ന്യൂഡൽഹി ; ജാർഖണ്ഡിലെ ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റം കുറയ്‌ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം .സന്താൽ പർഗാനയിൽ താമസിക്കുന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി അവരെ നാടുകടത്താനുള്ള ആക്ഷൻ പ്ലാൻ കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്.
ജസ്റ്റിസ് സുജിത് നാരായൺ പ്രസാദ്, ജസ്റ്റിസ് അരുൺ കുമാർ റായി എന്നിവരടങ്ങിയ ബെഞ്ചാണ് ദുംക, പാകൂർ, ജംതാര, ദിയോഘർ, സാഹെബ്ഗഞ്ച്, ഗോഡ്ഡ ജില്ലകളിലെ ഡിഎംമാരോട് ജില്ലകളിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളുടെ വിവരങ്ങൾ ആവശ്യപ്പെട്ടത്.
നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കോടതി പറഞ്ഞു.‘ എന്തുകൊണ്ട് ഒരു പ്രത്യേക സംഘം രൂപീകരിക്കുന്നില്ല? ഈ മേഖലകളിൽ വ്യാജ റേഷൻ കാർഡുകളും വോട്ടർ ഐഡൻ്റിറ്റി കാർഡുകളും ആധാർ കാർഡുകളും നിർമ്മിക്കുന്നുണ്ട്. തെറ്റായ ഇത്തരം പേപ്പറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. നുഴഞ്ഞുകയറ്റക്കാർ തദ്ദേശവാസികളുടെ അവകാശങ്ങൾ ലംഘിക്കുന്നു.
റേഷൻ കാർഡ്, വോട്ടർ കാർഡ്, ആധാർ കാർഡ് അല്ലെങ്കിൽ ബിപിഎൽ കാർഡ് തുടങ്ങിയ രേഖകൾ പരിശോധിച്ചതിന് ശേഷം മാത്രമേ ‘അവകാശരേഖ’ നൽകുന്നുള്ളൂവെന്ന് ഉറപ്പാക്കാൻ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ ബന്ധപ്പെട്ട ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഇനി ഈ കേസിൽ അടുത്ത വാദം ഓഗസ്റ്റ് 22ന് നടക്കും.
ധാരാളം നുഴഞ്ഞുകയറ്റക്കാർ സന്താൽ പർഗാനയിൽ പ്രവേശിച്ചിട്ടുണ്ടെന്നും അതുമൂലം അവിടത്തെ ജനസംഖ്യാക്രമം മാറുകയും തദ്ദേശവാസികളുടെ എണ്ണം കുറയുകയും ചെയ്യുന്നുവെന്നും കാട്ടി ജാർഖണ്ഡ് ഹൈക്കോടതിയിൽ ജംഷഡ്പൂർ നിവാസിയായ ഡാനിയാൽ ഡാനിഷാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: