രണ്ടാഴ്ച നീണ്ട ഒളിംപിക് പൂരം നാളെ കൊടിയിറങ്ങുകയാണ്. ഉദ്ഘാടനച്ചടങ്ങിലെ വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചാണ് സമാപനച്ചടങ്ങുകളുടെ അവസാനവട്ട ഒരുക്കങ്ങള്‍.
എണ്ണമറ്റാത്ത പരീശീലനങ്ങളും വെട്ടിത്തിരുത്തലുകളുമായി സമാപനച്ചടങ്ങിന്റെ സംവിധായകന് തിയറി റെബോളും കലാസംവിധായകനും നടനുമായ തോമ ജോളിയും ഇത്തവണയും മുന്നില്‍ത്തന്നെയുണ്ട്. ഉദ്ഘാടനച്ചടങ്ങിനെ വിവാദമാക്കിയ ‘ക്രിസ്തുവിന്റെ അന്ത്യ അത്താഴം’ ലോകമെമ്പാടുമുള്ള ക്രിസ്തുമതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്താന്‍ ചെയ്തതല്ലെന്നും പതിനേഴാം നൂറ്റാണ്ടിലെ ഒരു ഗ്രീക്ക് ചിത്രത്തില്‍ നിന്നുള്ള പ്രചോദനം മാത്രമായിരുന്നു എന്നുമൊക്കെപ്പറഞ്ഞു തടിതപ്പാന്‍ നോക്കിയെങ്കിലും, വമ്പിച്ച പ്രതിഷേധങ്ങളും വധഭീഷണികളുമൊക്കെ ഇരുവരെയും ഒന്ന് വിറപ്പിച്ചിട്ടിട്ടുണ്ട്. അതിനാലാണ് വീണ്ടും തെറ്റിദ്ധാരണയ്ക്ക് അവസരം നല്‍കാതെ പരമാവധി കുറ്റമറ്റതാക്കാനും, വിമര്‍ശനങ്ങളാല്‍ മൂടപ്പെട്ട ഉദ്ഘാടനച്ചടങ്ങിന്റെ ക്ഷീണം തീര്ക്കാനുമായുള്ള അതീവ പരിശ്രമമെന്നാണ് വിവരം. ഇതുവരെയും പരിപാടിയുടെ പൂര്‍ണ്ണവിവരങ്ങള്‍ പുറത്ത് വിടാത്തതും അവസാനവട്ട മാറ്റങ്ങള്‍ക്ക് വേണ്ടിയാണെന്നൊരു അടക്കംപറച്ചില്‍ ഇപ്പോള്‍ത്തന്നെ പാരീസിലെ തെരുവുകളില്‍ കേള്‍ക്കുന്നുണ്ട്.
ഫ്രഞ്ച് സംഗീതത്തിന്റെ അഭിമാനങ്ങളായ രണ്ട് ബാന്‍ഡുകളാണ് സമാപന ചടങ്ങിനെ പ്രകമ്പനം കൊളിക്കാനെത്തുന്നത്- ഫിനിക്സും എയറും. 90കളില്‍ യുവാക്കളെ ഹരം കൊള്ളിപ്പിച്ച ഇലക്ട്രോ, ഡാന്‍സ്, ജാസ്, റോക്ക്ബീറ്റുകള് എന്നിവ എല്ലാം കൂടിച്ചേര്‍ത്ത് ലോകത്തില്‍ പോപ്പ് സംഗീത കൊടുംകാറ്റ് ഒരുക്കിയ ഈ രണ്ട് ബാന്‍ഡുകള്‍ പതുക്കെ വിസ്മൃതിയിലാണ്ടുപോയെങ്കിലും ഇന്നും ഫ്രഞ്ച് യുവാക്കള്‍ക്ക് പ്രിയപ്പെട്ടവ തന്നെ..
അതോടൊപ്പം ചടങ്ങില്‍ ടെയിലര്‍ സ്വിഫ്റ്റോ ബിയോന്സെയോ സംഗീതനിശ അവതരിപ്പിക്കുമെന്നും ഏകദേശം ഉറപ്പായിട്ടുണ്ട്. ഇതിനൊക്കെപ്പുറമേ, കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുവാന്‍ അഭ്യാസപ്രകടനവുമായി ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂസും സംഘവുമെത്തുന്നുണ്ട്. തന്റെ ബൈക്കില്‍ സാഹസിക പ്രകടനം കാഴ്ചവച്ചു കൊണ്ട് സമാപനച്ചടങ്ങു നടക്കുന്ന സ്റ്റേഡിയത്തില്‍ പറന്നിറങ്ങി അടുത്ത ഒളിംപിക്സിന് വേദിയാകുന്ന ലോസ് ഏഞ്ചല്‍സിലേക്ക് ഒളിംപിക്സ് പതാക സ്വീകരിച്ചു കൊണ്ടുപോകുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രകടനം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: