതൃത്വം നൽകി.
1922 മുതൽ 1924 വരെ ബ്രിട്ടീഷുകാർക്കെതിരെ ഗറില്ലാ യുദ്ധം നടത്തി. ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന്റെ തലയ്‌ക്ക് പതിനായിരം രൂപ വിലയിട്ടു. 1924 മെയ് ഏഴിന് അല്ലൂരി ചിന്താപ്പള്ളി വനാന്തരങ്ങളിൽ വെച്ച് പിടികൂടപ്പെട്ടു. ഒരു വടവൃക്ഷത്തോട് ചേർത്തുകെട്ടി ബ്രിട്ടീഷ് പൊലീസ് 27 -കാരനായ അല്ലൂരി സീതാരാമ രാജുവിനെ വെടിവച്ചുകൊന്നു. വിശാഖപട്ടണത്തിനു അടുത്ത് കൃഷ്ണദേവിപ്പെട്ടയിൽ അദ്ദേഹത്തിന്റെ കല്ലറയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: