ധാക്ക: കലാപകലുഷിതമായ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ വ്യാപക അക്രമം തുടരുന്നു. നിരവധി ക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടു. പട്ടാള അട്ടിമറിയെത്തുടര്‍ന്ന് ഷെയ്ഖ് ഹസീന ഭാരതത്തില്‍ അഭയം തേടിയതിന് പിന്നാലെ അക്രമികള്‍ അഴിഞ്ഞാടുകയാണ്. ന്യൂനപക്ഷമായ ഹിന്ദുക്കളുടെ നിരവധി വീടുകള്‍ തകര്‍ക്കപ്പെട്ടു. ഏതാണ്ട് 97 സ്ഥലങ്ങളില്‍ ന്യുനപക്ഷങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ അരങ്ങേറിയതായി ബംഗ്ലാദേശ് ഹിന്ദു, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ ജനറള്‍ സെക്രട്ടറി റാണ ദാസ്ഗുപ്ത പറഞ്ഞു.
ഇതിനിടെ ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ നേതാക്കളെയും കുടുംബാംഗങ്ങളെയും കൂട്ടത്തോടെ കൊല്ലുന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ നേതാക്കളും കുടുംബാംഗങ്ങളും ഉള്‍പ്പടെ 29 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു എന്നാണ് റിപ്പോര്‍ട്ട്. അവാമി ലീഗ് പ്രവര്‍ത്തകരെയും നേതാക്കളെയും തെരഞ്ഞുപിടിച്ചാണ് ആക്രമിക്കുന്നത്. നിരവധിപേരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ക്കുകയോ കൊള്ളയടിക്കുകയോ ചെയ്തിട്ടുണ്ട്. കുമിലയില്‍ ജനക്കൂട്ടം നടത്തിയ ആക്രമണത്തില്‍ 11 പേരാണ് തല്‍ക്ഷണം മരിച്ചത്.
മുന്‍ കൗണ്‍സിലര്‍ മുഹമ്മദ് ഷാ ആലമിന്റെ മൂന്നുനില വീട് അക്രമികള്‍ അഗ്നിക്കിരയാക്കിയതിനെത്തുടര്‍ന്ന് ആറുപേരാണ് മരിച്ചത്. അക്രമാസക്തരായി ജനക്കൂട്ടം എത്തുന്നതുകണ്ട് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നവര്‍ മുകള്‍ നിലയിലേക്ക് കയറി രക്ഷപ്പെട്ടു. ഇതോടെ ജനക്കൂട്ടം വീടിന്റെ താഴത്തെ നിലയ്ക്ക് തീ യിടുകയായിരുന്നു. ഉള്ളിലുള്ളവര്‍ രക്ഷപ്പെടാതിരിക്കാന്‍ ആയുധങ്ങളുമായി ചിലര്‍ കാവല്‍ നില്‍ക്കുകയും ചെയ്തുവത്രേ. പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് ആറുപേരും മരിച്ചത്. അവാമി ലീഗ് നേതാവിന്റെ ഹോട്ടലിനും അക്രമി തീയിട്ടു. വിദേശികള്‍ ഉള്‍പ്പടെ 24 പേരാണ് ഇവിടെ വെന്തുമരിച്ചത്. തിങ്കളാഴ്ച രാത്രി ജോഷോര്‍ ജില്ലയിലാണ് സംഭവം നടന്നത്. ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ വീണ്ടും ആക്രമണം ഭയന്ന് ഇതില്‍ പലരും ചികിത്സ തേടാതെ രഹസ്യ കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
ഷെയ്ഖ് ഹസീന സര്‍ക്കാരിലെ വിദേശകാര്യമന്ത്രിയായിരുന്ന ഹസന് മഹമൂദിനെ സൈന്യം കസ്റ്റഡിയിലെടുത്തു. ധാക്ക വിമാനത്താവളത്തിലൂടെ രാജ്യം വിടാനൊരുങ്ങുന്നതിനിടെയാണ് ഹസനെ വ്യോമയാന വിഭാഗം തടഞ്ഞുവയ്ക്കുകയും പിന്നീട് സൈന്യത്തിന് കൈമാറുകയും ചെയ്തു. ഹസനൊപ്പം അവാമി ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ഛാത്ര ലീഗിന്റെ രണ്ട് നേതാക്കളെയും സൈന്യം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം ഷെയ്ഖ് ഹസീന പലായനം ചെയ്തതിന് പിന്നാലെ ഹസീന മന്ത്രിസഭയിലെ അംഗങ്ങളും കൂട്ടത്തോടെ ബംഗ്ലാദേശ് വിട്ടു.
വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൊഹീബുല്‍ ഹസന് ചൗധരി, സഹകരണ മന്ത്രി മുഹമ്മദ് തന്‍സുല്‍ ഇസ്ലാം, ധനമന്ത്രി അബ്ദുല്‍ ഹസന് മഹമൂദ് അലി, സ്പോര്‍ട്സ് മന്ത്രി നസമുല്‍ ഹസന് പാപോന്‍, വിവിധ നഗരങ്ങളിലെ മേയര്‍മാര്‍, സുപ്രീംകോടതി ജഡ്ജിമാര്‍ തുടങ്ങിയവരാണ് ബംഗ്ലാദേശില്‍നിന്ന് രക്ഷപ്പെട്ട് മറ്റു രാജ്യങ്ങളിലേക്ക് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: