തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സ്ത്രീ ജീവനക്കാര്‍ നേരിടുന്ന ലൈംഗിക അതിക്രമ പരാതി അന്വേഷിക്കുന്ന ചെയര്‍പേഴ്സണും പൊതുഭരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറിയുമായ ഷൈനി ജോര്‍ജിനെ സ്ഥലം മാറ്റി. സംസ്ഥാന ബാലാവകാശ കമ്മിഷന് സെക്രട്ടറിയായിട്ടാണ് മാറ്റി നിയമിച്ചത്.
വനിതാ ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയായിരുന്നു തിടുക്കത്തിലുള്ള സ്ഥലംമാറ്റം. കമ്പ്യൂട്ടര്‍ സെല്ലിലെ അഡീഷണല്‍ സെക്രട്ടറിയായിരുന്ന റോബര്‍ട്ട് ഫ്രാന്‍സിസിനെതിരെ ആയിരുന്നു ഷൈനി അന്വേഷണം നടത്തിയത്. ഒരു കൂട്ടം ജീവനക്കാരെന്ന പേരിലെത്തിയ പരാതിയാണ് ചീഫ് സെക്രട്ടറി അന്വേഷണ സമിതിക്ക് കൈമാറിയത്. ഒരു ഉദ്യോഗസ്ഥ തെളിവുകള്‍ സഹിതം റോബര്‍ട്ടിനെതിരെ മൊഴി നല്കി. ഈ മൊഴി ശരിയാണെന്ന് തെളിയിക്കുന്ന വിധം മറ്റ് ചില മൊഴികളും സമിതിക്ക് ലഭിച്ചു. റോബര്‍ട്ടിനെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ഷൈനി ജോര്‍ജിനെതിരെയുള്ള നടപടി. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പ് മറ്റുള്ളവര്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണവും ഷൈനിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ വിരമിച്ച റോബര്‍ട്ട് ഫ്രാന്‍സിസിനെ കരാര്‍ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ വീണ്ടും നിയമിക്കാനും നീക്കമാരംഭിച്ചതായറിയുന്നു.
ഷൈനി ജോര്‍ജ് സജീവ ഇടതുപക്ഷ സഹയാത്രികയും സര്‍ക്കാര്‍ ജീവനക്കാരിയായിരിക്കെ സര്‍വീസ് ചട്ടം ലംഘിച്ച് ഭരണത്തലവനായ ഗവര്‍ണര്‍ക്കെതിരെ ഇടതുപക്ഷത്തിനുവേണ്ടി രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്ത ആളാണ്. അന്ന് ഇവര്‍ക്കെതിരെ പരാതി ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സംരക്ഷിക്കുകയായിരുന്നു.
സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് സഹകരണ സംഘം നടത്തുന്നതിനായി വിലയ്ക്കുവാങ്ങിയ കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 60 ലക്ഷം രൂപയുടെ ഇടപാട് നടത്തിയതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്കാന് നിശ്ചയിച്ചിരുന്ന കരാര്‍ ബന്ധുക്കള്‍ക്കുവേണ്ടി നേടിയെടുത്തതില്‍ ചുക്കാന്‍ പിടിച്ചത് ഷൈനിയാണെന്നും ഇടതു സംഘടനാ തലപ്പത്തുള്ളവരുടെ വഴിവിട്ട ഒത്താശ ഇതിനുണ്ടായിട്ടുണ്ടെന്നും ഒരുവിഭാഗം സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ആരോപിക്കുന്നു. വിഷയം കൂടുതല്‍ ചര്‍ച്ചയാകുന്നത് ഇടതുസര്‍വീസ് സംഘടനാ നേതൃത്വത്തിന് ക്ഷീണമുണ്ടാക്കും എന്ന് കണ്ടതോടെയാണ് തിടുക്കത്തിലുള്ള നടപടിയെന്നും ആക്ഷേപമുണ്ട്. റിപ്പോര്‍ട്ടില്‍ അഡീഷണല്‍ സെക്രട്ടറി റോബര്‍ട്ട് ഫ്രാന്‍സിനെ കുറ്റവിമുക്തനാക്കിയതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: