മണ്മറഞ്ഞുപോയ പഴമയെ പുതിയ വീഞ്ഞാക്കി ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുകയാണ് ഇന്ന് പാരീസ്. കലയുടെയും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും സ്വന്തം നാട്ടിലേക്ക് ഒരു നൂറ്റാണ്ടിനിപ്പുറം ഒളിംപിക്സെത്തിയപ്പോള് അവര്‍ സൗകര്യപൂര്‍വം മറന്നുകളഞ്ഞ ഒന്നുണ്ട്, കായികതാരങ്ങള്‍ക്കൊപ്പം കലാകാരന്മാര്ക്കായുള്ള ഒളിംപിക് മത്സരങ്ങളും മെഡലുകളും.
നൂറ് കൊല്ലം മുമ്പ് 1924ലെ പാരീസ് ഒളിംപിക്സില്‍ ചിത്രരചന, ശില്പനിര്മാണം, വാസ്തുവിദ്യ, സാഹിത്യം, സംഗീതം തുടങ്ങിയവയൊക്കെ മത്സരയിനങ്ങളായിരുന്നു. സൃഷ്ടിക്കുള്ള പ്രചോദനം കായികലോകത്ത് നിന്നായിരിക്കണമെന്നുമാത്രം. ഈയൊരു ലളിതമായ നിബന്ധനയൊഴികെ മറ്റൊരു നിര്‍ബന്ധവുമില്ലായിരുന്നു. ഒരാള്‍ക്ക് അവനവന്റെ ഭാവനയ്ക്കനുസരിച്ച് എത്ര സൃഷ്ടികള്‍ വേണമെങ്കിലും മത്സരത്തിനയക്കാം. കലാകാരന്മാര്ക്ക് മാത്രമല്ല, കായികതാരങ്ങള്‍ക്കും മത്സരിക്കാം. അങ്ങനെ 2 വിഭാഗത്തിലും മെഡല്‍ നേടിയ ഒളിംപ്യന്മാരുമുണ്ട്.
1912ലെ ഒളിംപിക്സിലാണ് ആദ്യമായി കലാകാരന്മാരും മത്സരിച്ചുതുടങ്ങിയത്. അന്ന് മത്സരിച്ച സൃഷ്ടികളുടെ എണ്ണം വെറും 33 ആയിരുന്നു. എന്നാല്‍ 1928ല്‍ അത് 1100ഉം 1932ല്‍ അത് 384000ഉം ആയി. ഒളിംപിക്സിനു ശേഷം മത്സരിച്ച സൃഷ്ടികളുടെ വില്പനയ്ക്കും സൗകര്യമൊരുക്കിയിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള കോടീശ്വരന്മാരുടെ നീണ്ടനിര തന്നെ അന്ന് ഈ സൃഷ്ടികള്‍ വാങ്ങാനായി തിരക്കുകൂട്ടിയിരുന്നു.
ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, ഈ മൂന്ന് രാജ്യങ്ങളുടെ അപ്രമാദിത്വമായിരുന്നു ആ മൂന്നു ദശാബ്ദക്കാലവും. വിദഗ്ദദ്ധരായ കലാകാരന്മാരുടെ പങ്കാളിത്തത്തിലെ കുറവും തുടര്‍ച്ചയായ നിയമലംഘനങ്ങളും ഒക്കെയായപ്പോള്‍ 1948ല്‍ ഒളിംപിക്സോടെ കലാ മത്സരങ്ങള്‍ക്ക് എന്നേക്കുമായി തിരശീല വീണു. എങ്കിലും മത്സരയിനമായല്ലാതെ, ആതിഥേയരാജ്യങ്ങളുടെ ഉദ്ഘാടനച്ചടങ്ങുകളില്‍ അവിഭാജ്യഘടകമായി കല മാറി.
കലാലോകത്തിനെയും കായികലോകത്തിനെയും കൂട്ടികുഴയ്ക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രണ്ടഭിപ്രായം നിലവിലുണ്ടെങ്കിലും ബ്രേക്ക്ഡാന്‍സ് പോലുള്ള പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് മുകളില്‍ ഇനിയും ഇനങ്ങള്‍ വന്നുകൊണ്ടിരിക്കുമോയെന്ന സംശയവും ഉയര്‍ത്തുന്നുണ്ട്. ഇത്തരത്തില്‍ ചര്‍ച്ചകളും തകൃതിയാണ്. കലയെ മത്സരത്തിനുള്പ്പെടുത്തുന്നതിനെ പിന്തുണച്ച് പ്രമുഖ പോപ്പ് സംഗീത താരം ഫറല്‍ വില്യംസും ചിത്രകാരന് ദേവ്രിം എര്‍ബിലും ഒക്കെ മുന്നോട്ട് വരുമ്പോള്‍ കലയും കായികവും സമാന്തരരേഖകളാണെന്നാണ് പ്രശസ്ത ശില്പകാരനായ മാര്‍ക്കസ് ഗ്രാഫിനെയും ചിത്രകാരന് ഇസ്മായില്‍ ആക്കറിനെയുമൊക്കെപ്പോലെയുള്ളവരുടെ നിലപാട്. അടുത്ത ഒളിംപിക്സില്‍ കല പഴയ ശക്തിയോടെ തിരിച്ചെത്തുമോയെന്ന് കാത്തിരുന്നു കാണാം..
പ്രതികരിക്കാൻ ഇവിടെ എഴുതുക: