മുസ്ലിം മതസംരക്ഷണമെന്ന പേരിലൊരു പച്ച നുണ വിളമ്പി പ്രതിപക്ഷ മുറവിളി. അതില്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ്, മുസ്ലിംലീഗ് ഭേദമില്ല. എല്ലാവര്ക്കും ഒരേ സ്വരം. ദശാബ്ദങ്ങളായി വഖഫ്ബോര്‍ഡിന്റെ മറവില്‍ പ്രവര്‍ത്തിച്ചുവരുന്ന മാഫിയാ സംഘത്തെ സഹായിക്കാനായിരുന്നു അത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ഉറഞ്ഞുതുള്ളുകയായിരുന്നു. പാര്‍ലമെന്റില്‍ ചര്‍ച്ചയില്ല, അഭിപ്രായ സ്വാതന്ത്ര്യമില്ല എന്നു പറഞ്ഞുകൊണ്ടിരുന്ന പ്രതിപക്ഷത്തിന്റെ യഥാര്‍ത്ഥമുഖമാണ് വഖഫ് ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ കണ്ടത്. ഏതായാലും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കുശേഷം ബില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടിരിക്കുകയാണ്. വഖഫ് ബോര്‍ഡില്‍ മുസ്ലിങ്ങളല്ലാത്തവരേയും ഉള്‍പ്പെടുത്തുമെന്നത് പച്ച നുണയാണ്. ചര്‍ച്ചകള്‍ക്ക് മറുപടി പറയവേ മന്ത്രി കിരണ്‍ റിജുജു വ്യക്തമാക്കി. പ്രദേശത്തെ എംപിയേയോ റവന്യൂ രേഖകളുടെ ചുമതലക്കാരനായ കലക്ടറേയോ ഉള്‍പ്പെടുത്തുന്നത് മതത്തിന്റെ പേരിലല്ല. കോടിക്കണക്കിന് പാവപ്പെട്ട മുസ്ലിങ്ങളുടെയും വനിതകളുടെയും സംരക്ഷണമാണ് ബില്‍ ലക്ഷ്യമിടുന്നത്.
ബില്ലിനെ എതിര്‍ത്ത സമാജ്വാദി പാര്‍ട്ടി മുസ്ലിങ്ങളോടുള്ള അനീതിയാണിതെന്നും, വലിയൊരു തെറ്റാണു നടക്കാന്‍ പോകുന്നതെന്നും, അതിന്റെ പരിണിതഫലം കാലങ്ങളോളം അനുഭവിക്കേണ്ടി വരുമെന്നും പ്രസ്താവിച്ചു. ബില്‍ മതസ്വാതന്ത്ര്യത്തിനെതിരെന്നു തൃണമൂല്‍ കോണ്‍ഗ്രസും, ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന് ഡിഎംകെയും വാദിച്ചു. വഖഫ് ബോര്‍ഡുകളില്‍ 2 മുസ്ലിം ഇതര വിഭാഗക്കാരെയും 2 വനിതകളെയും ഉറപ്പാക്കണമെന്ന നിര്‍ദേശമാണു ബില്ലില്‍ ഏറ്റവും പ്രധാനം. വഖഫ് സ്വത്തുക്കളുടെ കൃത്യമായ നടത്തിപ്പിനു നിയമഭേദഗതി അനിവാര്യമാണെന്നും, ബില്ലിലെ വ്യവസ്ഥകള്‍ വനിതകളെ സഹായിക്കാനാണെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. 1923 ലെ മുസല്മാന് വഖഫ് ആക്ട് പിന്‍വലിക്കാന്‍ മറ്റൊരു ബില്ലും അവതരിപ്പിക്കും. പാര്‍ലമെന്റ് അംഗങ്ങളെ അവരുടെ മതവുമായി ചേര്‍ത്ത് അഭിസംബോധന ചെയ്യുന്നത് ശരിയല്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറയുകയുണ്ടായി. വഖഫ് ബോര്‍ഡില്‍ വിവിധ മതസ്ഥര്‍ അംഗങ്ങളാവണമെന്നല്ല ഭേദഗതി ബില്ലിലൂടെ ഉദ്ദേശിക്കുന്നത്. ഒരു പാര്‍ലമെന്റംഗം ബോര്‍ഡില്‍ അംഗമാവണമെന്നാണ് നിര്‍ദേശം. പാര്‍ലമെന്റംഗത്തിന്റെ മതം ഹിന്ദുവോ ക്രിസ്ത്യാനിയോ ആയാല്‍ എന്തുചെയ്യാന്‍ കഴിയുമെന്നും കിരണ്‍ റിജിജു ചോദിച്ചു. ഇക്കാരണത്താല്‍ വഖഫ് ബോര്‍ഡില്‍ അംഗമാക്കപ്പെട്ട പാര്‍ലമെന്റംഗത്തിന്റെ മതം മാറ്റാന്‍ കഴിയുമോ എന്നും റിജിജു ചോദിച്ചു.
കര്‍ണാടക വഖഫ് ബോര്‍ഡ് 29000 ഏക്കര്‍ ഭൂമി വാണിജ്യ ആവശ്യത്തിനായി നല്കി. ഇത്തരത്തില്‍ വഖഫ് ബോര്‍ഡിന്റെ സ്വത്ത് വകകള്‍ ചിലര്‍ ധൂര്‍ത്തടിക്കുകയാണ്. കോണ്‍ഗ്രസ് കള്ളം പറയുകയാണ്. വഖഫ് ബോര്‍ഡ് ട്രൈബ്യൂണലില്‍ നിരവധി കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഭേദഗതിയിലൂടെ ഈ കേസുകളെല്ലാം തീര്‍പ്പാക്കാനാകും. ഇതിനായി മൂന്നംഗ ട്രൈബ്യൂണല്‍ സ്ഥാപിക്കും. 90 ദിവസത്തിനുള്ളില്‍ പരാതിക്കാര്‍ക്ക് വഖഫ് ട്രൈബ്യൂണലിനെ സമീപിക്കാം.
6 മാസത്തിനകം കേസുകള്‍ തീര്‍പ്പാക്കാനും പുതിയ ഭേദഗതിയില്‍ നിര്‍ദേശമുണ്ട്. സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കും. മുസ്ലിം സമുദായത്തിലെ പിന്നാക്കം നില്ക്കുന്ന വിഭാഗക്കാര്‍ക്ക് വഖഫ് ബോര്‍ഡില്‍ കൂടുതല്‍ പ്രാതിനിധ്യം കൈവരും. 2023 ല്‍ സാധാരണക്കാരായ മുസ്ലിം സഹോദരങ്ങളുമായും ചര്‍ച്ച നടത്തി. അതിനു മുന്‍പ് നിരവധി തവണ സംസ്ഥാന വഖഫ് ബോര്‍ഡുകളുമായും ചര്‍ച്ചകള്‍ നടന്നിരുന്നു. ഈ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഭേദഗതി ബില്ലിന് രൂപം നല്‍കിയത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ക്ഷേത്ര ഭൂമി പോലും വഖഫിന് കീഴിലായതെങ്ങനെയെന്ന് ബില്ലിനെ എതിര്‍ക്കുന്നവര്‍ പറയണം. 1500 വര്‍ഷം പഴക്കമുള്ളതാണ് ക്ഷേത്രം. ഇപ്പോള്‍ നീതി അവകാശപ്പെട്ടവര്‍ക്ക് അത് നല്‍കുകയാണ് ചെയ്യുന്നത്. വഖഫ് ഭൂമി ചില മാഫിയകളുടെ കൈകളിലാണ്. വിഷയത്തില്‍ പ്രതിപക്ഷം തെറ്റിദ്ധാരണ പടര്‍ത്തുകയാണ്. ബില്ലിനെ എതിര്‍ക്കുന്നവര്‍ക്ക് ചരിത്രം മാപ്പു തരില്ല.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടാണ് വഖഫ് ഭേദഗതി ബില്ലിന് ആധാരം. യുപിഎ സര്‍ക്കാരിന് ചെയ്യാന്‍ കഴിയാത്തതാണ് ഇപ്പോള്‍ ചെയ്യുന്നത്. മതസ്വാതന്ത്യത്തില് കൈ കടത്തില്ല. ആരുടെയും ഒരവകാശവും കവര്‍ന്നെടുക്കുകയില്ലെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. ഭരണഘടനയിലെ 25 മുതല്‍ 30 വരെ അനുച്ഛേദങ്ങളെ വഖഫ് ഭേദഗതി ബില്‍ ബാധിക്കില്ല. മുസ്ലിം സമുദായത്തില്‍ പിന്നാക്കം നില്ക്കുന്ന വനിതകളെയും കുട്ടികളെയും മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനാണ് ഈ ഭേദഗതി കൊണ്ടുവന്നത്. 1954ലാണ് വഖഫ് ബില്‍ കൊണ്ടുവന്നത്. അതിനുശേഷം ഈ ബില്ലില്‍ ഒരു തരത്തിലുള്ള ഭേദഗതിയും ഉണ്ടായിട്ടില്ല. ഇത്രയും കാലം വഖഫിനുവേണ്ടി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഒന്നും ചെയ്തിട്ടില്ല. സാധാരണക്കാരായ മുസ്ലിം സഹോദരങ്ങള്‍ക്കു വേണ്ടിയാണ് ഈ ഭേദഗതി. 1995 ലെ വഖഫ് നിയമത്തില്‍ 44 ഭേദഗതികളാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ബില്‍ നിയമമായാല്‍ വഖഫ് ഇടപാടുകളിലും സ്വത്തു തര്‍ക്കങ്ങളിലും തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് സവിശേഷാധികാരം ലഭിക്കും. ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകാനും വ്യവസ്ഥയുണ്ട്. നിലവിലെ നിയമം അനുസരിച്ചു വഖഫ് ബോര്‍ഡിലെ 6 അംഗങ്ങള്‍ തിരഞ്ഞെടുപ്പിലൂടെയാണ് സ്ഥാനം ഏല്‍ക്കുന്നത്. ഇനി മുതല്‍ മുഴുവന്‍ അംഗങ്ങളെയും സര്‍ക്കാരിനു നേരിട്ടു നിയമിക്കാമെന്നും വ്യവസ്ഥയുണ്ട്. 1923 ല്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ബോര്‍ഡിന്റെ തണലില്‍ പ്രമാണിമാരായ തട്ടിപ്പുകാരുടെ കൂട്ടായ്മ കൊള്ള ഭരണത്തിനാണ് ഇതോടെ അന്ത്യമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: