മുംബൈ: ഏകദേശം 2686 പോയിന്റ് ഒറ്റദിവസം ഇടിഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി. ഇറാന്-ഇസ്രയേല്‍ യുദ്ധം മധ്യേഷ്യയെ ആകെ ബാധിക്കുന്ന യുദ്ധമാകുമെന്ന ഭീതിയും യുഎസ് സമ്പദ് ഘടന വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതും ആണ് ലോകത്തിലെ മറ്റെല്ലാ ഓഹരിവിപണികളും പോലെ ഇന്ത്യയിലെ ഓഹരി വിപണിയെയും ബാധിച്ചത്. ബംഗ്ലാദേശിലെ കലാപവും ഷേഖ് ഹസീനയുടെ രാജിയും ഓഹരി നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയ മറ്റൊരു ഘടകമാണ്.
ജപ്പാന് ഓഹരി വിപണി 1987ന് ശേഷം ഏറ്റവും വലിയ തകര്‍ച്ചയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. നിക്കെയ് വിപണി 12.4 ശതമാനാണ് ഇടിഞ്ഞത്. കൊറിയയുടെ ഓഹരി വിപണിയായ കോസ്പി ഒമ്പത് ശതമാനവും തകര്‍ന്നു. ഹോങ്കോങ്ങിന്റെ ഓഹരിവിപണിയായ ഹാങ് സാങും ആസ്ത്രേല്യയുടെ ഓഹരി വിപണിയായ എഎസ് എക്സ് 200ഉം തകര്‍ന്നു. തായ് വാന്റെ തായെക്സും എട്ട് ശതമാനത്തോളം തകര്‍ന്നു. അമേരിക്കയുടെ ഡൗ ഫ്യൂച്ചേഴ്സ് ആയിരം പോയിന്റും തകര്‍ന്നു. കറുത്ത തിങ്കളാഴ്ച എന്നാണ് ഓഹരി വിപണിയിലെ വിദഗ്ധര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
ഓഹരിവിപണിയുടെ സാങ്കേതിക ഭാഷയില്‍ പറഞ്ഞാല്‍ കരടികള്‍ പിടിമുറുക്കിയ ദിവസമായിരുന്നു തിങ്കളാഴ്ച. സെന്‍സെക്സ് 80000 എന്ന നിലയെല്ലാം ഉപേക്ഷിച്ച് 78,296 എന്ന നിലയിലേക്ക് വീണു. നിഫ്റ്റിയാകട്ടെ 2686 പോയിന്റ് ഇടിഞ്ഞ് 24000 പോയിന്റിലേക്ക് താഴ്ന്നു. അദാനി ഓഹരികള്‍ എല്ലാം ആറ് ശതമാനത്തോളം ഇടിഞ്ഞു. അദാനി പോര്‍ട്ട് 94 രൂപ കുറഞ്ഞ് 1493 രൂപയില്‍ എത്തി. ഒഎന്‍ജിസി ആറ് ശതമാനം ഇടിഞ്ഞ് 301 രൂപയില്‍ അവസാനിച്ചു. ടാറ്റാമോട്ടോഴ്സ് ഏഴ് ശതമാനം കുറഞ്ഞു. ഹിന്‍ഡാല്‍കോയും അഞ്ച് ശതമാനത്തോളം ഇടിഞ്ഞു.പ്രതിരോധ ഓഹരികളായ എച്ച് എഎല്‍, കൊച്ചിന് ഷിപ് യാര്‍ഡ്, മസഗോണ്‍ ഡോക്ക് എന്നിവ ഇടിഞ്ഞു തകര്‍ന്നു.
ഉപഭോക്തൃഉല്പന്നങ്ങള് വില്‍ക്കുന്ന ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്ലെ, ടാറ്റ കണ്‍സ്യൂമര്‍ എന്നിവ ഉയര്‍ന്നു.
യുഎസ് തൊഴിലില്ലായ്മയും യുദ്ധഭീതിയും
യുഎസിലെ തൊഴിലില്ലായ്മ 4.3 ശതമാനത്തിലേക്ക് ഉയര്‍ന്നു എന്നത് വലിയ ആശങ്കയാണ്. ഇറാന് ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഉറപ്പായതോടെ അമേരിക്ക ഇസ്രയേലിനെ സംരക്ഷിക്കാന്‍ സമുദ്രത്തില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചതോടെ യുദ്ധം മധ്യേഷ്യയെ ബാധിക്കും എന്ന സ്ഥിതി സംജാതമായിരിക്കുകയാണ്. എന്തായാലും വരും ദിവസങ്ങളിലും അന്തരീക്ഷത്തിന് മാറ്റം വന്നില്ലെങ്കില്‍ തകര്‍ച്ച തുടര്‍ക്കഥയായേക്കും. അതേ സമയം വിവിധ നിക്ഷേപസ്ഥാപനങ്ങളുടെ വിദഗ്ധര്‍ ഈ ആശങ്ക താല്‍ക്കാലികമാണെന്ന് വിശദീകരിക്കുന്നു.ഈ തകര്‍ച്ച കൂടുതല്‍ നിക്ഷേപം ഇറക്കാനുള്ള അവസരമായി ഉപയോഗിക്കാന്‍ ആണ് അവര്‍ ഉപദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: