ന്യൂദല്‍ഹി: ഒഴിവുവന്ന പന്ത്രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് സപ്തംബര്‍ 3ന് തെരഞ്ഞെടുപ്പ്. ആലപ്പുഴയില്‍ നിന്ന് വിജയിച്ച് ലോക്സഭയിലെത്തിയ കെ.സി. വേണുഗോപാല്‍ ഒഴിഞ്ഞ രാജസ്ഥാനിലെ സീറ്റിലും തെരഞ്ഞെടുപ്പുണ്ട്. നിയമസഭയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ കൈയിലിരുന്ന ഈ രാജ്യസഭാ സീറ്റ് ബിജെപിക്ക് ലഭിക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന പന്ത്രണ്ടില്‍ ഒന്‍പതിലും ബിജെപിക്കാണ് വിജയ സാധ്യത.
ഒന്‍പതു സംസ്ഥാനങ്ങളിലെ 12 ഒഴിവുകളിലേക്ക് ഈമാസം 21നകം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കണം. ആസാം, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ രണ്ട് ഒഴിവുകളുണ്ട്. ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്, ത്രിപുര, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളിലാണ് ഓരോ സീറ്റുകള്‍ ഒഴിവു വരുന്നത്. രാജ്യസഭാംഗങ്ങളായ കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള ഭരണ-പ്രതിപക്ഷ നേതാക്കള്‍ ലോക്സഭയിലേക്ക് ജയിച്ച പശ്ചാത്തലത്തിലാണ് ഇത്രയധികം ഒഴിവുകള്‍ വന്നത്.
കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, സര്‍ബാനന്ദ സോനോബാള്‍, ജ്യോതിരാദിത് സിന്ധ്യ എന്നിവരാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കെ.സി. വേണുഗോപാലിന് പുറമേ ദീപേന്ദ്രര്സിങ് ഹൂഡ രാജിവെച്ച ഹരിയാനയിലെ ഒഴിവിലെ തെരഞ്ഞെടുപ്പിലും ബിജെപിക്ക് വിജയമുറപ്പാണ്. മിസാ ഭാരതി, വിവേക് താക്കൂര്‍, ഉദയന്‍രാജെ ഭോസ്ലെ, ബിപ്ലവ് കുമാര്‍ ദേബ്, കാമാഖ്യാ പ്രസാദ് താസ എന്നിവരുടെ ഒഴിവുകളിലും പുതിയ രാജ്യസഭാംഗങ്ങളെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: