കൊച്ചി: സംസ്ഥാനത്ത് പശ്ചിമഘട്ടത്തില്‍ ഉള്‍പ്പെട്ട എല്ലാ ജില്ലകളിലും തന്നെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെങ്കിലും തീവ്രത കൂടുതല്‍ ഇടുക്കിയിലും വടക്കന്‍ ജില്ലകളിലും. ഐഐടി ന്യൂദല്‍ഹിയുടെ ഹ്രൈഡോ സെന്‍സ് ലാബില്‍ തയ്യാറാക്കിയ ഡാറ്റയിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയെ നാലായി തരം തിരിച്ച് ഇതിന് വ്യത്യസ്ത കളര്‍ നല്‍കിയാണ് ഇന്ത്യന്‍ ലാന്റ്സ്ളൈഡ് സസ്പെറ്റിബിലിറ്റി മാപ്പ്(ഐഎല്എസ്എം) തയാറാക്കിയിരിക്കുന്നത്.
ആലപ്പുഴ ജില്ലയാണ് മണ്ണിടിച്ചില്‍ ഭീഷണിയില്ലാത്ത ഏക ജില്ല. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളുടെ തീരദേശ മേഖലയൊഴികെയുള്ള മറ്റ് സ്ഥലങ്ങളെല്ലാം ഇതില്‍പ്പെട്ടതാണ്. വയനാട്, ഇടുക്കി ജില്ലകള്‍ ഏതാണ്ട് പൂര്‍ണ്ണമായും തന്നെ ഇതില്‍ ഉള്‍പ്പെടും. മലപ്പുറം ജില്ലയുടെയും പാലക്കാടിന്റെയും മലയോര മേഖലകളിലും വ്യാപകമായി മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്.
ഈ ജില്ലകളുടെ ഇടനാട്ടിലും മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. എറണാകുളം, തൃശൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ മലയോര മേഖലകളും ഇടനാടുകളും മണ്ണിടിച്ചില്‍ ഭീഷണിയില്‍ ഉള്‍പ്പെടുന്നവയാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ തമിഴ്നാടിനോട് ചേര്‍ന്നുള്ള മേഖലകളും ഇടനാട്ടില് ചുരുക്കം ചിലയിടങ്ങളും മണ്ണിടിച്ചില്‍ ഭീഷണിയില്‍ ഉള്‍പ്പെടുന്നവയാണ്. നേരത്തെ തന്നെ പരിസ്ഥിതി ലോല മേഖലകളായി കസ്തൂരി രംഗന്- മാധവ് ഗാഡ്കില്‍ റിപ്പോര്‍ട്ടിലടക്കം പ്രതിപാദിച്ചിട്ടുള്ള മേഖലയാണ് ഇവയെല്ലാം.
ഭൂപ്രകൃതിയിലെ മാറ്റം, ഭൂമിയുടെ ചരിവ്, മണ്ണിന്റെ പ്രത്യേകത, പാറയുടെ പ്രത്യേകത, ലഭിക്കുന്ന മഴ എന്നിവയെല്ലാം ആശ്രയിച്ചാണ് മണ്ണിടിച്ചിലിനുള്ള സാധ്യത മാറുക.
ഡെക്കാന്‍ പീഠഭൂമിക്ക് സമാനമായുള്ള ഭൂപ്രകൃതിയാണ് വയനാട്ടിലുള്ളത്. മലകയറി മുകളിലെത്തിയാല്‍ സമതല പ്രദേശമാണിവിടെ അധികവും. എന്നാല്‍ ഇടുക്കിയിലും പ്രത്യേകിച്ച് മൂന്നാറിലും കുന്നുകളാണ് അധികവും. സമതല പ്രദേശങ്ങള്‍ ഈ മേഖലകളില്‍ കുറവാണ്. ഇത്തരം മേഖലകളില്‍ ചുരുങ്ങിയ സമയം കൊണ്ടെത്തുന്ന മഴ വലിയ നാശം വിതയ്ക്കും.
പശ്ചിമഘട്ടത്തിന്റെ മേഖലയാകെ ഉരുള്‍പൊട്ടല്‍ അല്ലെങ്കില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ള സ്ഥലങ്ങളാണ്. ഇത് തിരുവനന്തപുരം മുതല്‍ ഗുജറാത്ത് വരെ നീണ്ട് കിടക്കുകയാണ്. ഗോവ പൂര്‍ണ്ണമായും കര്‍ണ്ണാടകയുടെ തീരദേശ മേഖലയിലും ഇതില്‍ ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: