ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര അധ്യക്ഷന്‍ അലോക് കുമാര്‍. പ്രധാനമന്ത്രി രാജിവെച്ച് രാജ്യംവിട്ടതിന് പിന്നാലെ ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപക അക്രമം അരങ്ങേറുകയാണ്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാനടപടികളും ഭാരതസര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ അക്രമങ്ങളും വ്യാപിക്കുകയാണ്. സമീപകാലത്ത് ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെയും സിഖുകാരുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും ആരാധനാലയങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവ വ്യാപകമായി അക്രമിക്കപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാത്രി വരെ പഞ്ച്ഗഢ് ജില്ലയില്‍ മാത്രം 22 വീടുകളും ജെനൈദയില്‍ 20 വീടുകളും ജെസ്സോറിലെ 22 കടകളും മതമൗലികവാദികള്‍ അക്രമിച്ചു. ക്ഷേത്രങ്ങള്‍ക്കും ഗുരുദ്വാരകള്‍ക്കും പുറമെ ശ്മശാനങ്ങള്‍ പോലും പലയിടത്തും നശിപ്പിക്കപ്പെട്ടു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷയില്ലാതായിരിക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ അവസ്ഥ ദിനംപ്രതി വഷളാകുന്നു. ഒരു കാലത്ത് ബംഗ്ലാദേശില്‍ 32% ആയിരുന്ന ഹിന്ദുക്കള്‍ ഇപ്പോള്‍ എട്ട് ശതമാനത്തില്‍ താഴെ മാത്രമാണ്. തുടര്‍ച്ചയായ അക്രമങ്ങളും പീഡനങ്ങളുമാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശിലെ സ്ഥിതി ആശങ്കാജനകമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്കും മനുഷ്യാവകാശ സംരക്ഷണത്തിനും ഫലപ്രദമായ നടപടി സ്വീകരിക്കേണ്ടത് ലോകസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഈ സാഹചര്യത്തില്‍ ഭാരതത്തിന് കണ്ണടയ്ക്കാനാകില്ല. ലോകമെമ്പാടുമുള്ള അടിച്ചമര്‍ത്തപ്പെട്ട സമൂഹങ്ങളെ ഭാരതം പരമ്പരാഗതമായി സഹായിച്ചിട്ടുണ്ടെന്നും അലോക് കുമാര്‍ ചൂണ്ടിക്കാട്ടി.
നിലവിലെ സാഹചര്യം മുതലെടുത്ത് അതിര്‍ത്തിയിലൂടെ ഭാരതത്തിലേക്ക് നുഴഞ്ഞുകയറാന്‍ ഒരു വലിയ ശ്രമം നടന്നേക്കാം. നാം അതീവ ജാഗ്രത പുലര്‍ത്തണം. ഏതു തരത്തിലുമുള്ള നുഴഞ്ഞുകയറ്റവും തടയണം. ബംഗ്ലാദേശില്‍ ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കണം. അവിടെയുള്ള ജനങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ബംഗ്ലാദേശിന്റെ തുടര്‍ച്ചയായ സാമ്പത്തിക പുരോഗതിക്ക് ഒരു തടസവും ഉണ്ടാകരുത്. ഭാരതസമൂഹവും സര്‍ക്കാരും ഇക്കാര്യത്തില്‍ ബംഗ്ലാദേശിനെ പിന്തുണയ്ക്കുന്നത് തുടരണമെന്നും അലോക് കുമാര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: