World

ബംഗ്ലാദേശ് ഭരണം സൈന്യത്തിന്റെ നിയന്ത്രണത്തിലേക്ക്; തെരുവുകളിൽ ആഹ്ലാദപ്രകടനം, ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് കരസേനാ മേധാവി

Published by

ധാക്ക: പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതോടെ ബംഗ്ലാദേശില്‍ ഇനി സൈനിക ഭരണം. സൈന്യം ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങാൻ പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ബംഗ്ലാദേശ് കരസേനാ മേധാവി ജനറൽ വക്കർ-ഉസ്-സമാൻ. വിവിധ രാഷ്‌ട്രീയ പാർട്ടികളുമായും പ്രമുഖരുമായും കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ധാക്കയിലെ തെരുവുകളിൽ പതിനായിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയിരിക്കുന്നത്. പ്രക്ഷോഭകാരികളായ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബവും തെരുവില്‍ ആഘോഷം തുടങ്ങിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷെയ്ഖ് ഹസീന ഔദ്യോഗിക വസതി വിട്ടതായാണ് വിവരം. ഹെലികോപ്റ്ററിലാണ് ഷെയ്ഖ് ഹസീന തലസ്ഥാന നഗരമായ ധാക്ക വിട്ടത്. ഷെയ്ഖ് ഹസീനയും സഹോദരിയും ഒരുമിച്ചാണ് രാജ്യം വിട്ടതെന്നാണ് വാര്‍ത്ത ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥി പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്ന് 98 പേർ മരിക്കുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 1971-ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30 ശതമാനം സര്‍ക്കാര്‍ ജോലിയിലെ സംവരണം പുനഃരാരംഭിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ധാക്കയുള്‍പ്പെടെയുള്ള നഗരങ്ങളിലെ നൂറുക്കണക്കിന് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളാണ് തെരുവിലുള്ളത്. ഇതിനിടെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി താൽക്കാലികമായി റദ്ദാക്കിയെങ്കിലും പ്രതിഷേധം തണുപ്പിക്കാൻ സാധിച്ചിരുന്നില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by