വെള്ളറട: പ്രധാനമന്ത്രി ഉജ്വല്‍ യോജന ഗ്യാസ് കണക്ഷനെടുത്ത കുന്നത്തുകാല്‍ ഗ്രാമ പഞ്ചായത്തിലെ ചിമ്മണ്ടി പന്നിയോട് ഗിരിജാ ഭവനില്‍ ആര്യയ്ക്കും ഭര്‍ത്താവ് അജികുമാറിനും ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അപൂര്‍വ അവസരം. ഓരോ ഭാരതീയനും പങ്കെടുക്കാനാഗ്രഹിക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിനും രാഷ്ട്രപതിയെ കാണാനുമാണ് ക്ഷണം.
മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യാ പോസ്റ്റ് അധികൃതര്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക ക്ഷണക്കത്ത് കുന്നത്തുകാല്‍ ചിമ്മണ്ടിയിലെ വീട്ടിലെത്തി കൈമാറിയത്. ഭാരത് പെട്രോളിയം ഉദിയന്‍കുളങ്ങരയിലെ ഗ്യാസ് ഏജന്‍സിയില്‍ നിന്നും 2019 ലാണ് കുടുംബം കണക്ഷനെടുത്തത്. തിരുവനന്തപുരം മേഖലയിലെ ഭാരത് പെട്രോളിയം ഗ്യാസ് ഏജന്‍സിയായ പൂര്‍ണ ഗ്യാസ് ഏജന്‍സിയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉജ്വല്‍ ഗ്യാസ് കണക്ഷന് നല്‍കിയിട്ടുള്ളത്. ഇതിന്റെയടിസ്ഥാനത്തിലാണ് ഈ ഏജന്‍സിക്കു കീഴിലെ ഉപഭോക്താക്കളില്‍ ഒരു കുടുംബത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുപ്പിക്കാന്‍ ഭാരത് പെട്രോളിയം അധികൃതര്‍ രാഷ്ട്രപതി ഭവന്റെ അനുമതി തേടിയത്.
ഭാഗ്യം തേടിയെത്തിയത് ആര്യയുടെ കുടുംബത്തെയായിരുന്നു. വീട്ടില്‍നിന്നും പുറപ്പെട്ട് ആഗസ്റ്റ് 15ന് നടക്കുന്ന പ്രധാനമന്ത്രി പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിലും രാഷ്ട്രപതി ഭവനിലെ സന്ദര്‍ശനവും വിരുന്നും കഴിഞ്ഞ് തിരികെ വീട്ടിലെത്തുന്നതുവരെയുള്ള ഇവരുടെ മുഴുവന്‍ ചെലവും ഭാരത് പെട്രോളിയം കമ്പനി വഹിക്കും. ഉജ്വല്‍ യോജന ആരംഭിച്ചതു മുതല്‍ നാളിതു വരെ ഏഴായിരത്തോളം കണക്ഷനുകളാണ് പൂര്‍ണ ഗ്യാസ് ഏജന്‍സിയില്‍ നിന്നും നല്‍കിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലും പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്. ഭാരത് പെട്രോളിയം കമ്പനിക്കു കീഴില്‍ ഒഡീസയില്‍ നിന്നും ബീഹാറില്‍ നിന്നും ജമ്മുവില്‍ നിന്നും ഓരോ കുടുംബങ്ങള്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കും.
സ്വച്ഛ് ഇന്ധന്‍, ബെഹ്താര് ജീവന് എന്ന ടാഗ് ലൈനോടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര ഗവണ്മെന്റ് 2016 മെയ് 1 ന് ആണ് പ്രധാനമന്ത്രി ഉജ്വല യോജന എന്ന സാമൂഹ്യക്ഷേമ പദ്ധതി ആരംഭിച്ചത്. 2019ഓടെ രാജ്യത്താകമാനം ഇളവോടെ എല്‍പിജി കണക്ഷനുകള്‍ നല്‍കിക്കൊണ്ട് അഞ്ച് കോടി കുടുംബങ്ങള്‍ക്ക് പ്രത്യേകിച്ച് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകള്‍ക്ക് (ബിപിഎല്‍) പ്രയോജനം നേടാനാണ് പദ്ധതി ലക്ഷ്യമിട്ടത്.
പെട്രോളിയം പ്രകൃതി വാതക മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. 2016 മെയ് മാസത്തില്‍ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം (എംഒപിഎന്‍ജി) ‘പ്രധാനമന്ത്രി ഉജ്വല യോജന’ (പിഎംയുവൈ) ഒരു പ്രധാന പദ്ധതിയായി അവതരിപ്പിച്ചു, എല്‍പിജി പോലുള്ള ശുദ്ധമായ പാചക ഇന്ധനം ഗ്രാമീണര്‍ക്കും ദരിദ്രര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പരമ്പരാഗത പാചക ഇന്ധനങ്ങളായ വിറക്, കല്‍ക്കരി, ചാണകം പിണ്ണാക്ക് മുതലായവയുടെ ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിട്ടു. പരമ്പരാഗത പാചക ഇന്ധനങ്ങളുടെ ഉപയോഗം ഗ്രാമീണ സ്ത്രീകളുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിച്ചതിനാലാണിത്.
പദ്ധതി പ്രകാരം 2019 സെപ്റ്റംബര്‍ 7ന് പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ വെച്ച് എട്ടാമത്തെ കോടി എല്‍പിജി കണക്ഷന് കൈമാറി. ഉജ്വല 2.0ന് കീഴിലുള്ള കണക്ഷനുകളുടെ എണ്ണം ലക്ഷ്യം കൈവരിച്ചതോടെ പദ്ധതിക്ക് കീഴിലുള്ള മൊത്തം കണക്ഷനുകള്‍ 9.6 കോടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: