ധാക്ക: ബംഗ്ലാദേശിലെ കലാപത്തിനും സര്‍ക്കാരിനെ അട്ടിമറിച്ചതിനും പിന്നില്‍ പാകിസ്ഥാനെന്ന് റിപ്പോര്‍ട്ട്. ഷെയ്ഖ് ഹസീന സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ പാകിസ്ഥാന് പട്ടാളത്തിനും ചാരസംഘടനയായ ഐഎസ്ഐക്കും പങ്കെന്ന് ബംഗ്ലാദേശ് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹസീന സര്‍ക്കാരിനെ താഴെയിറക്കാനുള്ള പദ്ധതി തയാറാക്കിയത് ലണ്ടനില്‍ വച്ചായിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ആക്ടിങ് ചെയര്‍മാനും മുന്‍പ്രധാനമന്ത്രി ഖാലിദാ സിയയുടെ മകനുമായ താരിഖ് റഹ്മാന് പാക് ചാര സംഘടനയായ ഐഎസ്ഐ ഏജന്റുമാരുമായി സൗദി അറേബ്യയില്‍ വച്ച് സംസാരിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. ഇതിന് തെളിവുകളുണ്ടെന്നും ബംഗ്ലാദേശ് രഹസ്യാന്വേഷണവിഭാഗം അവകാശപ്പെട്ടു.
പാകിസ്ഥാനെ അനുകൂലിക്കുന്ന ബിഎന്‍പി സര്‍ക്കാരുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പാക് സൈന്യവും ഐഎസ്ഐയും രംഗത്തിറങ്ങുകയായിരുന്നു. വിദ്യാര്‍ത്ഥി പ്രക്ഷോഭം ആളിക്കത്തിക്കാന്‍ ഐഎസ്ഐ വഴി ചൈനയും ഇടപെട്ടു. ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഇസ്ലാമി ഛാത്രാ ശിബിറിനെ ഐഎസ്ഐ പിന്തുണച്ചു. പ്രക്ഷോഭം കലാപഭരിതമാകാന്‍ ഇത് സഹായിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമി ഛാത്രാ ശിബിര്‍ മാസങ്ങളോളം ഗൂഢാലോചന നടത്തി. പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് സ്ഥാപനങ്ങളാണ് ഇതിന് ഫണ്ട് ചെയ്തത്. ബംഗ്ലാദേശ് വിരുദ്ധ എക്സ് ഹാന്‍ഡിലുകള്‍ വഴി പ്രക്ഷോഭം ആളിക്കത്തിക്കാന്‍ ശ്രമിച്ചുവെന്നും ഹസീന സര്‍ക്കാരിനെതിരെ 500 ലേറെ ട്വീറ്റുകള്‍ പാക് ഹാന്‍ഡിലുകളില്‍നിന്ന് പ്രചരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനിടയില്‍ ഇന്നലെ ബംഗ്ലാദേശ് പാര്‍ലമെന്റ് പിരിച്ചുവിട്ടു. പട്ടാള അട്ടിമറിയെത്തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് ഭാരതത്തില്‍ അഭയം തേടിയതോടെയാണ് ഈ വര്‍ഷം ജനുവരിയില്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നിലവില്‍ വന്ന പാര്‍ലമെന്റ് പിരിച്ചുവിടുന്നതായി ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന് പ്രഖ്യാപിച്ചത്. പട്ടാളത്തിന്റെ നിയന്ത്രണത്തില്‍ പുതുതായി രൂപീകരിക്കുന്ന ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനായി നൊബേല്‍ സമ്മാന ജേതാവ് പ്രൊഫ. മുഹമ്മദ് യൂനുസ് നിയമിച്ചു. ഇക്കാര്യത്തില്‍ വിവേചന വിരുദ്ധ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പ്രസ്ഥാനത്തിന്റെ കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളായ നഹിദ് ഇസ്ലാം ഇന്നലെ രാവിലെ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ രക്ഷിക്കുന്നതിനായി വിദ്യാര്‍ത്ഥി സമൂഹത്തിന്റ ആവശ്യത്തെത്തുടര്‍ന്നാണ് ഈ നിര്‍ണായക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ യൂനുസ് സമ്മതിച്ചതെന്ന് കോര്‍ഡിനേറ്റര്‍മാര്‍ പറഞ്ഞു. ഇടക്കാല സര്‍ക്കാരിനുള്ള ചട്ടക്കൂട് ഉടന്‍ പ്രഖ്യാപിക്കുമെന്നും നഹിദ് പറഞ്ഞു.
ഇതിനിടയിലും കലാപകാരികള്‍ അഴിഞ്ഞാട്ടം തുടരുകയാണ്. സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 440 ആയി ഉയര്‍ന്നു. 14 പോലീസുകാര്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പോലീസുകാര്‍ക്ക് പരിക്കേറ്റു. ജയിലില്‍ കിടന്നിരുന്ന ആയിരത്തിലേറെ ജമാഅത്തെ, ബിഎന്‍പി നേതാക്കള്‍ക്ക് ധാക്ക കോടതി ജാമ്യം അനുവദിച്ചു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ബംഗഭബന് പ്രക്ഷോഭകാരികള്‍ താറുമാറാക്കി. പ്രതിഷേധക്കാര്‍ വസതിയിലെ മുറികള്‍ കൊള്ളയടിക്കുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. വിലപിടിപ്പുള്ള സാധനങ്ങളെല്ലാം കൊള്ളയടിച്ചു. ഹസീനയുടെ സാരികളും ആഭരണങ്ങളും പ്രക്ഷോഭകാരികള്‍ കൈക്കലാക്കി. സാരികള്‍ കൈക്കലാക്കിയവരില്‍ ചിലര്‍ അത് ഉടുത്ത് നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സാരിക്ക് പുറമെ അവരുടെ ബ്ലൗസുകളും അടിവസ്ത്രങ്ങളുംവരെ പ്രതിഷേധക്കാര്‍ കൈക്കലാക്കി. ഹസീനയുടെ സാരികള്‍ അടക്കിവച്ച സ്യൂട്ട്കേസ് സ്വന്തമാക്കിയ ഒരാള്‍ ഇത് തന്റെ ഭാര്യക്ക് നല്ല്‍കുമെന്നും അവരെ അടുത്ത പ്രധാനമന്ത്രിയാക്കുമെന്നും പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: