ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്കും, ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിനും കോടതി നോട്ടീസ് അയച്ചു. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് നടപടി. ഓഗസ്റ്റ് 29ന് മുമ്പ് ഇരുവരും കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും അന്വേഷണം നേരിടണമെന്നും നോട്ടീസിൽ വ്യക്തമാക്കി.
2022ൽ നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് കർണാടകയിൽ കോൺഗ്രസ് നേതാക്കൾ പ്രതിഷേധം നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇഡി രാഹുൽ ഗാന്ധിയെ അനാവശ്യമായി ചോദ്യം ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
പ്രതിഷേധം നടത്തരുതെന്ന് സിറ്റി പോലീസ് വിലക്കിയിട്ടും ഇത് ലംഘിച്ചായിരുന്നു നേതാക്കൾ പ്രതിഷേധിച്ചത്. തുടർന്ന് വിൽസൺ ഗാർഡൻ പോലീസ് സ്‌റ്റേഷനിനും ശിവാജിനഗർ സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ശിവാജി നഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അടുത്തിടെ കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: