കൊച്ചി: വയനാട് ദുരന്തത്തിന്റെ പേരില്‍ സര്‍ക്കാരില്‍നിന്ന് മുന്‍കൂര്‍ അനുമതിവാങ്ങാതെ വിവിധ സംഘടനകള്‍ നടത്തുന്ന ധനശേഖരണം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹർജി ഹൈക്കോടതി തള്ളി. സിനിമാ നടന്‍ കൂടിയായ കാസര്‍കോട് സ്വദേശി അഡ്വ. സി ഷുക്കൂര്‍ സമര്‍പ്പിച്ച ഹർജിയാണ് പിഴയോടെ തള്ളിയത്.
പിഴത്തുകയായി 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, വി എം ശ്യാം കുമാര്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാനും ചെലവഴിക്കാനും കേന്ദ്രീകൃത സംവിധാനം ഉണ്ടാക്കണമെന്നും വിവിധ സംഘടനകള്‍ ധനശേഖരണം നടത്തുന്നത് നിരുല്‍സാഹപ്പെടുത്തണമെന്നുമാണ് പൊതുതാല്‍പര്യ ഹർജിയിലെ ആവശ്യം.
ദുരിതമനുഭവിക്കുന്നവരുടെ ദുരിതാശ്വാസത്തിനായി സര്‍ക്കാരിലൂടെ അല്ലാതെ ശേഖരിക്കുന്ന ഫണ്ട് ഉദ്ദേശിച്ച ഗുണഭോക്താക്കളില്‍ എത്തുന്നില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഫണ്ട് ദുരുപയോഗം ചെയ്തതിന് കൃത്യമായ ഉദാഹരങ്ങളൊന്നും ചൂണ്ടിക്കാട്ടാന്‍ ഹര്‍ജിക്കാരന് ആയില്ല. ഫണ്ട് ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹര്‍ജിക്കാരന്‍ ജില്ലാ ഭരണകൂടത്തെയോ നിയമപാലകരെയോ സമീപിച്ച് പരാതികളൊന്നും നല്‍കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഹര്‍ജിക്കാരന്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും കോടതി വാക്കാല്‍ പറഞ്ഞു. കോടതിയുടെ സമയം പാഴാക്കിയെന്ന് ചൂണ്ടിക്കാട്ടിയും രൂക്ഷവിമര്‍ശനമുണ്ടായി. വിവിധ സ്വകാര്യ വ്യക്തികളും സംഘടനകളും, പലപ്പോഴും മതപരമോ രാഷ്‌ട്രീയമോ ആയ ബാനറുകള്‍ക്ക് കീഴില്‍, ശരിയായ ഉത്തരവാദിത്തമോ മാനേജ്‌മെന്റോ ഇല്ലാതെ കോടിക്കണക്കിന് രൂപ ശേഖരിച്ചുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് പിരിക്കുമ്പോള്‍ തന്നെയാണ് ഇത്തരത്തില്‍ സമാന്തരമായ പിരിവ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി.
ഇരകള്‍ക്ക് പ്രയോജനം കിട്ടുന്നതിനായി ഏതെങ്കിലും സ്വകാര്യവ്യക്തികള്‍ പിരിവ് നടത്തുന്നത് തടയുന്ന നിയമമുണ്ടോയെന്ന് അഭിഭാഷകനായ ഹര്‍ജിക്കാരനോട് കോടതി ആരാഞ്ഞു. ‘നിങ്ങളുടെ സുഹൃത്ത് ആശുപത്രിയിലാണെന്ന് കരുതുക. പണം ആവശ്യമായി വന്നാല്‍ നിങ്ങള്‍ പൊതുജനങ്ങളില്‍നിന്നാണ് പണം കണ്ടെത്തുന്നത്. അതിന് എന്തെങ്കിലും നിയന്ത്രണമുണ്ടോ..അതെങ്ങനെയാണ് നിയമവിരുദ്ധ പ്രവര്‍ത്തനമാകുന്നത്’ കോടതി ചോദിച്ചു.
വിശ്വാസം അര്‍പ്പിച്ച് നല്‍കുന്ന സംഭാവനകള്‍ ഇരകളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത് വാങ്ങുന്നവരുടെ ഉത്തരവാദിത്തമാണെന്നും കോടതി അഭിപ്രായപ്പെട്ടു. പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്യുന്നതില്‍ ഹര്‍ജിക്കാരന്റെ അധികാരത്തെയും നിയമസാധുതയെയും കോടതി ചോദ്യം ചെയ്തു. ഹരജിക്കാരന്‍ സി.എം.ഡി.ആര്‍.എഫിന് വ്യക്തിപരമായി സംഭാവന നല്‍കിയിട്ടുണ്ടോയെന്നും ഇരകള്‍ക്ക് പണം എത്താത്തതില്‍ അദ്ദേഹത്തിന് സ്വകാര്യ പരാതിയുണ്ടോയെന്നും കോടതി ആരാഞ്ഞു.
ഭരണഘടനയുടെ 226-ാം അനുച്ഛേദം ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹരജിക്കാരന് 25,000 രൂപ ചെലവ് ചുമത്തുകയും ചെയ്തു. ഈ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സി.എം.ഡി.ആര്‍.എഫ്.) നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: