ന്യൂദൽഹി: അയൽരാജ്യത്തെ അശാന്തിയെ തുടർന്ന് ഇന്ത്യയ്‌ക്കും ബംഗ്ലാദേശിനുമിടയിലുള്ള എല്ലാ ട്രെയിൻ സർവീസുകളും അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.
മൈത്രി എക്‌സ്‌പ്രസ്, ബന്ധൻ എക്‌സ്‌പ്രസ്, മിതാലി എക്‌സ്പ്രസ് എന്നിവ ഈ വർഷം ജൂലൈ പകുതിയോടെ അവസാന ട്രിപ്പുകൾ നടത്തിയിരുന്നുവെന്നും ബംഗ്ലാദേശിലെ അക്രമാസക്തമായ പ്രതിഷേധങ്ങൾ കാരണം അതിനുശേഷം റദ്ദാക്കിയതായും റെയിൽവേ മന്ത്രാലയം അറിയിച്ചു.
മൈത്രി എക്‌സ്‌പ്രസും ബന്ധൻ എക്‌സ്‌പ്രസും 2024 ജൂലൈ 19 മുതൽ 2024 ഓഗസ്റ്റ് 6 വരെ റദ്ദാക്കിയതായി അവർ പറഞ്ഞു. എന്നാൽ ബംഗ്ലാദേശിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് റദ്ദാക്കൽ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി അധികൃതർ അറിയിച്ചു. മിതാലി എക്‌സ്പ്രസിന്റെ സർവീസും അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു.
ന്യൂ ജൽപായ്ഗുരി-ധാക്കയ്‌ക്ക് ഇടയിൽ ഓടുന്ന മിതാലി എക്‌സ്‌പ്രസ് 2024 ജൂലൈ 17 ന് ധാക്കയിലേക്ക് പോയി, പക്ഷേ അത് പിന്നീട് തിരിച്ചെത്തിയില്ലെന്ന് കതിഹാറിലെ ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) പറഞ്ഞു.
ഇന്ത്യൻ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 10 കോച്ചുകളാണ് ട്രെയിനിനുള്ളത്, എന്നാൽ ഈ കോച്ചുകൾ ആ പ്രത്യേക ട്രെയിനിൽ മാത്രം ഉപയോഗിച്ചതിനാൽ തങ്ങൾക്ക് ഒരു തരത്തിലുള്ള അസൗകര്യവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിർത്തിയിൽ ട്രെയിനിന്റെ ലോക്കോ മാറ്റിയിരുന്നു. അങ്ങനെ അത് ബംഗ്ലാദേശിൽ പ്രവേശിക്കുമ്പോൾ, നമ്മുടെ ട്രെയിനിന് പകരം അവർ സ്വന്തം എഞ്ചിൻ ട്രെയിനിൽ ഘടിപ്പിക്കുന്നു. മൈത്രി ധാക്കയ്‌ക്കും കൊൽക്കത്തയ്‌ക്കും ഇടയിൽ ഓടുമ്പോൾ ബന്ദൻ എക്സ്പ്രസ് ഖുൽനയ്‌ക്കും കൊൽക്കത്തയ്‌ക്കും ഇടയിലാണ് സർവീസ് നടത്തുന്നത്.
അതേ സമയം ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തിങ്കളാഴ്ച രാജിവെച്ച് രാജ്യം വിട്ടു. വൻ അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ നാടകീയ സംഭവവികാസങ്ങളിൽ ഇടക്കാല സർക്കാർ അധികാരം ഏറ്റെടുക്കുന്നതായി കരസേനാ മേധാവി ജനറൽ വഖാർ-ഉസ്-സമാൻ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: