കോട്ടയം: ട്രെയിനില്‍ വച്ച് അപമര്യാദയായി പെരുമാറി എന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പരാതിപ്പെട്ട ടി.ടി.ഇ പത്മകുമാര്‍ അടുത്തിടെ മികച്ച ജീവനക്കാരനുള്ള പുരസ്കാരം നേടിയ ഉദ്യോഗസ്ഥന്. മാത്രമല്ല സംഭവത്തില്‍ അദ്ദേഹം സ്പീക്കറോട് ഖേദപ്രകടനം നടത്തിയിരുന്നു എന്നും സംഘടന വ്യക്തമാക്കുന്നു. നിയമപ്രകാരം മാത്രമാണ് ടിടിഇ പ്രവര്‍ത്തിച്ചതെന്നും തെളിഞ്ഞു. അതിനാല്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ കഴിയില്ല എന്ന കാരണത്താലാണ് തിരികെ വന്ദേ ഭാരതത്തില്‍ തന്നെ ചുമതല ഏല്‍പ്പിച്ചതെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
വന്ദേഭാരത് ട്രെയിനില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സുഹൃത്തിന്റെ അനധികൃത യാത്ര ചോദ്യം ചെയ്തതിന്റെ പേരിലാണ് പരാതി ഉയര്‍ന്നതും ടിടിഇയെ റെയില്‍വേ മാറ്റി നിര്‍ത്തിയതും. എന്നാല്‍ റെയില്‍വേ മസ്ദൂര്‍ യൂണിയന്റെ ആവശ്യത്തെത്തുടര്‍ന്ന് തിരികെ പ്രവേശിപ്പിക്കുകയായിരുന്നു.
കാസര്‍കോട് തിരുവനന്തപുരം വന്ദേഭാരതില്‍ എക്സിക്യൂട്ടീവ് ക്ലാസ്സില്‍ സഞ്ചരിച്ച സ്പീക്കര്‍ക്കൊപ്പം അനുവദനീയമായ സമയത്തിനപ്പുറം സുഹൃത്ത് തങ്ങിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുകയും ടിക്കറ്റ് നിരക്കിലെ അധിക തുക നല്കിയാല് തുടരാമെന്നാണ് അറിയിക്കുകയുമായിരുന്നു ടിടി ഇ ചെയ്തത്. എന്നാല്‍ നിര്‍ദേശം വകവയ്ക്കാന്‍ സ്പീക്കറും സുഹൃത്തും തയ്യാറാകാതിരിക്കുകയും ഡിആര്‍എമ്മിനെ വിളിച്ച് പരാതിപ്പെടുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: