വയനാട് ദുരന്തത്തെക്കുറിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും കേരളത്തിലെ അംഗങ്ങള്‍ രോഷാകുലരായപ്പോഴാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സത്യാവസ്ഥ വെളിപ്പെടുത്തിയത്. കേരളത്തില്‍ പ്രകൃതി ദുരന്തം സംഭവിക്കുമെന്ന് കേന്ദ്രം ജൂലായ് 23 ന് ആദ്യമുന്നറിയിപ്പ് നല്കി. പിന്നെ 24, 25, 26 തീയതികളിലും അതാവര്‍ത്തിച്ചു. എന്തേ കേരളം അനങ്ങിയില്ലഎന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. മുഖ്യമന്ത്രി പറഞ്ഞത് അതത്ര ഗൗരവമുള്ളതാണെന്ന് കണക്കാക്കിയില്ല എന്നാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രകൃതി ദുരന്തത്തിന്റെ വ്യക്തമായ സൂചന ആവര്‍ത്തിച്ചു നല്‍കിയിട്ടും അതിന് ഗൗരവമില്ലെന്നോ? ബിജെപി സര്‍ക്കാര്‍ ആയതുകൊണ്ടാണോ? കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ പ്രധാനമന്ത്രി വയനാട്ടിലേക്കയച്ചു. കരസേന, വായുസേന സംവിധാനങ്ങളെല്ലാം നിയോഗിച്ചു. പട്ടാളം ചെയ്ത കാര്യത്തിനുപോലും പങ്കാളിയെ തേടുകയാണ് മുഖ്യമന്ത്രി. പാലം പണിതത് ഉരാളുങ്കല്കാരുടെ സഹായത്തോടെയാണെന്ന്. എന്താ കഥ? മരുമകന്റെ വകുപ്പും ചേര്‍ന്നെന്ന് പറഞ്ഞില്ലല്ലോ? അതിനിടയിലും ഗോവിന്ദന്റെ പറച്ചില് കേട്ടില്ലെ ?
ബിഡിജെഎസിനെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്നാണ് സിപിഎം കണ്ടെത്തല്‍. എസ്എന്‍ഡിപിയെ വിഴുങ്ങാന്‍ ബിജെപി ശ്രമിക്കുകയാണെന്നും ആരോപണം. ഏറെക്കാലം ഈഴവ സമുദായത്തെ മുഴുവന്‍ ചെമ്പട്ട് പുതപ്പിച്ചുനിര്ത്തുകയായിരുന്നു സിപിഎം. മെല്ലെ മെല്ലെ പുതപ്പുമാറ്റി മാറി ചിന്തിക്കാന്‍ സമുദായാംഗങ്ങള്‍ ശ്രമിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് കാവി പുതപ്പിന്റെ പേടി തുടങ്ങിയത്. കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം പ്രയോജനം ചെയ്യില്ലെന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നു. അവര്‍ ആര്‍എസ്എസിന് ഒപ്പം വരുന്നെങ്കില്‍ വേണ്ടെന്ന് പറയാനുള്ള ബുദ്ധിമോശമൊന്നും ആര്‍എസ്എസ് കാണിക്കില്ല. ആര്‍എസ്എസിന് കൂടുതല്‍ സ്വീകാര്യത വരുന്നു. എന്താ കാരണം? വയനാട്ടില്‍ തന്നെ കണ്ടില്ലെ? ആര്‍എസ്എസിന്റെ ഉത്തരപ്രാന്ത പ്രചാരക് എ. വിനോദ് നേരിട്ടുതന്നെ വയനാട്ടിലെ വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനെത്തി. ഇതിന് വയനാട്ടിലെ മാത്രം ഉദാഹരണമല്ല. 1979 ആഗസ്റ്റ് 11 നാണല്ലോ, ഗുജറാത്തിലെ മോര്‍ബിയിലെ അണക്കെട്ട് തകര്‍ന്ന് എല്ലാം ഒലിച്ചുപോയ സംഭവമുണ്ടായത്. അന്ന് ചാനലുകളില്ല. വാര്‍ത്താവിതരണ സംവിധാനങ്ങളും ഇതേപോലെയില്ല. അവിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സേവനത്തിനിറങ്ങി. ആന്ധ്രയില്‍ ചുഴലി ഉണ്ടായപ്പോഴും ഒറീസയില്‍ തീവണ്ടി അപകടമുണ്ടായപ്പോഴും കൊടുങ്കാറ്റ് വീശിയപ്പോഴും ആര്‍എസ്എസ് പ്രവര്‍ത്തകരിറങ്ങി. സേവാഭാരതി പ്രവര്‍ത്തകരും സജീവമായി. കൊട്ടിഘോഷിച്ചില്ല. മുതലെടുപ്പ് നടത്താനോ, കൈയിട്ടുവാരാനോ നോക്കിയില്ല.
ഭാരതത്തില്‍ കമ്യൂണിസ്റ്റുകാരും ആര്‍എസ്എസും ഏതാണ്ട് സമപ്രായക്കാരാണ്. അടുത്തവര്‍ഷം ആര്‍എസ്എസ് ശതവാര്‍ഷികത്തിന് ഒരുങ്ങുകയാണ്. എന്നാല്‍ കമ്യൂണിസ്റ്റുകാരോ? ഒരു സംഘടന എന്നുപറയാന്‍ പോലും പറ്റുന്ന അവസ്ഥയിലാണോ അവര്‍. എത്രയാണ് കമ്യൂണിസ്റ്റുകാര്‍? പലതായി, ചെറുതായി. അഖിലേന്ത്യാതലത്തില്‍ പോലും സംഘടന ഇല്ലാതായി. കമ്യൂണിസ്റ്റ് എന്ന പേരില്‍ കാപാലിക പണി തുടരുകയല്ലേ അവര്‍. മാവോയിസ്റ്റ്, നക്സലൈറ്റ്, വാര്‍ഗ്രൂപ്പ് തുടങ്ങി സാന്നിധ്യമറിയിക്കാന്‍ ആസുരിക കൃത്യങ്ങള്‍ തുടരുന്ന എത്രയെത്ര ഗ്രൂപ്പുകള്‍. എന്നാലിന്ന് ആര്‍എസ്എസ് അത്ഭുതാവഹമായ സംഘടനാമിടുക്കുകൊണ്ട് പുകള്പെറ്റിരിക്കുന്നു. ആര്‍എസ്എസ് ആശയം മഹത്തരമെന്ന് വിശ്വസിക്കുന്നവര്‍ മൂന്നാം തവണയും രാജ്യത്ത് അധികാരത്തിലെത്തി. നെഹ്റുവിനുശേഷം നരേന്ദ്രമോദി തുടര്‍ച്ചയായി മൂന്നാംതവണയും പ്രധാനമന്ത്രിയായിരിക്കുന്നു.പകുതിയിലേറെ സംസ്ഥാനങ്ങളുടെ ഭരണത്തിലും ആര്‍എസ്എസ് അനുഭാവികളാണെന്ന സത്യം വിസ്മരിക്കാന്‍ പറ്റുമോ?
കേന്ദ്ര ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാന്‍ പറ്റില്ലെന്ന നിബന്ധന ഇപ്പോഴില്ല. ഈ ജൂലായിലാണ് അത് നീക്കിയിരിക്കുന്നത്. ഈ നിരോധനം നിലനില്‍ക്കേ തന്നെ മൂന്നുവട്ടം ആര്‍എസ്എസിനെ നിരോധിക്കുകയുണ്ടായി. ആ നിരോധനമെല്ലാം ആദരപൂര്‍വം പിന്‍വലിക്കുകയായിരുന്നു. മൂന്നാമൂഴത്തിലും പൂര്‍വാധികം ശക്തിപ്രാപിച്ച് ലക്ഷ്യത്തിലേക്ക് കുതിച്ചുപായുകയായിരുന്നു എന്നതല്ലെ സത്യം. ഓരോ നിരോധനം തീരുമ്പോഴേക്കും ഓരോ സ്വയംസേവകനും സംഘത്തോടും തദ്വാര രാഷ്ട്രത്തോടുമുള്ള ഉത്തരവാദിത്തം വര്‍ധിക്കുകയേ ചെയ്തിട്ടുള്ളൂ. ഒരാളെങ്കിലും സംഘത്തോട് വിടപറയുകയോ ഈ പണി നമ്മള്‍ക്ക് പറ്റില്ലെന്ന് പറയുകയോ ചെയ്തിട്ടില്ല. പൂര്‍വാധികം കെട്ടുറപ്പുമായി ലക്ഷ്യപ്രാപ്തിക്കായി കഠിനാദ്ധ്വാനം ചെയ്യാനുള്ള പ്രാര്‍ഥനയും പ്രവര്‍ത്തനവുമായി മുന്നേറുന്നതാണ് ചരിത്രം. എന്നാല്‍ അങ്ങനെയാണോ കമ്യൂണിസ്റ്റ് ചരിത്രം. കമ്യൂണിസ്റ്റുകാരിങ്ങനെ ചരിത്രം പറഞ്ഞുകൊണ്ടിരിക്കും. നഷ്ടപ്പെടുന്നത് ചാരിത്ര്യവും. അടിസ്ഥാന ജനവിഭാഗങ്ങള്‍ ആര്‍എസ്എസിനെ പ്രകീര്‍ത്തിക്കും. സംഘംസംഘമൊരേജപം ഹൃദയത്തുടിപ്പുകളാകണം എന്ന്. ഓരോ തെരഞ്ഞെടുപ്പുകഴിയുമ്പോഴേക്കും കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണ് കമ്യൂണിസമെന്ന് തിരിച്ചറിയുന്നതാണ് ചരിത്രം. അതിനെക്കുറിച്ചുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളും മാത്രമാകും അവശേഷിക്കുന്നത്.
എസ്എന്‍ഡിപി യോഗത്തിനെതിരായ ഭീഷണി സിപിഎം അവസാനിപ്പിക്കുന്നതാണ് നല്ലത്. ബിജെപിക്ക് വോട്ടുചെയ്തതിന്റെ പേരില്‍ ആളുകളെ വേട്ടയാടാനാണ് സിപിഎമ്മിന്റെ ശ്രമം. നഗ്നമായ ന്യൂനപക്ഷ പ്രീണനമാണ് ഇടതുപക്ഷത്തിന്റെ അടിത്തറ തകര്‍ത്തത്. അതിന് ഭൂരിപക്ഷ വിഭാഗങ്ങളുടെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല. ന്യൂനപക്ഷ പ്രീണനം തുടരുമെന്നാണ് സിപിഎം നല്കുന്ന സന്ദേശം. ഇതോടെ അടിസ്ഥാന ജനവിഭാഗങ്ങളും പാരമ്പര്യമായി സിപിഎമ്മിനെ പിന്തുണയ്ക്കുന്നവരും കൂടി സിപിഎമ്മിനെ കൈവെടിയും. അതിന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറിയെ ആക്ഷേപിച്ചിട്ട് കാര്യമില്ല. വെള്ളാപ്പള്ളി നടേശനെയും കുടുംബത്തെയും വളഞ്ഞിട്ടാക്രമിക്കുകയാണ് സിപിഎം ചെയ്യുന്നത്. ഈഴവര്‍ എല്ലാക്കാലത്തും തങ്ങളെ പിന്തുണയ്ക്കുമെന്ന സിപിഎമ്മിന്റെ മിഥ്യാധാരണ ലോക്സഭ തെരഞ്ഞെടുപ്പോടെ അവസാനിച്ചു. എസ്.സി/എസ്.ടി വിഭാഗങ്ങളും സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച് തുടങ്ങിയിരിക്കുന്നു. എന്നാല്‍ മുസ്ലീം വിഭാഗങ്ങളുടെ വോട്ട് ഇത്തവണ കിട്ടാതിരുന്നിട്ടും സിപിഎം അവരെ വിമര്‍ശിക്കുന്നില്ല. സമസ്തയുടെ നേതാക്കള്‍ ഉള്‍പ്പെടെ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ശക്തമായ വിമര്‍ശനം നടത്തിയിട്ടും എം.വി. ഗോവിന്ദന് കമ എന്നൊരക്ഷരം ഉരിയാടിയിട്ടില്ല.
ന്യൂനപക്ഷങ്ങളെ പോലും രണ്ടായി കാണുന്നതാണ് സിപിഎമ്മിന്റെ ശൈലി. മുസ്ലീം വിഭാഗത്തെ പ്രീണിപ്പിക്കുമ്പോള്‍ ക്രൈസ്തവരെ അവഗണിക്കുന്നതാണ് സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും നിലപാട്. ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ കാര്യത്തില്‍ 80:20 അനുപാതം തുടരാന്‍ നിയമനടപടി സ്വീകരിച്ചത് ഈ പക്ഷപാതത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. തങ്ങള്‍ക്ക് വോട്ടുചെയ്യാത്തവരെ വെല്ലുവിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഫാസിസ്റ്റ് സമീപനമാണെന്നതല്ലെ സത്യം. അതവസാനിപ്പിച്ച് നേര്‍വഴിക്ക് നിന്നില്ലെങ്കില്‍ ബംഗാളിനെ പോലെ, ത്രിപുരയെ പോലെ കേരളവും മാറുന്നകാലം വിദൂരത്തല്ലെന്ന് ഓര്‍ത്താല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: